'ഇ.വി.എം തട്ടിപ്പിനേക്കാൾ വലുതായിരിക്കും ഇത്, ആദ്യമായാണ് ഇങ്ങനെയൊരു അനുഭവം'

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ സമയത്ത് അസി. റിട്ടേണിങ് ഓഫിസറുടെ (എ.ആർ.ഒ) ടേബിളിൽ സ്ഥാനാർഥിയുടെ കൗണ്ടിങ് ഏജന്‍റിനെ അനുവദിക്കുന്നില്ലെന്ന ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ് അജയ് മാക്കൻ. ഏജന്‍റുമാരെ എ.ആർ.ഒ ടേബിളിൽ അനുവദിക്കാത്തത് ഇ.വി.എം തട്ടിപ്പിനേക്കാൾ വലിയ തട്ടിപ്പായിരിക്കുമെന്നും, ആദ്യമായാണ് ഇങ്ങനെയൊരു അനുഭവമെന്നും അജയ് മാക്കൻ എക്സിൽ എഴുതി. ഇതിന് പിന്നാലെ, റിട്ടേണിങ് ഓഫിസർമാരുടെയും അസി. റിട്ടേണിങ് ഓഫിസർമാരുടെയും ടേബിളിൽ കൗണ്ടിങ് ഏജന്‍റുമാരെ അനുവദിക്കുമെന്ന് ഡൽഹി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ വ്യക്തമാക്കി.


'ആദ്യമായാണ് സ്ഥാനാർഥിയുടെ കൗണ്ടിങ് ഏജന്‍റിനെ എ.ആർ.ഒയുടെ ടേബിളിൽ അനുവദിക്കാതിരിക്കുന്നത്. ഒമ്പത് ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഞാൻ മത്സരിച്ചിട്ടുണ്ട്. ആദ്യമായാണ് ഇത്തരമൊരു അനുഭവം. ഇക്കാര്യം ശരിയാണെങ്കിൽ, ഇ.വി.എം തട്ടിപ്പിനേക്കാൾ വലിയ തട്ടിപ്പായിരിക്കും ഇത്. എല്ലാ സ്ഥാനാർഥികളുടെയും ശ്രദ്ധയിൽ ഇക്കാര്യം കൊണ്ടുവരികയാണ്. തെരഞ്ഞെടുപ്പ് കമീഷൻ ഇക്കാര്യത്തിൽ ഒരു വ്യക്തത വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു' -എന്നായിരുന്നു അജയ് മാക്കന്‍റെ ട്വീറ്റ്.


മാക്കന്‍റെ ട്വീറ്റ് ചർച്ചയായതോടെ ഡൽഹി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ഇതിന് മറുപടി നൽകുകയായിരുന്നു. റിട്ടേണിങ് ഓഫിസർമാരുടെയും അസി. റിട്ടേണിങ് ഓഫിസർമാരുടെയും ടേബിളിൽ കൗണ്ടിങ് ഏജന്‍റുമാരെ അനുവദിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ വ്യക്തമാക്കി. ഡൽഹിയിലെ റിട്ടേണിങ് ഓഫിസർ ഈ ആവശ്യം നിഷേധിക്കുകയായിരുന്നെന്ന് മാക്കൻ ചൂണ്ടിക്കാട്ടി. 


Tags:    
News Summary - Congress flags new rule barring counting agents at ARO tables on June 4, EC clarifies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.