ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി നേരിട്ട് സഖ്യമോ ധാരണയോ പാടില്ലെന്ന മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിെൻറ നിലപാട് പി.ബിയുടെ ഒൗദ്യോഗിക രേഖയായി സി.പി.എം കേന്ദ്ര കമ്മിറ്റിക്ക് (സി.സി)മുന്നിലേക്ക്. എന്നാൽ, പി.ബിയിൽ തോറ്റ സീതാറാം യെച്ചൂരിയുടെയും ബംഗാള്‍ ഘടകത്തിെൻറയും കോൺഗ്രസുമായി സഖ്യമാകാമെന്ന നിലപാട് ‘വിയോജന’ കുറിപ്പായും അവതരിപ്പിക്കപ്പെടും. സമവായ നീക്കങ്ങള്‍ പൊളിഞ്ഞതോടെ സി.സിയില്‍ രണ്ട് രേഖകള്‍ എത്തുമെന്ന് ഉറപ്പായി. കരട് രാഷ്ട്രീയ പ്രമേയത്തിന് അന്തിമ രൂപം നല്‍കാനാണ് ഇന്നു മുതൽ മൂന്നു ദിവസം കൊല്‍ക്കത്തയില്‍ സി.സി ചേരുന്നത്.
വര്‍ഗീയ ഫാഷിസത്തെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് ഉൾപ്പെടെ ബൂര്‍ഷ്വാ പാര്‍ട്ടികളുമായി ധാരണ വേണമെന്നാണ് യെച്ചൂരിയുടെയും ബംഗാള്‍ ഘടകത്തിെൻറയും ആവശ്യം. പരാജയപ്പെടുത്തേണ്ട മുഖ്യശത്രു ആര്.എസ്.എസും ബി.ജെ.പിയുമാണെന്ന കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് നിലപാടില്‍ മാറ്റം ഇല്ലെങ്കിലും കോണ്‍ഗ്രസുമായി നേരിട്ടുള്ള സഖ്യത്തിലോ സീറ്റ് ധാരണയിലോ എത്തുന്നത് പാര്‍ട്ടിയെ രാഷ്ട്രീയമായി ദുര്‍ബലമാക്കുമെന്നും അതിനാല്‍ അത് പാടില്ലെന്നുമാണ് കാരാട്ട് പക്ഷത്തിെൻറയും കേരളം ഉള്‍പെടെ ശക്തമായ സംസ്ഥാന ഘടകങ്ങളുടെയും നിലപാട്. സി.സിക്ക് മുമ്പായി ഇരുപക്ഷത്തിെൻറയും നിലപാടുകളില്‍ അനുരഞ്ജനം ഉണ്ടാക്കാൻ അവൈലബിള്‍ പി.ബി യോഗം പലകുറി ചേര്‍ന്നെങ്കിലും ഇരുപക്ഷവും വിട്ടുവീഴ്ചക്ക് തയ്യാറായില്ല. 16 അംഗ പി.ബിയില്‍ കാരാട്ട് പക്ഷത്തിനൊപ്പമാണ് ഭൂരിപക്ഷം അംഗങ്ങളും. 11 പേര് കോണ്‍ഗ്രസ് ബന്ധം പാടില്ലെന്ന നിലപാട് സ്വീകരിക്കുേമ്പാൾ അഞ്ച് പി.ബിയംഗങ്ങള് മാത്രമാണ് യെച്ചൂരിയെ പിന്തുണക്കുന്നത്. യെച്ചൂരിയെ കോണ്‍ഗ്രസ് പിന്തുണയോടെ രാജ്യസഭയിലേക്ക് അയക്കണമെന്ന ബംഗാള്‍ ഘടകത്തിെൻറ നിലപാട് മുമ്പ് തള്ളിയ കേന്ദ്ര കമ്മിറ്റി ഒരിക്കല്‍ കൂടി കോണ്‍ഗ്രസ് ബന്ധം തള്ളുമെന്ന കണക്ക് കൂട്ടലിലാണ് കാരാട്ട് പക്ഷം. എന്നാല്‍ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ തങ്ങളുടെ നിലപാടിന് സി.സിയില്‍ സ്വീകാര്യത ലഭിക്കുമെന്ന പ്രതീക്ഷയിലാണ് യെച്ചൂരി വിഭാഗം.
പാര്‍ട്ടി ശക്തമായ സംസ്ഥാനങ്ങളില്‍ ഒറ്റക്കോ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെന്ന നിലയിലോ മല്‍സരിക്കുമെന്ന് വ്യക്തമാക്കുന്ന ഒൗദ്യോഗിക രേഖ, ദുര്‍ബലമായ സംസ്ഥാനങ്ങളില്‍ കരുത്തുള്ള സീറ്റുകളില്‍ മല്‍സരിക്കുമെന്നും വ്യക്തമാക്കുന്നു. ബാക്കിയുള്ള സീറ്റുകളില്‍ ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ ശക്തിയുള്ളവരെ സഹായിക്കും. ബൂര്‍ഷ്വാ, ജനാധിപത്യ പ്രാദേശിക കക്ഷികള്‍ ശക്തമായ സംസ്ഥാനങ്ങളില്‍ അവരുമായി തെരഞ്ഞെടുപ്പ് കാലത്ത് സീറ്റ് ധാരണയില്‍ ഏര്‍പ്പെടും. ഈ പാര്‍ട്ടികളുമായി മുന്നണി ബന്ധമോ സഖ്യമോ ഉണ്ടാവില്ല. ഇത്തരത്തില്‍ സി.പി.എം സീറ്റ് ധാരണയില്‍ എത്തുന്ന കക്ഷികള്‍ കോണ്‍ഗ്രസുമായി മുന്നണി ബന്ധത്തില്‍ ഏർപ്പെട്ടാല്‍ എതിര്‍ക്കില്ല. ഈ നിലപാടിലൂടെ കോണ്‍ഗ്രസുമായി അകലം പാലിക്കാനും ബി.ജെ.പിക്ക് എതിരായ വോട്ടുകള്‍ ഭിന്നിക്കുന്നത് തടയാനാവുമെന്നും കാരാട്ട് പക്ഷം പി.ബിയില്‍ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.