കൊച്ചി: സി.പി.ഐ എറണാകുളം ജില്ല നേതൃയോഗത്തിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ രൂക്ഷ വിമർശനം. എറണാകുളം ഡി.ഐ.ജി ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ ജില്ല സെക്രട്ടറി, എം.എൽ.എ, സംസ്ഥാന-ജില്ല നേതാക്കൾ തുടങ്ങിയവർക്കടക്കം മർദനമേറ്റപ്പോൾ കാര്യമായ ഇടപെടലുണ്ടായില്ല.
നെറികേടാണ് സംസ്ഥാന നേതൃത്വത്തിെൻറ ഭാഗത്ത് നിന്നുമുണ്ടായത്. സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി കാനം ഫാൻസായി മാറിയെന്നും ജില്ല നേതാക്കൾ വിമർശിച്ചു. ജില്ല കൗൺസിൽ ഒന്നടങ്കമാണ് സംസ്ഥാന നേതൃത്വത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിയത്. മണ്ഡലം സെക്രട്ടറിമാരാണ് ഏറ്റവുമധികം വിമർശനമുന്നയിച്ചത്. എം.എൽ.എയും ജില്ല സെക്രട്ടറിയും നേതാക്കളുമടക്കം ആശുപത്രിയിൽ കിടന്നപ്പോൾ സംസ്ഥാന നേതൃത്വം തിരിഞ്ഞുനോക്കുകപോലും ചെയ്യാതിരുന്നത് അംഗീകരിക്കാനാകില്ല. സംഭവശേഷം കാനം നടത്തിയ പ്രതികരണം സമൂഹത്തിൽ തെറ്റിദ്ധാരണ പരത്തുന്നതായിരുന്നു. ഇപ്പോൾ സമരത്തിനും യോഗങ്ങൾക്കുപോലും പ്രവർത്തകരെ വിളിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും മണ്ഡലം സെക്രട്ടറിമാർ പറഞ്ഞു.
സാധാരണ പ്രവർത്തകർ നേതൃത്വത്തിെൻറ നിലപാടിൽ അസ്വസ്ഥരാണ്. അവരോട് മറുപടി പറയാൻ പറ്റാത്തതിനാൽ യോഗങ്ങൾ വിളിക്കുന്നതിൽനിന്ന് പിൻവാങ്ങേണ്ടി വരുന്നുവെന്നും അവർ പറഞ്ഞു. ഈ മാസം 14ന് വീണ്ടും ജില്ല കൗൺസിലും എക്സിക്യൂട്ടിവും ചേരും. സംഭവം അന്വേഷിക്കാൻ പാർട്ടി നിയോഗിച്ച മൂന്നംഗ കമീഷൻ അന്ന് യോഗത്തിൽ പങ്കെടുക്കും. ഈ അവസരത്തിൽ ജില്ലയിലെ പ്രവർത്തകരുടെയും നേതൃത്വത്തിെൻറയും ശക്തമായ അമർഷം അറിയിക്കാനാണ് നീക്കം.
ഒരാഴ്ചമുമ്പ് ആലുവയിൽ നടന്ന പാർട്ടി നിർവാഹക സമിതി യോഗത്തിലും കാനത്തിനെതിരെ രൂക്ഷ വിമർശനമുണ്ടായിരുന്നു. പാർട്ടി എം.എൽ.എയെ തല്ലിച്ചതച്ച പൊലീസ് നടപടിയോടുള്ള കാനത്തിെൻറ മൃദുസമീപനം തുടക്കംമുതൽ ചർച്ചയായിരുന്നു. വീടുകയറിയല്ല പൊലീസ് ആക്രമിച്ചതെന്നും പ്രതിഷേധിക്കാൻ പോയിട്ടല്ലേ അടിമേടിച്ചത് എന്നുമായിരുന്നു കാനത്തിെൻറ ആദ്യപ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.