ന്യൂഡൽഹി: വർഗീയതയെ പരാജയപ്പെടുത്താൻ കോൺഗ്രസ് ഉൾപ്പെടെ മതേതര പാർട്ടികളുമായി ധാരണ വേണമെന്ന ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാട് തള്ളി സി.പി.എം കേന്ദ്ര കമ്മിറ്റിയിലെ ഭൂരിപക്ഷം. ഹൈദരാബാദിൽ ചേരുന്ന 22ാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയത്തിന് അവസാന രൂപംനൽകാൻ കൊൽക്കത്തയിൽ ചേർന്ന കേന്ദ്ര കമ്മിറ്റിയിൽ രണ്ടാം ദിനം ചർച്ച പൂർത്തിയാവുേമ്പാൾ കോൺഗ്രസുമായി ധാരണപോലും വേണ്ടെന്ന് ഭൂരിപക്ഷം അംഗങ്ങളും ആവശ്യപ്പെട്ടു. ശനിയാഴ്ച അവസാനിച്ച ചർച്ചയിൽ 63 പേരാണ് സംസാരിച്ചത്. ചർച്ചക്കുശേഷം രാത്രിതന്നെ പി.ബി ചേർന്ന് ഞായറാഴ്ച ചേരുന്ന കേന്ദ്ര കമ്മിറ്റിയിൽ ജനറൽ സെക്രട്ടറി നൽകേണ്ട മറുപടി തയാറാക്കി.
മറുപടിക്കുശേഷം ഇന്നത്തെ യോഗമാവും കരട് രാഷ്ട്രീയ പ്രമേയത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുക. ചർച്ച അവസാനിക്കുേമ്പാൾ പ്രകാശ് കാരാട്ട് അവതരിപ്പിച്ച പി.ബിയുടെ ഒൗദ്യോഗിക രേഖക്കാണ് മുൻതൂക്കം. ഇൗ രേഖ മാത്രം പാർട്ടി കോൺഗ്രസിൽ കരട് പ്രമേയമായി അവതരിപ്പിച്ചാൽ മതിയോ ജനറൽ സെക്രട്ടറിയുടെ രേഖകൂടി പരിഗണനക്ക് വിടണമോ എന്നതിൽ രാവിലെ ചേരുന്ന സി.സി അന്തിമ നിലപാട് കൈക്കൊള്ളും. കഴിഞ്ഞ പി.ബിയിലും കാരാട്ട്, കേരള ഘടകങ്ങൾക്കായിരുന്നു ഭൂരിപക്ഷം: 11-5. ഇക്കഴിഞ്ഞ ഒക്ടോബറിൽ ചേർന്ന കേന്ദ്ര കമ്മിറ്റിയും കോൺഗ്രസ് ബന്ധത്തിൽ യെച്ചൂരിയുടെ രേഖ തള്ളിയിരുന്നു.
കോൺഗ്രസുമായി ധാരണയോ സഖ്യമോ പാടില്ലെന്ന പി.ബി നിലപാടിന് അനുസരിച്ച് കരട് പ്രമേയം തയാറാക്കാനും അതേസമയം, സി.സിയിൽ അനുകൂലിച്ചും പ്രതികൂലിച്ചും ഉയർന്ന അഭിപ്രായംകൂടി പരിഗണിക്കണമെന്നുമാണ് അന്ന് നിർദേശിച്ചത്. അതിനുശേഷം അവൈലബ്ൾ പി.ബി പലപ്രാവശ്യം ചേർന്നിട്ടും ഇരുപക്ഷവും വിട്ടുവീഴ്ചക്ക് തയാറായില്ല. തുടർന്നാണ് ഇരു രേഖകളും ചില മാറ്റങ്ങളോടെ വീണ്ടും സി.സിയുടെ മുന്നിലേക്ക് വന്നത്. രണ്ടാം പ്രാവശ്യവും തെൻറ നിലപാടിന് വേണ്ടത്ര പിന്തുണ ലഭിക്കാതെപോകുന്നത് യെച്ചൂരിക്കും ബംഗാൾ ഘടകത്തിനും ഒപ്പംനിന്ന മഹാരാഷ്ട്ര, ഒഡിഷ സംസ്ഥാന ഘടകങ്ങൾക്കും തിരിച്ചടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.