സി.പി.ഐക്ക് രാഷ്ട്രീയവിജയം

തിരുവനന്തപുരം: ലോ അക്കാദമി ലോ കോളജിലെ വിദ്യാര്‍ഥിസമരം അവസാനിക്കുന്നത്, സര്‍ക്കാറും സി.പി.എമ്മും എസ്.എഫ്.ഐയും അടച്ച സമവായപാത സി.പി.ഐ തുറന്നതോടെ. സമരം സര്‍ക്കാറിനെതിരായ ജനകീയപ്രക്ഷോഭമായി, എല്‍.ഡി.എഫിന്‍െറ കെട്ടുറപ്പിനത്തെന്നെ ഉലക്കുന്ന തരത്തില്‍ വളര്‍ന്നിട്ടും സി.പി.എമ്മിനെ വെല്ലുവിളിച്ച് അവസാനം വരെ സി.പി.ഐ അതില്‍ പങ്കാളിയായി. അതിനാല്‍ത്തന്നെ, സി.പി.ഐയുടെ രാഷ്ട്രീയവിജയം കൂടിയായി സമരം മാറി.

അതേസമയം, രാഷ്ട്രീയപാര്‍ട്ടികള്‍ സമരത്തെ ‘റാഞ്ചാന്‍’ ശ്രമിച്ചപ്പോഴെല്ലാം വഴങ്ങാതെ, പ്രിന്‍സിപ്പലിനെ മാറ്റണമെന്ന പ്രധാന ആവശ്യത്തില്‍ ഉറച്ചുനിന്ന വിദ്യാര്‍ഥിനികളാണ് സമാനതകളില്ലാത്ത ഈ  സമരത്തിലെ യഥാര്‍ഥവിജയികള്‍. വിദ്യാര്‍ഥിതാല്‍പര്യം അവഗണിച്ച്, മാനേജ്മെന്‍റിനുവേണ്ടി എസ്.എഫ്.ഐ മറുകണ്ടം ചാടിയപ്പോഴും സമരക്കാര്‍ക്കൊപ്പം നിന്ന എ.ഐ.എസ്.എഫ്, കെ.എസ്.യു, എ.ബി.വി.പി, എം.എസ്.എഫ് എന്നീ സംഘടനകള്‍ വിദ്യാര്‍ഥിസംഘബോധത്തിന്‍െറ കാവലാളുകളായി മാറി.

ബി.ജെ.പിയും കോണ്‍ഗ്രസും സമരത്തെ രാഷ്ട്രീയവിഷയമാക്കിയെന്നും ആത്മഹത്യശ്രമങ്ങളിലൂടെ പ്രശ്നം കൈവിട്ട് പോകുന്നെന്നുമുള്ള തിരിച്ചറിവിലാണ് സമരം തീര്‍ക്കണമെന്ന തിരിച്ചറിവില്‍ സി.പി.ഐയും സി.പി.എമ്മും എത്തിയത്. ചൊവ്വാഴ്ചതന്നെ ഇതിനുള്ള നീക്കം തുടങ്ങി. കോടിയേരി ബാലകൃഷ്ണനും കാനം രാജേന്ദ്രനും തമ്മിലുള്ള ആശയവിനിമയത്തിന് തുടര്‍ച്ചയായി പന്ന്യന്‍ രവീന്ദ്രന്‍ എ.കെ.ജി സെന്‍ററിലും എത്തി. വിദ്യാര്‍ഥികളുമായും മാനേജ്മെന്‍റുമായും സി.പി.ഐ സമവായനീക്കം ആരംഭിച്ചു. എസ്.എഫ്.ഐയുമായുള്ള ധാരണയിലേതുപോലെ, ലക്ഷ്മി നായര്‍ക്ക് എപ്പോള്‍ വേണമെങ്കിലും തിരിച്ചുവരാവുന്ന സ്ഥിതി ഉണ്ടാകരുതെന്നായിരുന്നു വിദ്യാര്‍ഥികളുടെ ആവശ്യം. ഇക്കാര്യത്തില്‍ മന്ത്രിതലചര്‍ച്ചയും സര്‍ക്കാറിന്‍െറ ഉറപ്പും വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.

എ.ഐ.എസ്.എഫ് നേതൃത്വം കാനം രാജേന്ദ്രനുമായി ചര്‍ച്ച നടത്തി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുമായും അദ്ദേഹം ബന്ധപ്പെട്ടു. വിദ്യാര്‍ഥികള്‍ക്ക് സമ്മതമായ ധാരണക്ക് രമേശും പച്ചക്കൊടി കാട്ടി.  എ.ബി.വി.പിയും പിന്തുണച്ചു. ചര്‍ച്ചനടത്താന്‍ മന്ത്രി വി.എസ്. സുനില്‍കുമാറിനെ സി.പി.ഐ നിയോഗിച്ചു.

കോളജ് ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടിയായ സി.പി.എം സംസ്ഥാനസമിതി അംഗം കോലിയക്കോട് കൃഷ്ണന്‍ നായര്‍ വഴി വിദ്യാര്‍ഥികളുടെ ആവശ്യം അറിയിച്ചു. സി.പി.എം സമ്മര്‍ദം കൂടിയായതോടെ ധാരണക്ക് മാനേജ്മെന്‍റ് വഴങ്ങി. പുതിയ പ്രിന്‍സിപ്പലിനെ ക്ഷണിച്ചുള്ള പരസ്യം ബുധനാഴ്ചത്തെ പത്രത്തില്‍ നല്‍കാമെന്ന് കൃഷ്ണന്‍ നായര്‍ അറിയിച്ചു. തുടര്‍ന്ന് സുനില്‍കുമാര്‍ മുഖ്യമന്ത്രിയുമായും ചര്‍ച്ച നടത്തി. അദ്ദേഹം വിഷയം പരിഹരിക്കാന്‍ സുനില്‍കുമാറിനെയും മന്ത്രി രവീന്ദ്രനാഥിനെയും ചുമതലപ്പെടുത്തുകയും ചെയ്തു.സമരം തീരാന്‍ വാതില്‍തുറന്നതോടെ ‘ആദ്യം കരാറില്‍ എത്തി’ സമരം അവസാനിപ്പിച്ച് പോയ എസ്.എഫ്.ഐക്കും ചര്‍ച്ചയില്‍ പങ്കെടുക്കാമെന്നായി.

ബുധനാഴ്ച രാവിലെ വിദ്യാര്‍ഥികള്‍ മന്ത്രി സുനില്‍കുമാറുമായി കൂടിക്കാഴ്ച നടത്തി.  ഇതിനിടെ വിദ്യാഭ്യാസമന്ത്രി ചര്‍ച്ചക്കും വിളിച്ചു. അതോടെ സമരത്തിന് അവസാനവുമായി.

Tags:    
News Summary - cpi has political win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.