ന്യൂഡൽഹി: കോൺഗ്രസ് ധാരണയെ ചൊല്ലി സി.പി.എം പോളിറ്റ് ബ്യൂറോയിൽ തർക്കം തുടരുന്നു. ജനുവരിയിൽ ചേരുന്ന കേന്ദ്ര കമ്മിറ്റിയിൽ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയം തയാറാക്കാൻ ചേർന്ന പി.ബിയിലാണ് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ അനുകൂലിക്കുന്ന വിഭാഗവും പ്രകാശ് കാരാട്ടിെൻറ നേതൃത്വത്തിലുള്ള നേതാക്കളും വ്യത്യസ്ത നിലപാടുകളിൽ ഉറച്ചുനിന്നത്.
ബി.ജെ.പിയെന്ന മുഖ്യശത്രുവിനെ പരാജയപ്പെടുത്താൻ കോൺഗ്രസും മറ്റ് പ്രാദേശിക കക്ഷികളുമായി സഖ്യം വേണമെന്ന മുൻ നിലപാടിൽ ഇളവ് വരുത്താൻ യെച്ചൂരിപക്ഷം തയാറായി. പ്രാദേശിക രാഷ്ട്രീയ സാഹചര്യങ്ങൾക്ക് അനുസരിച്ച് ധാരണയാവാമെന്ന നിലപാട് സ്വീകരിക്കുകയും അതേസമയം, രാഷ്ട്രീയ സഖ്യം പാടില്ലെന്ന് തീരുമാനിക്കുകയും ചെയ്യാമെന്ന് യെച്ചൂരി പി.ബിയിൽ പറഞ്ഞു.
ഇതിെൻറ അടിസ്ഥാനത്തിൽ കരട് രാഷ്ട്രീയ പ്രമേയം തയാറാക്കാമെന്നായിരുന്നു അദ്ദേഹത്തിെൻറ നിർദേശം. ബംഗാളിൽനിന്നുള്ള നേതാക്കളും ഇതിനെ പിന്തുണച്ചു. എന്നാൽ, കഴിഞ്ഞ പി.ബിയിലും കേന്ദ്ര കമ്മിറ്റിയിലും ഉയർത്തിയ തങ്ങളുടെ വാദമുഖങ്ങൾക്ക് കൂടുതൽ മൂർച്ചവരുത്തി എത്തിയ കാരാട്ട് പക്ഷം, കോൺഗ്രസ് ധാരണക്ക് തടയിടാൻ അമേരിക്കൻ സാമ്രാജ്യത്വത്തോടുള്ള നിലപാടെന്ന പുതിയ ആയുധവും ശനിയാഴ്ച പ്രയോഗിച്ചു. തെരഞ്ഞെടുപ്പിലെ ഒത്തുതീർപ്പുകൾ കൊണ്ടു മാത്രം പരാജയപ്പെടുത്താവുന്നതല്ല വർഗീയതക്കും ബി.ജെ.പിക്കും എതിരായ പോരാട്ടമെന്ന് കേരളത്തിൽനിന്നടക്കമുള്ള നേതാക്കൾ വാദിച്ചു. നവ ഉദാരീകരണ നയങ്ങൾക്ക് എതിരായ പോരാട്ടവുംകൂടി ഒപ്പം വേണമെന്ന് പറഞ്ഞ അവർ അമേരിക്കൻ സാമ്രാജ്യത്വത്തോടുള്ള എതിർപ്പും തുല്യമായി പരിഗണിക്കപ്പെടേണ്ടതാണെന്ന് വ്യക്തമാക്കി.
നവ ഉദാരീകരണ നയങ്ങളിലും അമേരിക്കൻ സാമ്രാജ്യത്വത്തോടുള്ള അനുകൂല നിലപാടിലും കോൺഗ്രസ് തുടർന്ന നയങ്ങളുടെ തുടർച്ചയിലാണ് ബി.ജെ.പിയും മുന്നോട്ടുപോകുന്നത്. അതിൽ മാറ്റം വരുത്താൻ കോൺഗ്രസ് ഉൾപ്പെെടയുള്ള പാർട്ടികൾ തയാറാവാത്തിടത്തോളം ധാരണപോലും പാടില്ല. മുഖ്യ ശത്രുവായ വർഗീയതയെ പരാജയപ്പെടുത്താൻ കോൺഗ്രസ് അടക്കമുള്ള പാർട്ടികളുമായി സഖ്യമോ ധാരണയോ പാടില്ലെന്ന നിലപാടിൽ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലുറച്ച് കാരാട്ട് പക്ഷം നിന്നതോടെ കരട് പ്രമേയം തയാറാക്കൽ വഴിമുട്ടി.
‘നവ ഉദാരീകരണത്തിനും വർഗീയതക്കും എതിരായ പോരാട്ടത്തിൽ യോജിക്കാവുന്ന വരുമായി യോജിക്കും. എന്നാൽ, തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യമോ ധാരണയോ ഉണ്ടാവാൻ പാടില്ല. ബഹുജനസമരം മുന്നോട്ടുകൊണ്ടുപോയി മാത്രമേ ബി.ജെ.പിയെ പരാജയപ്പെടുത്താൻ സാധിക്കൂ. വർഗീയത പറഞ്ഞുകൊണ്ടു മാത്രം അത് സാധിക്കില്ല. വർഗീയതയെ നേരിടുന്നതിൽ കോൺഗ്രസിന് സ്ഥിരതയില്ല’ -ഇതായിരുന്നു കാരാട്ട് പക്ഷത്തിെൻറ പ്രധാന വാദമുഖം. ചർച്ച ഞായറാഴ്ചയും തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.