അണിയറയില്‍ അനുനയനീക്കം; നിലപാട് കടുപ്പിച്ച് എ പക്ഷം

തിരുവനന്തപുരം: ഡി.സി.സി പ്രസിഡന്‍റ് നിയമനത്തോടെ ഇടഞ്ഞുനില്‍ക്കുന്ന എ ഗ്രൂപ്പിന് യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനംനല്‍കി സാന്ത്വനിപ്പിക്കാന്‍ നീക്കം. എന്നാല്‍, ഇക്കാര്യത്തിലെ ഐ പക്ഷത്തിന്‍െറ നിലപാട് പ്രശ്നപരിഹാരത്തിന് വിലങ്ങുതടിയുമാകുന്നു. അതിനിടെ, സംഘടന പ്രവര്‍ത്തനത്തിലെ അപ്രഖ്യാപിത നിസ്സഹരണത്തിന് പിന്നാലെ, ഹൈകമാന്‍ഡിനെതിരെയും എ പക്ഷം തിരിഞ്ഞതോടെ പാര്‍ട്ടിയിലെ പ്രതിസന്ധി മൂര്‍ച്ഛിക്കുകയുമാണ്.

കുറച്ചുകാലമായി തങ്ങളെ ഹൈകമാന്‍ഡ് തഴയുന്നെന്ന വികാരമാണ് എ പക്ഷത്തിനുള്ളത്. ഡി.സി.സി പ്രസിഡന്‍റ് നിയമനത്തോടെ അത് കൂടുതല്‍ ശക്തവുമായി. അതിനാലാണ് പ്രതികരിക്കുക എന്ന നിലയിലേക്ക് അവര്‍ എത്തിയതും. സ്വന്തംശക്തി ബോധ്യപ്പെടുത്തി ഹൈകമാന്‍ഡ് ഇടപെടല്‍ ഉറപ്പുവരുത്താനുള്ള നീക്കത്തിലാണ് ‘എ’ വിഭാഗം. ഇതിന്‍െറ ഭാഗമായി ഡല്‍ഹി ധര്‍ണയില്‍നിന്ന് ഉമ്മന്‍ ചാണ്ടി വിട്ടുനിന്നതിനുപുറമേ, പാര്‍ട്ടിയില്‍ ഇനിയുള്ള ഒരു പുന$സംഘടനയുമായും സഹകരിക്കേണ്ടെന്നും ധാരണയായിട്ടുണ്ട്. എല്ലാഘടകത്തിലും തെരഞ്ഞെടുപ്പെന്ന ആവശ്യമാണ് മുന്നോട്ടുവെക്കുന്നത്. ഇക്കാര്യത്തില്‍ രാഹുലിന്‍െറ ഉറപ്പ് പാലിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

സംഘടന തെരഞ്ഞെടുപ്പിനെ ആരും എതിര്‍ക്കുന്നില്ളെങ്കിലും ഇവിടെ  മാത്രമായി ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാവില്ല. തെരഞ്ഞെടുപ്പ് 2019ലേ നടക്കാനുമിടയുള്ളൂ. ഈ സാഹചര്യത്തിലാണ് പ്രധാനപദവികളൊന്നുമില്ലാത്ത എ പക്ഷത്തിന് യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം നല്‍കി തൃപ്തിപ്പെടുത്താനുള്ള നീക്കം. കെ.പി.സി.സി വൈസ് പ്രസിഡന്‍റ് എം.എം. ഹസന്‍, ബെന്നി ബെഹനാന്‍ എന്നിവരാണ് പരിഗണനയിലുള്ളത്. എന്നാല്‍, ദീര്‍ഘകാലമായി തങ്ങളുടെ കൈയിലുള്ള ഈ പദവി വിട്ടുനല്‍കാന്‍ ഐ പക്ഷം തയാറല്ല. സ്വയംഒഴിയാന്‍ പി.പി. തങ്കച്ചന്‍ താല്‍പര്യം പ്രകടിപ്പിക്കുംവരെ അദ്ദേഹത്തെ തുടരാന്‍ അനുവദിക്കണമെന്നാണ് അവരുടെ വാദം. ഇനി അദ്ദേഹം ഒഴിഞ്ഞാലും പദവി വിട്ടുനല്‍കാന്‍ പറ്റില്ളെന്നും അവര്‍ പറയുന്നു.

കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനം ‘എ’ക്ക്  നല്‍കിയാലും കണ്‍വീനര്‍ തങ്ങള്‍ക്കാവണമെന്ന നിലപാടിലാണ് അവര്‍. കെ. മുരളീധരന്‍, കെ. സുധാകരന്‍ എന്നിവരില്‍നിന്ന് ഒരാളെയാണ് അവര്‍ പരിഗണിക്കുന്നത്. മാത്രമല്ല പുതിയ കെ.പി.സി.സി പ്രസിഡന്‍റിനൊപ്പം മാത്രമേ ഇക്കാര്യം ആലോചിക്കാനാവൂയെന്നും അവര്‍ പറയുന്നു. എന്നാല്‍, ‘ഐ’ നിലപാടിനോട് ഹൈകമാന്‍ഡ് എത്രത്തോളം യോജിക്കുമെന്ന കാര്യത്തില്‍ സംശയമുണ്ട്.

പുതിയ സാഹചര്യത്തില്‍ ഇനി പാര്‍ട്ടി പരിപാടികളില്‍ പഴയ സഹകരണം വേണ്ടെന്ന നിലപാടിലുമാണ് എ പക്ഷം. ഹൈക്കമാന്‍ഡ് തീരുമാനത്തിലെ അതൃപ്തി ഉമ്മന്‍ ചാണ്ടി പരോക്ഷമായി പ്രകടിപ്പിച്ചതിന് പിന്നാലെ മറ്റ്  ഗ്രൂപ് നേതാക്കളും രംഗത്തുവന്നിട്ടുണ്ട്.

തമ്പാനൂര്‍ രവി മിതമായ ഭാഷയിലാണ് പ്രകടിപ്പിച്ചതെങ്കില്‍ ഹൈകമാന്‍ഡിനത്തെന്നെ കുറ്റപ്പെടുത്തി എം.എം. ഹസന്‍ നടത്തിയ പ്രതികരണം ശ്രദ്ധേയമാണ്. ആവശ്യമെങ്കില്‍ തുറന്ന ഏറ്റുമുട്ടലിനും മടിയില്ളെന്ന വ്യക്തമായ സൂചനയാണ് അദ്ദേഹത്തിന്‍െറ വാക്കുകളിലുള്ളത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പലവട്ടം ഉമ്മന്‍ ചാണ്ടിയുമായി അനുനയനീക്കം നടത്തിയെങ്കിലും വിജയിച്ചിട്ടില്ല.

ഇതിനെതുടര്‍ന്ന് ഉമ്മന്‍ ചാണ്ടിയെ വിശ്വാസത്തിലെടുക്കണമെന്ന ആവശ്യം ഹൈകമാന്‍ഡിന്‍െറ മുന്നില്‍ ചെന്നിത്തല അവതരിപ്പിച്ചുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര  ഇടപെടല്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. അതുതന്നെയാണ് എ പക്ഷത്തിന് വേണ്ടതും.

 

Tags:    
News Summary - congres groups

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.