ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, സമാജ്വാദി പാര്‍ട്ടി കടുത്ത പ്രതിസന്ധിയിലേക്ക് എടുത്തെറിയപ്പെട്ടത് യു.പിയുടെ രാഷ്ട്രീയചിത്രം തന്നെ മാറ്റിമറിക്കാന്‍ പര്യാപ്തം. സമാജ്വാദി പാര്‍ട്ടി പിളരുകയും രാഷ്ട്രപതി ഭരണത്തിന് കീഴില്‍ യു.പി തെരഞ്ഞെടുപ്പ് നടക്കുകയും ചെയ്യാവുന്ന സ്ഥിതിയാണ് മുന്നില്‍. എന്നാല്‍, പിതാവും പുത്രനും രണ്ടു വശത്തായി നില്‍ക്കുന്ന കുടുംബവഴക്കില്‍ വീണ്ടുമൊരു ഒത്തുതീര്‍പ്പിന്‍െറ സാധ്യത കാണുന്നവര്‍ ഏറെ.
സമാജ്വാദി പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഒരിക്കലും നേരിടാത്ത പ്രതിസന്ധിയാണ് ഇപ്പോഴത്തേത്. പാര്‍ട്ടി കെട്ടിപ്പടുത്തതുമുതല്‍ ഇക്കാലമത്രയും അവസാനവാക്കായി തുടരുന്നയാളാണ് മുലായം സിങ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പു മുതല്‍ പാര്‍ട്ടിയുടെ അടുത്ത തലമുറ നേതാവെന്നനിലയില്‍ ജനസ്വീകാര്യത നേടി മുഖ്യമന്ത്രിയും നേതാവുമായി വളര്‍ന്നയാളാണ് അഖിലേഷ് സിങ്. ഇവര്‍ വഴിപിരിയുന്നത് സമാജ്വാദി പാര്‍ട്ടിക്കാര്‍ക്ക് താങ്ങാന്‍ കഴിയുന്നതല്ല. ആര്‍ക്കൊപ്പം നില്‍ക്കണമെന്ന വലിയ ചോദ്യമാണ് അവര്‍ക്കുമുന്നില്‍.
ഇപ്പോഴത്തെ പുറത്താക്കല്‍ ഭരണഘടനാ ചോദ്യങ്ങള്‍തന്നെ ഉയര്‍ത്താന്‍ പര്യാപ്തമാണ്. ഒത്തുതീര്‍പ്പിന്‍െറ വാതില്‍ പിതാവോ പുത്രനോ കൊട്ടിയടച്ചാല്‍, പാര്‍ട്ടി പ്രസിഡന്‍റ് എന്ന നിലക്ക് താക്കോല്‍ മുലായം സിങ്ങിന്‍െറ കൈയിലാണ്. മുഖ്യമന്ത്രിയാണെങ്കില്‍ക്കൂടി രാജിവെക്കേണ്ട സ്ഥിതിയിലാണ് അഖിലേഷ്. തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതുകൊണ്ട് രാജിവെക്കാന്‍ അദ്ദേഹത്തിന് മടിക്കേണ്ടതില്ല. എന്നാല്‍, പുതിയ പാര്‍ട്ടിയുണ്ടാക്കി തെരഞ്ഞെടുപ്പിന് ഇറങ്ങേണ്ടിവരും.
തെരഞ്ഞെടുപ്പ് അടുത്തഘട്ടത്തില്‍ അതിനുള്ള സമയം തികച്ചും പരിമിതം. രാജി ഉണ്ടായാല്‍ യു.പി രാഷ്ട്രപതി ഭരണത്തിലേക്ക് നീങ്ങാന്‍ സാധ്യത ഏറെയാണ്. സമാജ്വാദി പാര്‍ട്ടിയുടെ ഭരണനിയന്ത്രണത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനെക്കാള്‍ ബി.ജെ.പി ആഗ്രഹിക്കുന്നത് രാഷ്ട്രപതി ഭരണമായിരിക്കും.
യു.പിയിലെ മറ്റു പ്രധാന പാര്‍ട്ടികളായ ബി.എസ്.പിയെയും അതിലേറെ ബി.ജെ.പിയെയും സന്തോഷിപ്പിക്കുന്ന ഉരുള്‍പൊട്ടലാണ് തെരഞ്ഞെടുപ്പുനേരത്ത് സമാജ്വാദി പാര്‍ട്ടിയില്‍ ഉണ്ടായിരിക്കുന്നത്. സമാജ്വാദി പാര്‍ട്ടിയിലെ വോട്ട് രണ്ടുവഴിക്ക് ചിതറുന്നത് ബി.ജെ.പിക്ക് വലിയ മുതല്‍ക്കൂട്ടാകും. നോട്ടു പ്രശ്നത്തില്‍ ജനത്തിന്‍െറ തിരിച്ചടി ഏറ്റുവാങ്ങുമെന്ന ആശങ്ക ബി.ജെ.പിയെ അലട്ടുന്ന നേരത്താണ് ഭരണകക്ഷി പിളര്‍പ്പിന്‍െറ വക്കിലത്തെിയത്.
സമാജ്വാദി പാര്‍ട്ടിയില്‍ പഴയ പടക്കുതിരകളെയാണ് മുലായം പോറ്റുന്നതെങ്കില്‍, ജനപിന്തുണയില്‍ അഖിലേഷ് ഒട്ടും മോശമല്ല. അതുകൊണ്ടുതന്നെയാണ് അഖിലേഷിനെ മുഖ്യമന്ത്രിയാക്കാന്‍ പാകത്തില്‍ നാലരവര്‍ഷം മുമ്പ് മുലായത്തിന് മാറിനില്‍ക്കേണ്ടിവന്നത്. എങ്കിലും പിന്‍സീറ്റ് ഡ്രൈവിങ് തുടര്‍ന്നതിനാല്‍ വികസന താല്‍പര്യമുള്ള യുവനേതാവിന്‍െറ ഊര്‍ജസ്വലത നിലനിര്‍ത്താന്‍ അഖിലേഷിന് കഴിഞ്ഞില്ല. അഖിലേഷ് നേതാവായി ഇറങ്ങിയാല്‍ മുലായത്തെ വിട്ട് അദ്ദേഹത്തെ ഭൂരിപക്ഷം അനുഭാവികളും പിന്താങ്ങിയെന്നുവരാം. കോണ്‍ഗ്രസ് അഖിലേഷുമായി ഒരു സഖ്യം താല്‍പര്യപ്പെടുന്നുമുണ്ട്.
ഒത്തുതീര്‍പ്പിന്‍െറ പലഘട്ടങ്ങള്‍ കഴിഞ്ഞാണ് ഇപ്പോഴത്തെ പ്രതിസന്ധിയിലേക്ക് സമാജ്വാദി പാര്‍ട്ടി എത്തിയതെന്നതും ശ്രദ്ധേയം. മാസങ്ങള്‍ക്കുമുമ്പ് മാത്രമാണ് പിളര്‍പ്പായി മാറിയേക്കാമായിരുന്ന കുടുംബവഴക്ക് പറഞ്ഞവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.