ന്യൂഡൽഹി: പാർട്ടി അംഗത്വത്തിൽ കഴിഞ്ഞ മൂന്നുവർഷത്തിനിടെ കുറവ് സംഭവിച്ചതായി സി.പി.എം കരട് രാഷ്ട്രീയ സംഘടന റിപ്പോർട്ട്. വികസന ആവശ്യങ്ങൾക്കും മറ്റും ഭൂമിയേറ്റെടുക്കുേമ്പാൾ കേരളത്തിലെ ഇടതുപക്ഷ സർക്കാർ മതിയായ ശ്രദ്ധപുലർത്തണമെന്ന് കേന്ദ്ര കമ്മിറ്റിയിലെ ചർച്ചയിൽ ഒറ്റപ്പെട്ട അഭിപ്രായവും ഉയർന്നു. കർണാടകയിൽ സി.പി.എം മത്സരിക്കാത്ത സീറ്റുകളിൽ ബി.ജെ.പിയെ പരാജയപ്പെടുത്താൻ കഴിയുന്ന പാർട്ടികൾക്ക് വോട്ട് നൽകാനും തീരുമാനമായി.
ഹൈദരാബാദ് പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കുന്ന രാഷ്ട്രീയ-സംഘടന റിപ്പോർട്ടിലാണ് ദേശീയതലത്തിൽ പാർട്ടിയുടെ അംഗസംഖ്യയിൽ കുറവ് സംഭവിച്ചതായി വ്യക്തമാക്കുന്നത്. വർഗ-ബഹുജന സംഘടനകളിലും അംഗസംഖ്യയിൽ ഇടിവ് സംഭവിച്ചു. കേരളത്തിൽ കുറവുണ്ടായിട്ടില്ല. എന്നാൽ, ബംഗാളിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കുറവ് വ്യക്തമായി. പശ്ചിമബംഗാളിൽ അംഗത്വം പുതുക്കിയ നടപടി പൂർത്തിയാക്കിയപ്പോൾ 20 ശതമാനം കുറവാണ് ഉണ്ടായത്. എന്നാൽ, 2015ലെ കൊൽക്കത്ത പ്ലീന തീരുമാനം അനുസരിച്ച് അംഗത്വം പുതുക്കുന്ന നടപടികൾ കർശനമാക്കിയതിനെ തുടർന്നാണ് ദേശീയ തലത്തിൽതന്നെയുള്ള ഇൗ കുറവുണ്ടായതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പ്ലീനം ആറ് മാർഗ നിർദേശങ്ങളാണ് അംഗത്വം പുതുക്കി നൽകുന്നതിന് നിർദേശിച്ചത്. ഇതുപ്രകാരം അംഗത്വഫീസും ലെവിയും നൽകണം. ബ്രാഞ്ച് യോഗങ്ങളിൽ സ്ഥിരമായി പെങ്കടുക്കണം. പുറമെ പാർട്ടി ക്ലാസുകൾ, രാഷ്ട്രീയ പ്രചാരണങ്ങൾ, പ്രക്ഷോഭ-സമരങ്ങൾ എന്നിവയിൽ പങ്കാളിത്തം വേണം. ബഹുജന സംഘടനകളിൽ സജീവമാകണം. പാർട്ടി പ്രസിദ്ധീകരണങ്ങൾ സ്ഥിരമായി വായിക്കുകയും വരിക്കാരാവുകയും വേണം. ഇവ കർശനമായി പാലിച്ചതോടെയാണ് അംഗസംഖ്യയിൽ കുറവുണ്ടായെതന്നാണ് വിശദീകരണം.
ബംഗാളിൽ അഖിലേന്ത്യ കിസാൻസഭയുടെ അംഗത്വത്തിലും കുറവുണ്ടായി. അവിടെ സി.പി.എം പുതുതായി രൂപവത്കരിച്ച കർഷക സംഘടനയിലേക്ക് 20,000 അംഗങ്ങൾ മാറിയതാണ് ഇതിന് കാരണമെന്ന് പറയുന്നു.
കേരളത്തിലെ കീഴാറ്റൂരിൽ നെൽവയൽ നികത്തി ബൈപാസ് നിർമിക്കുന്നതിനെതിരെ ‘വയൽക്കിളികൾ’ നടത്തുന്ന സമരത്തെക്കുറിച്ചുള്ള ചർച്ചയോ വിശദീകരണമോ യോഗത്തിലുണ്ടായില്ലെങ്കിലും സംസ്ഥാന സർക്കാർ വേണ്ടത്ര ജാഗ്രതപുലർത്തുന്നുേണ്ടായെന്ന സംശയം ഒരംഗം ഉയർത്തി. ഭൂമിയേറ്റെടുക്കുേമ്പാൾ സംസ്ഥാന സർക്കാർ ജാഗ്രതപുലർത്തണമെന്ന് കേരളത്തിന് പുറത്തുള്ള അംഗമാണ് ആവശ്യപ്പെട്ടത്. അതേസമയം, ‘വയൽക്കിളി’ സമരം ബി.ജെ.പിയുടെ മുൻകൈയിലാണ് നടക്കുന്നതെന്ന വിലയിരുത്തലാണ് സംസ്ഥാന ഘടകം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. വിഷയം സംസ്ഥാനത്ത് പരിഹരിക്കുമെന്ന നിലപാടാണ് കേന്ദ്ര നേതൃത്വം പൊതുവെ സ്വീകരിച്ചതെങ്കിലും സമരക്കാരുമായി പാർട്ടിയും സർക്കാറും ചർച്ച നടത്തണമെന്ന് ചില പി.ബി അംഗങ്ങൾക്ക് അഭിപ്രായമുണ്ട്. ഇത് സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായാണ് സൂചന.
കർണാടകയിൽ പാർട്ടി മത്സരിക്കുന്ന സീറ്റുകളിലേക്കുള്ള സ്ഥാനാർഥി പട്ടികക്ക് കേന്ദ്ര കമ്മിറ്റി അംഗീകാരം നൽകി. മഹാരാഷ്ട്രയിൽ നടന്ന ലോങ്മാർച്ച് എല്ലാ വിഭാഗം ജനങ്ങളിൽനിന്നും പിന്തുണ നേടുന്നതിന് ഇടയാക്കി. മാധ്യമങ്ങളുടെ നിർലോഭ പിന്തുണയും ഇതിന് ഒരു ഘടകമായെന്നും രാഷ്ട്രീയ-സംഘടന റിപ്പോർട്ട് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.