ഡി.സി.സി അധ്യക്ഷ നിയമനം: ഐ ഗ്രൂപ് പിടിച്ചുനിന്നു; എ ഗ്രൂപ്പിന് തിരിച്ചടി

തിരുവനന്തപുരം: യുവാക്കള്‍ക്ക് പ്രാമുഖ്യം ലഭിച്ച ഡി.സി.സി അധ്യക്ഷ നിയമനത്തില്‍ സാമുദായികസമവാക്യങ്ങള്‍ പാലിച്ച് കോണ്‍ഗ്രസ് ഐ ഗ്രൂപ് പിടിച്ചുനിന്നപ്പോള്‍ എ ഗ്രൂപ്പിന് കാര്യമായ നേട്ടമുണ്ടായില്ല. ഗ്രൂപ്പുകള്‍ക്ക് അതീതമെന്ന് പറയുമ്പോഴും ഗ്രൂപ്പുകളെ പൂര്‍ണമായി തള്ളിയിട്ടില്ല. എന്നാല്‍, കടുത്ത ഗ്രൂപ്പുകാര്‍ക്ക് അധികം ഇടം കിട്ടിയില്ല. മുമ്പ് ഗ്രൂപ്പുകാരായിരുന്നെങ്കിലും ഇപ്പോള്‍ സുധീരനുമായി അടുപ്പം പുലര്‍ത്തുന്ന, നിഷ്പക്ഷര്‍ക്ക് പട്ടികയില്‍ ഇടംകിട്ടി. ഗ്രൂപ് നേതാക്കളുടെ പട്ടിക വെട്ടിയാണ് പലര്‍ക്കും ഇടംനല്‍കിയത്. വനിതക്കും പട്ടികവിഭാഗത്തിനും ന്യൂനപക്ഷങ്ങള്‍ക്കും പ്രാതിനിധ്യം ലഭിക്കുകയും ചെയ്തു. പ്രതിച്ഛായക്കും പ്രാധാന്യം നല്‍കിയാണ് അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ്.

എ, ഐ ഗ്രൂപ്പുകള്‍ക്ക് തുല്യസ്ഥാനങ്ങളാണ് ഡി.സി.സി അധ്യക്ഷന്മാരുടെ എണ്ണത്തില്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ ഐ ക്ക് എട്ടും എ ഗ്രൂപ്പിന് അഞ്ചും ലഭിച്ചു. എന്നാല്‍, ഗ്രൂപ്പുകാര്‍ അവകാശപ്പെടുന്ന പലരും ഇപ്പോള്‍ അവിടെയില്ളെന്നും ഹൈകമാന്‍ഡ് പരിഗണിച്ച് വന്നവരാണെന്നും അഭിപ്രായമുണ്ട്.
ഏറെനാളിനുശേഷം ഡി.സി.സി തലപ്പത്ത് വരുന്ന വനിത മഹിളാകോണ്‍ഗ്രസ് അധ്യക്ഷ കൂടിയായ ബിന്ദുകൃഷ്ണയാണ്. കൊല്ലത്ത് നേരത്തേ സരസ്വതി കുഞ്ഞുകൃഷ്ണന്‍ അധ്യക്ഷയായശേഷം ആദ്യം. വയനാട്ടില്‍ പ്രസിഡന്‍റാകുന്ന ഐ.സി. ബാലകൃഷ്ണന്‍ പട്ടികയിലെ ഏക സിറ്റിങ് എം.എല്‍.എയാണ്. തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം, കണ്ണൂര്‍ പ്രസിഡന്‍റുമാര്‍ ഗ്രൂപ്പുകളിലുണ്ടെങ്കിലും അവര്‍ സുധീരനുമായി അടുത്തബന്ധം നിലനിര്‍ത്തുന്നവരാണ്. തൃശൂരിലെ ടി.എന്‍. പ്രതാപന്‍ സുധീരപക്ഷക്കാരനാണ്.

തിരുവനന്തപുരത്തെ നെയ്യാറ്റിന്‍കര സനല്‍ ആദ്യം ഐ ഗ്രൂപ്പിലും പിന്നീട് എ ഗ്രൂപ്പിലുമായിരുന്നു. അദ്ദേഹം ഹൈകമാന്‍ഡ് നോമിനിയായാണ് അധ്യക്ഷനാകുന്നതെന്ന വാദമുണ്ട്. ആലപ്പുഴയില്‍ എം. ലിജുവിനെ കൊണ്ടുവരാന്‍ ഐ ഗ്രൂപ് നേതൃത്വത്തിന് താല്‍പര്യമുണ്ടായിരുന്നില്ല. മലപ്പുറത്ത് എ ഗ്രൂപ്പുകാരനാണെങ്കിലും ഇപ്പോള്‍ സുധീരനോട് താല്‍പര്യമുള്ള ആളാണ് പ്രകാശ്. കണ്ണൂരില്‍ സതീശന്‍ പാച്ചേനിയുടെ കാര്യത്തില്‍ എല്ലാ ഗ്രൂപ്പുകളും അവകാശവാദം ഉന്നയിക്കുന്നു. യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു എന്നിവയില്‍ നിന്നിട്ട് നേട്ടമുണ്ടാകാതിരുന്നവരാണ് പട്ടികയില്‍ കൂടുതലും. ടി.എന്‍. പ്രതാപന്‍, ബിന്ദുകൃഷ്ണ, ടി. സിദ്ദീഖ്, എം. ലിജു തുടങ്ങി ചുരുക്കം ചിലരെ ഒഴിവാക്കിയാല്‍ ഇതുവരെ സ്ഥാനം ലഭിക്കാത്തവരാണ് പലരും.

 ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസിന്‍െറയും കൊല്ലത്ത് പി.സി. വിഷ്ണുനാഥിന്‍െറയും പേരുകള്‍ ഉയര്‍ന്നെങ്കിലും അവസാനനിമിഷം പട്ടികയില്‍ വന്നില്ല. തിരുവനന്തപുരത്ത് ഐ ഗ്രൂപ്പിലെ ടി. ശരത്ചന്ദ്രപ്രസാദിന്‍െറ പേരിനോടായിരുന്നു എ, ഐ ഗ്രൂപ്പുകള്‍ക്ക് താല്‍പര്യം. അവസാനഘട്ടത്തില്‍ നെയ്യാറ്റിന്‍കര സനലിന്‍െറ പേര് തീരുമാനിക്കുകയായിരുന്നു. ഇടുക്കിയിലെ ഇബ്രാഹീംകുട്ടി കല്ലാര്‍ പത്മജഗ്രൂപ്പിലാണ്.

Tags:    
News Summary - dcc presidents i group a group lose

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.