തിരുവനന്തപുരം: പൊലീസ് ലാത്തിച്ചാർജിൽനിന്ന് സംസ്ഥാന സെക്രട്ടറിയുടെ മൗനത്തിലേ ക്ക് വളർന്ന സി.പി.െഎയിലെ വിവാദം വിഭാഗീയതയിലേക്ക് വളരുന്നു. പാർട്ടി എം.എൽ.എക്ക് അടക്കം പരിക്കേറ്റ വിഷയത്തിൽ ആഭ്യന്തരവകുപ്പിനെ വിമർശിക്കാെത സംസ്ഥാന സെക്രട്ടറ ി സി.പി.എമ്മിന് കീഴടങ്ങിയെന്ന ആക്ഷേപമാണ് കാനം രാജേന്ദ്രനെതിരെ ഉയരുന്നത്. കെ.ഇ. ഇസ്മയിൽ തുടങ്ങിവെച്ച വിമർശനം പോസ്റ്റർ ഒട്ടിക്കലിൽവരെ എത്തി. എന്നാൽ, കാനത്തിനെതിരെ ഉയരുന്ന വിമർശനം സി.പി.െഎയുടെ അന്തസ്സ് വീണ്ടെടുക്കുന്നതിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. സംസ്ഥാന സെക്രട്ടറി പദവി കൂടി ലക്ഷ്യംവെച്ചുള്ള നീക്കമാണ് നടക്കുന്നത്. ശക്തനായ കാനത്തെ നേരിടാനാവാതിരുന്ന നേതാക്കൾക്ക് തുറന്നുകിട്ടിയതാണ് ഈ അവസരം. പാർട്ടി സമ്മേളനത്തിൽ കാനത്തെ വെല്ലുവിളിച്ച ജില്ല ഘടകങ്ങൾ, ചില നേതാക്കൾ എന്നിവരെ കേന്ദ്രീകരിച്ചാണ് പുതിയ നീക്കം.
കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, ഇടുക്കി, പാലക്കാട് ജില്ലകളും വിവിധ നേതാക്കളുമാണ് അണിയറയിൽ എന്ന ആക്ഷേപമാണ് കാനം പക്ഷത്തിന്. സംഘടനാസമ്മേളനത്തിൽ പത്തനംതിട്ടയിലും എറണാകുളത്തുമാണ് കാനം പക്ഷം നിർദേശിച്ചവർ പരാജയപ്പെട്ടത്. ഇതിൽ എറണാകുളം ജില്ല നേതൃത്വത്തിെൻറ തീരുമാനമാണ് ഇപ്പോൾ കാനത്തിന് വെല്ലുവിളിയാകുന്നത്. ഒരുകാലത്ത് സി.പി.എം മൃദുസമീപനത്തിന് സി.പി.െഎയിൽ വിമർശനം ഏറ്റുവാങ്ങിയ കെ.ഇ. ഇസ്മയിൽ ഇപ്പോൾ ഉയർത്തിയ വിമർശനം വെറുതെയല്ലെന്ന സംശയം കാനം പക്ഷത്തിനുണ്ട്. വിഭാഗീയത രൂക്ഷമായ കൊല്ലത്ത് പുതിയ ജില്ല സെക്രട്ടറിയായി കാനം നിർദേശിച്ചയാളെ അംഗീകരിക്കാൻ ഇസ്മയിൽപക്ഷ ഭൂരിപക്ഷ ജില്ല കൗൺസിൽ സമ്മതിച്ചിട്ടില്ല. ആലപ്പുഴയിൽ ജില്ല സെക്രട്ടറി ഒഴികെ ഭൂരിപക്ഷവും ഇസ്മയിൽ പക്ഷത്താണ്.
കാനത്തിനെതിരെ നോട്ടീസ് ഒട്ടിച്ച് വെല്ലുവിളി ഉയർത്തിയ ജില്ല കൂടിയാണ് ആലപ്പുഴ. പത്തനംതിട്ടയിൽ കാനത്തിെൻറ വിശ്വസ്തനായ പി. പ്രസാദിനെ പരാജയപ്പെടുത്തിയാണ്എതിർപക്ഷം ജില്ല പിടിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വത്തെ ചൊല്ലി കാനംപക്ഷത്ത് അഭിപ്രായഭിന്നത വെളിവായ തൃശൂരിൽ ഇതിനകം തന്നെ സി.എൻ. ജയദേവനിൽനിന്ന് കാനത്തിെൻറ മൗനത്തിനെതിരായ എതിർപ്പ് വന്നു. നെടുങ്കണ്ടം പൊലീസ് സ്റ്റേഷൻ മാർച്ചുമായി ബന്ധപ്പെട്ട് നേതൃത്വത്തിെൻറ കണ്ണിലെ കരടായ ഇടുക്കി ജില്ല ഘടകത്തിലും കാനം വിരുദ്ധത ആളിക്കത്തുന്നുണ്ട്. ഇതിന് പുറമെയാണ് കാനവുമായി അഭിപ്രായവ്യത്യാസം പുലർത്തുന്ന നേതാക്കളുടെ കരുനീക്കം. ഇപ്പോഴുണ്ടായ പ്രശ്നം കാനത്തിെൻറ പദവിക്ക് വെല്ലുവിളി ഉയർത്താതെ അടങ്ങുമെന്ന് വിമതപക്ഷത്തിന് അറിയാം. പക്ഷേ, അടുത്ത സംസ്ഥാനസമ്മേളനത്തിൽ നേതൃമാറ്റം ഉറപ്പുവരുത്താനുള്ള അടിത്തറ ഒരുക്കലാണ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.