കമ്പിവേലികളുടെ അയോധ്യ; പന്തലിക്കുന്ന തീര്‍ഥാടന ടൂറിസം

ബാബരി മസ്ജിദ് പൊളിച്ച് കെട്ടിപ്പൊക്കിയ താല്‍ക്കാലിക ക്ഷേത്രത്തെ ചുറ്റിപ്പറ്റി തീര്‍ഥാടന ടൂറിസം പന്തലിക്കുന്നു. വര്‍ഷംതോറും കോടികള്‍ ചെലവിടുന്ന കേന്ദ്ര-സംസ്ഥാന സായുധ പൊലീസിന്‍െറ ത്രിതല സുരക്ഷാ സന്നാഹങ്ങളുടെ കമ്പിവേലിക്കെട്ടുകള്‍ക്കിടയിലൂടെ നാലഞ്ചുവട്ടം ദേഹം അരിച്ചുപെറുക്കിയുള്ള പരിശോധനയും കടന്ന് താല്‍ക്കാലിക ക്ഷേത്രത്തിലേക്ക് രാവിലെയും വൈകീട്ടുമുള്ള സന്ദര്‍ശനസമയം നോക്കി എത്തുന്നവരില്‍ ഇതരസംസ്ഥാനക്കാരും ഒരുപാടുണ്ട്.  

പള്ളി പൊളിച്ച സമയത്ത് മേശപ്പുറത്ത് എടുത്തുവെച്ച് മാലയും കോടിയും ചാര്‍ത്തിയ വിഗ്രഹത്തില്‍നിന്ന് 10 മീറ്റര്‍ അകലെനിന്ന് ദര്‍ശനം നടത്തുന്നവര്‍ക്ക് മധുരത്തിന്‍െറ ചെറിയ ഉണ്ടകള്‍ പ്രസാദമായി നല്‍കാന്‍ പൂജാരിയുണ്ട്. പൂജാദ്രവ്യങ്ങള്‍ നല്‍കാന്‍ വിലക്കുണ്ടെങ്കിലും പ്രസാദം നല്‍കുന്ന പൂജാരിക്ക് പ്രതിഫലമെന്നോണം കറന്‍സി താലത്തിലിടാം. ക്ഷേത്രദര്‍ശനത്തിന്‍െറ പതിവു കഴിച്ചത്തെുന്നവരില്‍നിന്ന് പ്രസാദപ്പൊരികള്‍ക്ക് കാത്തുനില്‍ക്കുകയാണ് വാനരപ്പട.  
ടാര്‍പോളിന്‍ കെട്ടിമറച്ച ഈ താല്‍ക്കാലിക നിര്‍മിതിക്കും പടുകൂറ്റന്‍ വേലിക്കും അപ്പുറം പൂജാസാമഗ്രികളും രുദ്രാക്ഷ മാലകളുമൊക്കെ നിറഞ്ഞ വില്‍പന സ്റ്റാളുകളുമുണ്ട്. അയോധ്യയിലെ വഴിയോരമെല്ലാം അങ്ങനെ തന്നെയാണെങ്കിലും താല്‍ക്കാലിക ക്ഷേത്ര പരിസരവും ഇത്തരം സ്റ്റാളുകള്‍ കൈയടക്കി. കര്‍സേവകര്‍ കാല്‍ നൂറ്റാണ്ടുമുമ്പ് ബാബരി മസ്ജിദ് പൊളിച്ചതിന്‍െറയും വെടിവെപ്പിന്‍െറയുമൊക്കെ സീഡികള്‍ പയ്യന്മാര്‍ നടന്നുവില്‍ക്കുന്നു. സന്ദര്‍ശകരെ സ്ഥലമെല്ലാം പരിചയപ്പെടുത്താന്‍ ഗൈഡുകള്‍. ഫലത്തില്‍ അപ്രഖ്യാപിത സ്ഥിരംക്ഷേത്ര പദവി. 

ബാബരി കേസിലെ നിയമപോരാട്ടം അനന്തമായി നീളുമ്പോള്‍തന്നെയാണ് തീര്‍ഥാടക വ്യവസായം വളര്‍ന്നത്. കാല്‍നൂറ്റാണ്ടിനിടയില്‍ പുതിയ ലോഡ്്ജുകളും വിശ്രമ സങ്കേതങ്ങളുമൊക്കെ ഉയര്‍ന്ന് ടൂറിസം വികസിച്ച താല്‍ക്കാലിക ക്ഷേത്രത്തിന്‍െറ ചുറ്റുവട്ടത്തുനിന്ന് മൂന്നു കി.മീറ്റര്‍ അകലെ കര്‍സേവകപുരത്ത് എത്തിയാല്‍ പുതിയ ക്ഷേത്രത്തിനുവേണ്ടിയുള്ള ഭീമാകാരന്‍ കല്ലുകളിലെ കൊത്തുപണികള്‍ തുടരുന്നു. വലിയതോതില്‍ കല്ലും ഇഷ്ടികയും അടുക്കിവെച്ച രാമജന്മഭൂമി ന്യാസിന്‍െറ പണിപ്പുരയില്‍ കല്ലിനോട് മല്ലടിക്കുന്ന ഗുജറാത്തുകാരനായ രജനീകാന്തിന്‍െറ വാക്കുകളില്‍ നിരാശ.

‘‘സുപ്രീംകോടതിയുടെ തീരുമാനം വരാത്തതുകാരണം പണിക്ക് വേഗം പോരാ. നേരത്തെ 50ഓളം പേരുണ്ടായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ 10 പേരാണ് കല്ലില്‍ കൊത്തുപണി നടത്താനുള്ളത്. ഇങ്ങനെ പോയാല്‍ തീരാന്‍ സമയമെടുക്കും’’ -രജനീകാന്ത് പറഞ്ഞു. പരമ്പരാഗത കൊത്തുപണിക്കാരായ രജനീകാന്തിനും മറ്റും ദിവസം 700 രൂപയാണ് വി.എച്ച്.പി നല്‍കുന്ന കൂലി. ക്ഷേത്രനിര്‍മാണം നടക്കാത്ത സ്വപ്നമായി തുടരുകയാണെങ്കിലും അതിന്‍െറ പേരില്‍ കോടികള്‍ സമാഹരിച്ച വിശ്വഹിന്ദു പരിഷത്തിന് പണികളും ശ്രമങ്ങളും തുടരുന്നുവെന്ന് കാണിച്ചേ മതിയാവൂ. 

തെരഞ്ഞെടുപ്പിന്‍െറ ആരവങ്ങള്‍ക്കിടയില്‍ ക്ഷേത്രനിര്‍മാണം വലിയ ചര്‍ച്ചയാക്കുന്നില്ളെങ്കിലും അജണ്ട പൂര്‍ത്തീകരിക്കാന്‍ യു.പിയില്‍ ബി.ജെ.പി അധികാരം പിടിക്കണമെന്ന സന്ദേശമാണ് ബി.ജെ.പി അണികളിലേക്ക് കൈമാറുന്നത്. ബി.ജെ.പി വന്നാലും ഇല്ളെങ്കിലും രാമക്ഷേത്രം ഉയരുക തന്നെ ചെയ്യും. എന്നാല്‍, കേന്ദ്രത്തിനൊപ്പം സംസ്ഥാനത്തും അധികാരം കിട്ടുമ്പോഴാണ് കാര്യങ്ങള്‍ മുന്നോട്ടുനീക്കാന്‍ പറ്റുക. അതോടെ രാജ്യസഭയിലും ഭൂരിപക്ഷം കിട്ടുന്ന സ്ഥിതിവരും. തടസ്സങ്ങള്‍ മാറ്റിയെടുക്കാന്‍ പറ്റും. നോട്ട് അസാധുവാക്കല്‍ വഴിയുള്ള പ്രയാസങ്ങളും മറ്റുമുണ്ടെങ്കിലും മോദിക്ക് കരുത്തുപകരേണ്ടതിന്‍െറ ആവശ്യകത ബോധ്യപ്പെടുത്തുകയാണ് പ്രചാരകര്‍. 

താല്‍ക്കാലിക ക്ഷേത്രത്തിന്‍െറ അടുത്ത പ്രദേശങ്ങളില്‍ മുസ്ലിം കുടുംബങ്ങള്‍ നൂറില്‍താഴെ മാത്രം. എന്നാല്‍, ഫൈസാബാദിന്‍െറ ഒരു ഭാഗംകൂടി ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ മുസ്ലിം വോട്ട് നിര്‍ണായകം തന്നെ. അതുകൂടി കണക്കിലെടുത്താണ് ബി.എസ്.പി ഇക്കുറി ഒരു മുസ്ലിം സ്ഥാനാര്‍ഥിയെ കളത്തിലിറക്കിയിരിക്കുന്നത്. ഇതുവരെയുള്ള തെരഞ്ഞെടുപ്പുകളില്‍ അയോധ്യയില്‍ മുസ്ലിം സമുദായാംഗം മത്സരിച്ചിട്ടില്ല. 

രാമജന്മഭൂമി തര്‍ക്കം വഴി ദേശീയതലത്തില്‍ അധികാരം പിടിച്ച പാര്‍ട്ടിയാണെങ്കിലും അയോധ്യയില്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തിരിച്ചടിയാണ് കിട്ടിയത്. സമാജ്വാദി പാര്‍ട്ടിക്കാരനാണ് സിറ്റിങ് എം.എല്‍.എ. രണ്ടരവര്‍ഷം മുമ്പത്തെ മോദിത്തിര അടങ്ങിയെങ്കിലും ഇക്കുറി സീറ്റ് കൈയടക്കാനുള്ള തീവ്രശ്രമമാണ് ബി.ജെ.പിയുടേത്.   

Tags:    
News Summary - up election ayodhya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.