തിരുവനന്തപുരം: പത്മജ വേണുഗോപാലിനും അനിൽ ആന്റണിക്കും എന്നെ പോലെ കോൺഗ്രസിലേക്ക് മടങ്ങിവരേണ്ടിവരുമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. ബി.ജെ.പിയിൽ ചേർന്ന മോഹൻ ശങ്കർ എന്ന കേരളത്തിലെ ആദ്യത്തെ കോൺഗ്രസ് മുഖ്യമന്ത്രി ആർ.ശങ്കറിന്റെ മകനുണ്ടായ തിക്താനുഭവം കരുണാകരന്റെയും ആന്റണിയുടെയും മക്കൾക്കും ഉണ്ടാകുമെന്നും ഫേസ് മുക്കിൽ ചെറിയാൻ കുറിച്ചു.
ഫേസ് ബുക്ക് കുറിപ്പിന്റെ പൂർണ രൂപം
പത്മജ വേണുഗോപാലിനും അനിൽ ആന്റണിക്കും എന്നെ പോലെ കോൺഗ്രസിലേക്ക് മടങ്ങിവരേണ്ടിവരും. ബി.ജെ.പിയിൽ ചേർന്ന മോഹൻ ശങ്കർ എന്ന കേരളത്തിലെ ആദ്യത്തെ കോൺഗ്രസ് മുഖ്യമന്ത്രി ആർ.ശങ്കറിന്റെ മകനുണ്ടായ തിക്താനുഭവം കരുണാകരന്റെയും ആന്റണിയുടെയും മക്കൾക്കും ഉണ്ടാകും. ബി.ജെ.പിയിലേക്ക് വരുന്നവരുടെ കൂടെ നിഴൽ പോലുമില്ലെന്ന് മുതിർന്ന നേതാവ് സി.കെ. പത്മനാഭൻ പരിഹസിച്ചത് അവരുടെ പൊതുവികാരമാണ്.
കോൺഗ്രസ് കുടുംബത്തിലുള്ള സ്നേഹവും ആദരവും പരിഗണനയും മറ്റൊരു പാർട്ടിയിലും ലഭിക്കില്ല. താല്ക്കാലികമായി സ്ഥാനമാനങ്ങൾ നൽകുമെങ്കിലും രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടും. കുറേ നാൾ പ്രദർശന വസ്തുവായി കൊണ്ടു നടന്ന ശേഷം രാഷ്ട്രീയ ഉപയോഗം കഴിഞ്ഞാൽ വലിച്ചെറിയും.
വികാരവിക്ഷോഭത്തിൽ കോൺഗ്രസ് വിട്ട എനിക്ക് രാഷ്ട്രീയ ജീവിതം തന്നെ ഹോമിക്കേണ്ടി വന്നു. തിരിച്ചു വന്നപ്പോൾ കോൺഗ്രസിന്റെ എല്ലാ തലങ്ങളിൽ നിന്നും ലഭിക്കുന്ന സ്നേഹവും വിശ്വാസവും പിന്തുണയും അത്ഭുതകരമാണ്. പഴയ ത്യാഗവും അദ്ധ്വാനവും പാരമ്പര്യവും കോൺഗ്രസിൽ ഇപ്പോഴും എന്റെ മൂലധനമായി കണക്കാക്കുന്നു.
മികച്ച കാലാവസ്ഥയിൽ വളക്കൂറുള്ള മണ്ണിൽ വളരുന്ന ചെടി വേരോടെ പിഴുതെടുത്ത് മറ്റൊരിടത്തു നട്ടാൽ കരിഞ്ഞു പോകുമെന്നതാണ് കോൺഗ്രസ് വിട്ടു പോകുന്നവർക്കുളള ഗുണപാഠം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.