'ഉമ്മൻ ചാണ്ടിയുടെ അനന്തരാവകാശി ചാണ്ടി ഉമ്മൻ; മറിയയും അച്ചുവും വന്നാൽ അവരേയും വരവേൽക്കാൻ കോൺഗ്രസ് തയാറാകും' -ചെറിയാൻ ഫിലിപ്പ്

കോട്ടയം: മകൻ ചാണ്ടി ഉമ്മനാണ് ഉമ്മൻ ചാണ്ടിയുടെ അനന്തരാവകാശിയെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ചർച്ചകൾ സജീവമാകുമ്പോഴാണ് ചെറിയാൻ ഫിലിപ്പിന്‍റെ പ്രതികരണം. ജനിച്ച നാള്‍ മുതല്‍ രാഷ്ട്രീയവായു ശ്വസിക്കുകയും കോണ്‍ഗ്രസിന്റെ സംസ്‌ക്കാരവും ഉമ്മന്‍ ചാണ്ടിയുടെ പ്രവര്‍ത്തന രീതിയും മനസ്സിലാക്കുകയും ചെയ്ത ചാണ്ടി ഉമ്മന്‍ സ്വന്തം അധ്വാനവും കഴിവും കൊണ്ടാണ് ദേശീയ -സംസ്ഥാന തലങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവായതെന്ന് അദ്ദേഹം പറഞ്ഞു.

ഉമ്മൻ ചാണ്ടിയുടെ പെൺമക്കളും നല്ല രാഷ്ട്രീയബോധമുള്ളവരാണ്. വനിതകള്‍ക്ക് രാഷ്ട്രീയത്തില്‍ സാധ്യതയേറി വരുന്ന ഇക്കാലത്ത് മറിയയും അച്ചുവും രാഷ്ട്രീയത്തില്‍ വന്നാല്‍ അവരേയും വരവേല്‍ക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും പ്രവര്‍ത്തകരും തയ്യാറാകുമെന്നും ചെറിയാൻ ഫിലിപ്പ് ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

കുറിപ്പിന്‍റെ പൂർണരൂപം:

ഉമ്മൻ ചാണ്ടിയുടെ അനന്തരാവകാശിയാവാൻ എല്ലാ വിധ അർഹതയുമുള്ളത് ചാണ്ടി ഉമ്മനാണ്.

ജനിച്ച നാൾ മുതൽ രാഷ്ട്രീയവായു ശ്വസിക്കുകയും കോൺഗ്രസിന്റെ സംസ്ക്കാരവും ഉമ്മൻ ചാണ്ടിയുടെ പ്രവർത്തന രീതിയും മനസ്സിലാക്കുകയും ചെയ്ത ചാണ്ടി ഉമ്മൻ സ്വന്തം അദ്ധ്വാനവും കഴിവും കൊണ്ടാണ് ദേശീയ -സംസ്ഥാന തലങ്ങളിൽ യൂത്ത് കോൺഗ്രസ് നേതാവായത്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ നഗ്ന പാദനായി അനേക കിലോമീറ്റർ നടന്നയാളാണ്.

ഞാൻ കോൺഗ്രസിലേക്ക് മടങ്ങി വന്നയുടൻ ഉമ്മൻ ചാണ്ടിയുടെ വീട്ടിലെത്തിയപ്പോൾ ആദ്യം അദ്ദേഹത്തോട് സംസാരിച്ചത് ചാണ്ടിയുടെ രാഷ്ട്രീയ ഭാവിയെക്കുറിച്ചാണ്. ഇക്കാര്യം താൻ ആരോടും പറയില്ലെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ ഉറച്ച നിലപാട്. അവിചാരിതമായി അവിടേക്ക് കടന്നുവന്ന എം എം ഹസ്സനും കെ സി ജോസഫും ചർച്ചയിൽ പങ്കാളിയായി. ഒരു വീട്ടിൽ നിന്നും ഒരാൾ മതി എന്ന തന്റെ നിലപാട് ഉമ്മൻ ചാണ്ടി ആവർത്തിച്ചു.

ഉമ്മൻ ചാണ്ടിയുടെ അറിവു കൂടാതെ കെ.സി. വേണുഗോപാൽ മുൻകൈ എടുത്താണ് പിന്നീട് ചാണ്ടി ഉമ്മനെ ഇന്ത്യൻ യൂത്ത് കോൺഗ്രസിന്‍റെ ഔട്ട് റീച്ച് വിഭാഗം ചെയർപെഴ്സൺ ആക്കുന്നത്. 

കോൺഗ്രസിൽ ഒരു തലമുറ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുന്നതിനാൽ സമീപ ഭാവിയിൽ ചാണ്ടി ഉമ്മന് നേതൃത്വനിരയിൽ വലിയ സ്ഥാനം ലഭിക്കുമെന്ന് തീർച്ച.

1999-ൽ അച്ചു ഉമ്മനെ മാർ ഇവാനിയോസ് കോളജ് യൂണിയൻ ചെയർമാൻ ആക്കാനും കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറിയാക്കാനും ഞാനും ശരത്ചന്ദ്രപ്രസാദും കൂടി മുൻ കൈ എടുത്തപ്പോൾ ഉമ്മൻ ചാണ്ടി എതിർക്കുകയാണുണ്ടായത്. വിവാഹ ശേഷം അച്ചു സജീവ രാഷ്ട്രീയത്തിൽ നിന്നും പിന്മാറി.

മൂത്ത മകൾ മറിയ ഉമ്മൻ കുട്ടിക്കാലം മുതൽ നല്ല രാഷ്ട്രീയ ബോധമുള്ളയാളാണ്. മറിയയും അച്ചുവും മലയാളത്തിലും ഇംഗ്ലീഷിലും നല്ല പ്രാസംഗികരായിരുന്നു. ജനിച്ച നാൾ മുതൽ മുന്നു മക്കളോടും അടുപ്പമുണ്ടായിരുന്ന ഞാൻ എന്നും അവരെ പ്രോഝാഹിപ്പിച്ചിരുന്നു. വനിതകൾക്ക് രാഷ്ട്രീയത്തിൽ സാദ്ധ്യതയേറി വരുന്ന ഇക്കാലത്ത് മറിയയും അച്ചുവും രാഷ്ട്രീയത്തിൽ വന്നാൽ അവരേയും വരവേൽക്കാൻ കോൺഗ്രസ് പാർട്ടിയും പ്രവർത്തകരും തയ്യാറാകും.

1976-ൽ മാർ ഇവാനിയോസ് കോളജിൽ യൂണിയൻ തെരഞ്ഞെടുപ്പിൽ കെ.മുരളീധരനെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചപ്പോൾ അന്നത്തെ കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന എന്നെ വിളിച്ചു വരുത്തി കെ.കരുണാകരനും കല്യാണിക്കുട്ടിയമ്മയും വിലക്കുകയാണ് ചെയ്തത്. രാഷ്ട്രീയ തല്പരനായിരുന്ന മുരളി അതിൽ നിരാശനായിരുന്നു.

വർഷങ്ങൾക്കു ശേഷം മുരളീധരനെ ലോക്സഭാ സ്ഥാനാർത്ഥിയാക്കിയതും കെ.പി.സി.സി പ്രസിഡണ്ടാക്കിയതും എ.കെ.ആന്റണിയാണ്. 1998 ൽ പത്മജയെ രാഷ്ട്രീയത്തിൽ കൊണ്ടുവരണമെന്ന് കെ.കരുണാകരനോട് ആവശ്യപ്പെട്ടത് ഞാനാണ്. എന്റെ നിർദ്ദേശം മാനിച്ചാണ് എ.കെ.ആന്റണി പത്മജയെ കെ.ടി.ഡി.സി ചെയർമാനാക്കിയത്.

കെ. കരുണാകരന്റെയും ഉമ്മൻ ചാണ്ടിയുടെയും ജീവിക്കുന്ന സ്മാരകങ്ങളായ മക്കൾക്ക് കേരള ജനതയുടെയും കോൺഗ്രസ് പ്രവർത്തകരുടെ ഹൃദയത്തിൽ എന്നും സ്ഥാനമുണ്ടായിരിക്കും.

Tags:    
News Summary - Cherian Philip facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.