കിളിമാനൂർ: തദ്ദേശതെരഞ്ഞെടുപ്പിെൻറ പ്രാരംഭ ചർച്ചകൾ അണിയറയിൽ പൊടിപൊടിക്കുമ്പോൾ, സ്ഥാനാർഥി നിർണയത്തിൽ യുവാക്കൾക്കും പുതുമുഖങ്ങൾക്കും മുൻഗണന നൽകണമെന്ന സി.പി.എം പാർട്ടി നയരേഖ കിളിമാനൂരിൽ ലംഘിക്കപ്പെടുന്നതായി വിമർശനം.
ഏരിയ, ലോക്കൽ, ബ്രാഞ്ച് കമ്മിറ്റികളിൽ പ്രതിഷേധിച്ചെങ്കിലും മേഖലയിലെ പല പഞ്ചായത്തുകളിലും 'നയരേഖ' നടപ്പിലാക്കാൻ വഴിയല്ലെന്ന് പാർട്ടി പ്രവർത്തകർതന്നെ പറയുന്നു. അതേസമയം, പഞ്ചായത്തിൽ പാർട്ടിക്കുള്ള 13 സീറ്റിൽ 12 ലും പുതുമുഖങ്ങളെ പരീക്ഷിച്ച് സംസ്ഥാനത്തോ ജില്ലക്കകത്തോ മാതൃകയാകാൻ ശ്രമിക്കുകയാണ് പഴയകുന്നുമ്മലിൽ സി.പി.എം.
നിലവിൽ സി.പി.എം നേതൃത്വത്തിലുള്ള പഴയകുന്നുമ്മേൽ പഞ്ചായത്തിൽ ആകെയുള്ള 17 സീറ്റിൽ നാലെണ്ണം സി.പി.ഐക്കാണ്. ബാക്കിയുള്ള14 സീറ്റിൽ ഒരിടത്ത് മുൻ പഞ്ചായത്തംഗമായ സുമം മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായി. മറ്റ് സീറ്റുകൾ യുവാക്കളടക്കം പുതുമുഖങ്ങൾക്ക് നൽകാനാണ് ഏറക്കുറെ തീരുമാനം. നിലവിലെ പ്രസിഡൻറ്, വൈസ് പ്രസിഡൻറ് അടക്കമുള്ളവർക്ക് സീറ്റ് ലഭിക്കാൻ സാധ്യതയില്ല. പാർട്ടി പ്രാദേശിക നേതാക്കളും തെരഞ്ഞെടുപ്പ് രംഗത്തേക്ക് എത്തുമെന്നറിയുന്നു.
അതേസമയം, കിളിമാനൂർ പഞ്ചായത്തിൽ മൂന്ന് മുൻ പഞ്ചായത്ത് പ്രസിഡൻറുമാർ മത്സരരംഗത്തുണ്ടാകുമെന്ന് ഉറപ്പായി. വർഷങ്ങൾക്ക് മുമ്പ് പഞ്ചായത്ത് പ്രസിഡൻറാകുകയും പിന്നെ തെരഞ്ഞെടുപ്പുകളിൽനിന്ന് മാറിനിൽക്കുകയും ചെയ്ത വി. ശ്രീകണ്ഠൻ നായർ 15ാം വാർഡായ വരിഞ്ഞോട്ടുകോണത്തുനിന്ന് മത്സരിക്കാൻ ധാരണയായി. കഴിഞ്ഞ സി.പി.എം ഭരണസമിതിയിൽ പഞ്ചായത്ത് പ്രസിഡൻറായിരുന്ന കെ.ജി. പ്രിൻസ് ഇക്കുറി ആറാം വാർഡിൽനിന്ന് മത്സരിക്കുമെന്ന് ഉറപ്പായി.
സ്വന്തം തട്ടകമായ 13ാംവാർഡ് ആലത്തുകാവിൽനിന്ന് മുൻ പഞ്ചായത്ത് പ്രസിഡൻറ് എ. മുരളീധരനും മത്സരിക്കും. കിളിമാനൂർ പഞ്ചായത്തിലെ ആദ്യഭരണസമിതിയിൽ സ്ഥിരം സമിതി അധ്യക്ഷനും മുൻ കാർഷിക വികസനബാങ്ക് സെക്രട്ടറിയുമായിരുന്ന കെ. വിജയൻ പോങ്ങനാട് വാർഡിൽ മത്സരിക്കാൻ സാധ്യതയുള്ളതായി അറിയുന്നു.
സി.പി.എം ഭരിക്കുന്ന പള്ളിക്കലിൽ പുതിയ സ്ഥാനാർഥികളെ സംബന്ധിച്ച ചർച്ചകൾ തുടരുകയാണ്. പ്രസിഡൻറ് സ്ഥാനം വനിതയാകാൻ സാധ്യതയുള്ള ഇവിടെ നിലവിലെ വൈസ് പ്രസിഡൻറ് എം. ഹസീനയും സി.ഡി.എസ് ചെയർപേഴ്സൺ ഷീബയും മത്സരിക്കുമെന്ന് ഉറപ്പായി. പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകുമെന്ന് സി.പി.എം പ്രാദേശിക നേതൃത്വം പറയുന്ന ഇവിടെ ആറാം വാർഡായ മോളിച്ചന്തയിൽ സ്കൂൾ അധ്യാപകനായ എസ്.എസ്. ബിജുവിനെ മത്സരിപ്പിക്കാൻ ധാരണയായതായി അറിയുന്നു.
അതേസമയം, നിലവിലെ പഞ്ചായത്ത് പ്രസിഡൻറിന് ഇനിയും സീറ്റ് നൽകിയിട്ടില്ല. നിലവിലെ വാർഡ് വനിതയും താമസിക്കുന്ന വാർഡ് പട്ടികജാതി സംവരണവുമായതോടെ ഇദ്ദേഹത്തെ ബ്ലോക്കിലേക്ക് നിർത്താനും പാർട്ടിക്കുള്ളിൽ ചർച്ച നടക്കുന്നതായി അറിയുന്നു. അതേസമയം ഇതേ സീറ്റിലേക്ക് ഒരു തലമുതിർന്ന പാർട്ടി നേതാവ് നോട്ടമിട്ടിരിക്കുന്നത് പ്രാദേശിക ഘടകത്തിന് തലവേദനയാകും.
ഇക്കുറി വനിതാ സീറ്റായ നാവായിക്കുളം ജില്ലാ ഡിവിഷനിലേക്ക് സി.പി.എമ്മിൽ മൂന്ന് പേരുകളാണ് സജീവമായി രംഗത്തുള്ളത്. നിലവിലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീജാ ഷൈജുദേവ്, ബ്ലോക്കിലെതന്നെ സ്ഥിരം സമിതി അധ്യക്ഷ ബേബിസുധ, കിളിമാനൂർ സ്വദേശിയായ അഡ്വ. ശ്രീജ എന്നീ പേരുകളാണ് പറഞ്ഞുകേൾക്കുന്നത്.
മടവൂർ പഞ്ചായത്തിൽ സി.പി.എമ്മിനെ ഇക്കുറി മുന്നിൽനിന്ന് നയിക്കുന്നത് ലോക്കൽ സെക്രട്ടറികൂടിയായ ഷൈജുദേവ് ആകുമെന്ന് ഏറക്കുറെ ഉറപ്പായി. മറ്റ് പഞ്ചായത്തുകളിലെ ചിത്രം വരാനിരിക്കുന്നതേയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.