മലപ്പുറം: ‘‘നാമനിർദേശ പത്രിക പിൻവലിക്കാൻ വിളിക്കേണ്ടവർ വിളിച്ചിട്ടില്ല, വരേണ്ട വഴിയിലൂടെ അത്തരത്തിലൊരു അഭ്യർഥന വന്നിട്ടുമില്ല. ’’ വേങ്ങര ഉപതെരഞ്ഞെടുപ്പിൽ ലീഗ് വിമതനായി മത്സരിക്കുന്ന എസ്.ടി.യു നേതാവ് അഡ്വ. കെ. ഹംസയുടേതാണ് വാക്കുകൾ. ലീഗ് നേതൃത്വം ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. അതിെൻറ സമയം കഴിഞ്ഞിരിക്കുന്നു. സമീപിച്ചവരൊക്കെ പ്രാദേശിക തലത്തിലുള്ളവരാണ്.
കെ.പി.എ. മജീദ് ഞാനുമായി ചർച്ച നടത്തിയെന്ന വാർത്തയും ശരിയല്ല. നാമനിർദേശ പത്രിക പിൻവലിക്കേണ്ട സാഹചര്യം ഇതുവരെ ഇല്ലെന്നും അതിനാൽ മത്സരരംഗത്തു തുടരുമെന്നും അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു. കെ.പി.സി.സി നേതൃത്വത്തിൽ ചിലർ സമീപിച്ചിരുന്നു. അവരോട് കെ.എൻ.എ. ഖാദറിനെതിരെ മത്സരിക്കാനുണ്ടായ സാഹചര്യങ്ങൾ പറഞ്ഞു.
അവർക്ക് കാര്യങ്ങൾ ബോധ്യമായിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. കെ.എൻ.എ. ഖാദർ അല്ലാത്ത ആരു മത്സരിച്ചാലും ഇത്തരമൊരു പ്രശ്നമുണ്ടാകുമായിരുന്നില്ല. ഖാദറിെൻറ ഡമ്മി സ്ഥാനാർഥിയായി പത്രിക നൽകിയിരുന്ന അബ്ദുൽ ഹഖാണെങ്കിൽ പോലും എതിർപ്പില്ല. മത്സരരംഗത്തു നിന്ന് പിൻമാറണമെന്നാവശ്യപ്പെട്ട് ഇനി ആരും തന്നെ സമീപിക്കാൻ സാധ്യതയില്ല.
1991ൽ കുറ്റിപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്കെതിരെ നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. എന്നാൽ, പിേറ്റ ദിവസം തന്നെ അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ ബന്ധപ്പെടുകയും പിൻവലിക്കുകയും ചെയ്തു.
വ്യക്തിപരമായി എല്ലാവരെയും അറിയുന്ന മണ്ഡലമാണ് വേങ്ങരയെന്നും ഒതുക്കുങ്ങലിലെ കൊളത്തുപറമ്പിലാണ് തറവാട് വീടെന്നും പ്രമുഖരായ കറുമണ്ണിൽ കുടുംബത്തിലെ അംഗമാണെന്നും അഡ്വ. ഹംസ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.