തിരുവനന്തപുരം: ദേശീയ എക്സിക്യൂട്ടിവ് അംഗം കെ.ഇ. ഇസ്മയിലിനെതിരെ കൈക്കൊണ്ട നടപടി റിപ്പോർട്ട് ചെയ്യാനായി മേഖല ജനറൽ ബോഡികൾ വിളിക്കാൻ സി.പി.െഎ സംസ്ഥാന എക്സിക്യൂട്ടിവ് യോഗത്തിൽ തീരുമാനം. ചൊവ്വാഴ്ച ചേരുന്ന സംസ്ഥാന കൗൺസിൽ യോഗത്തിലും നടപടി റിപ്പോർട്ട് ചെയ്യും. എക്സിക്യൂട്ടിവ് യോഗത്തിൽ ഇത് റിപ്പോർട്ട് ചെയ്തു.
ഈ മാസം 12ന് കൊല്ലത്ത് തെക്കൻ മേഖല യോഗവും 13ന് കോഴിക്കോട്ട് വടക്കൻ മേഖല യോഗവും 14ന് ആലുവയിൽ മധ്യമേഖല ജനറൽ ബോഡി യോഗവും നടക്കും. ജില്ല കൗൺസിൽ, മണ്ഡലം കമ്മിറ്റി അംഗങ്ങൾ, ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർ എന്നിവർ പങ്കെടുക്കും. മലബാർ മേഖലയിൽ ബ്രാഞ്ച് സെക്രട്ടറിമാരെയും ഉൾപ്പെടുത്താൻ എക്സിക്യൂട്ടിവ് യോഗം തീരുമാനിച്ചു.
കെ.ഇ. ഇസ്മയിലിെനതിരായ റിപ്പോർട്ടിങ്ങിന് പുറമെ സമ്മേളന നടത്തിപ്പ് സംബന്ധിച്ച കാര്യങ്ങളും ജനറൽ ബോഡികൾ ചർച്ച ചെയ്യും. കോൺഗ്രസ് ബന്ധം ഉൾപ്പെടെ പൊതു രാഷ്ട്രീയ കാര്യങ്ങളും റിപ്പോർട്ട് ചെയ്യുമെന്നാണ് വിവരം. സംസ്ഥാന കൗൺസിലിനുശേഷം കീഴ്ഘടകങ്ങളിലെ റിപ്പോർട്ടിങ്ങിലും ഇസ്മയിലിനെതിരായ വിമർശനം ഉൾപ്പെടുത്തും. മൂന്നാറിലേതടക്കം സി.പി.എം-- സി.പി.ഐ പോര് ശക്തമാക്കിയ സമീപകാല വിവാദങ്ങളും കൗൺസിലിൽ ചൂടേറിയ ചർച്ചയായേക്കും. കെ.ഇ. ഇസ്മയിലിനെ അനുകൂലിക്കുന്ന വിഭാഗം എന്ത് നിലപാട് സ്വീകരിക്കുമെന്നതും ശ്രദ്ധേയമാണ്.
ഡിസംബർ 15 മുതൽ ജില്ല സമ്മേളനങ്ങൾ ആരംഭിക്കും. ബ്രാഞ്ച്, ലോക്കൽ, മണ്ഡലം സമ്മേളനങ്ങളുടെ വിലയിരുത്തലും കൗൺസിൽ യോഗത്തിലുണ്ടാകും. സംസ്ഥാന സമ്മേളനത്തിന് വേദിയാകുന്ന മലപ്പുറത്താണ് ആദ്യ ജില്ല സമ്മേളനം നടക്കുക. 15,16 തീയതികളിലാണ് മലപ്പുറം ജില്ല സമ്മേളനം. സംസ്ഥാന സേമ്മളനം, പാർട്ടി കോൺഗ്രസ് എന്നിവയുടെ സംഘാടനം ഉൾപ്പെടെ കാര്യങ്ങളും സംസ്ഥാന കൗൺസിൽ ചർച്ച െചയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.