തലസ്ഥാന ജില്ലയില്‍ സ്ഥാനാര്‍ഥിയില്ലാതെ കോണ്‍ഗ്രസ്

ഏതു വിധേനയും ഉത്തര്‍പ്രദേശില്‍ നില മെച്ചപ്പെടുത്താന്‍ സാധ്യമായ ശ്രമങ്ങളൊക്കെ നടത്തുന്നുണ്ടെങ്കിലും തലസ്ഥാന ജില്ലയായ ലഖ്നോവില്‍ കോണ്‍ഗ്രസിന് ഒരു സ്ഥാനാര്‍ഥി പോലുമില്ല. ലഖ്നോ സെന്‍ററില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുന്ന സ്വന്തം നേതാവ് മഅ്റൂഫ് ഖാനെ പോലും തള്ളിപ്പറഞ്ഞാണ് സംസ്ഥാനത്തെ മറ്റു ഭാഗങ്ങളില്‍ മെച്ചം കിട്ടട്ടെയെന്ന കണക്കുകൂട്ടലില്‍ ഈ ത്യാഗം പാര്‍ട്ടി ചെയ്തത്. മുന്നണിയുണ്ടായിട്ടും തമ്മില്‍ ഏറ്റുമുട്ടുന്ന പത്ത് സ്ഥാനാര്‍ഥികളെ പിന്‍വലിക്കാന്‍ ചൊവ്വാഴ്ചയാണ് കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും തീരുമാനിച്ചത്.

ലഖ്നോ വില്‍ ഒരു സ്ഥാനാര്‍ഥി പോലുമില്ലാതായതോടെ ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസിന്‍െറ പ്രതാപകാലം അനുസ്മരിപ്പിക്കുന്ന മാള്‍ അവന്യുവിലെ നെഹ്റു ഭവനിലെ സജീവത നിലച്ചു. ഓഫിസ് ഉള്‍ക്കൊള്ളുന്ന മണ്ഡലത്തിലടക്കം19ന് തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ അതിന്‍െറ അനുരണനങ്ങളൊന്നും ഓഫിസിലില്ല.  ഇക്കാര്യം പാര്‍ട്ടി ഓഫിസിലുള്ളവരും സാക്ഷ്യപ്പെടുത്തുന്നു. ലഖ്നോവില്‍ തമ്പടിച്ചിരുന്ന കോണ്‍ഗ്രസ് നേതാക്കളെല്ലാം മറ്റു ജില്ലകളിലെ സ്വന്തം സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിനായി പോയിരിക്കുന്നു.

ഒന്നാം ഘട്ടം തെരഞ്ഞെടുപ്പ് നടന്ന അലീഗഢിലും ഇതുപോലെ കോണ്‍ഗ്രസ് -സമാജ്വാദി പാര്‍ട്ടി സൗഹൃദ മത്സരമുണ്ടായിരുന്നു. അവിടെ ഇരുപാര്‍ട്ടികളും തങ്ങളുടെ ഒൗദ്യോഗിക ചിഹ്നത്തില്‍ മത്സരിക്കുന്നവരെ തള്ളിപ്പറഞ്ഞില്ളെന്ന് മാത്രമല്ല, രാഹുലും അഖിലേഷും അടക്കം ഇരുപാര്‍ട്ടികളുടെയും പരമോന്നത നേതാക്കള്‍ സഖ്യ കക്ഷിക്കെതിരെ സ്വന്തം സ്ഥാനാര്‍ഥിക്കായി പ്രചാരണത്തിനിറങ്ങുകയും ചെയ്തു. ഒന്നാം ഘട്ടം തെരഞ്ഞെടുപ്പ് കഴിയുകയും ബി.എസ്.പിയും ബി.ജെ.പിയും ഒരുപോലെ വിജയം അവകാശപ്പെട്ട് രംഗത്തുവരികയും ചെയ്തപ്പോഴാണ് രണ്ടാം ഘട്ടം തെരഞ്ഞെടുപ്പ് നടക്കുന്ന ലഖ്നോ അടക്കമുള്ള പത്ത് മണ്ഡലങ്ങളിലെ പരസ്പര മത്സരത്തില്‍നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ച് ഇരുപാര്‍ട്ടികളും ചൊവ്വാഴ്ച വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്.

ഈ മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ക്ക് ആരാണ് മുന്നണി സ്ഥാനാര്‍ഥിയെന്ന ആശയക്കുഴപ്പമുണ്ടാകുമെന്നും അതൊഴിവാക്കി വോട്ടുകള്‍ ഭിന്നിക്കാതെ ഒരു പെട്ടിയില്‍ വീഴാനാണ് ഇരു പാര്‍ട്ടികളും അഞ്ച് വീതം സ്ഥാനാര്‍ഥികളെ പിന്‍വലിച്ച് പത്ത് മണ്ഡലങ്ങളില്‍ കൂടി യോജിച്ച് പോരാടാന്‍ തീരുമാനിച്ചതെന്നും കോണ്‍ഗ്രസ് നേതാവ് രാജീവ് ശുക്ളയും സമാജ്വാദി പാര്‍ട്ടി നേതാവ് എസ്.ആര്‍.എസ് യാദവും പറഞ്ഞു.

മഹ്രാജ്പൂര്‍ (അരുണ തോമര്‍), കാണ്‍പൂര്‍ കന്‍േറാണ്‍മെന്‍റ് (മുഹമ്മദ് ഹസന്‍ റൂമി), കോറോണ്‍ (രാംദേവ് കോറോണ്‍), ബാര (അജയ് കുമാര്‍ അമൃത്ലാല്‍), മഹറോണി (രമേശ് കുമാര്‍) എന്നിവരെയാണ് സമാജ്വാദി പാര്‍ട്ടി പിന്‍വലിച്ചത്. ലഖ്നോ സെന്‍ട്രല്‍ (മഅ്റൂഫ് ഖാന്‍), അഭിമന്യു സിങ് (ബിണ്ട്കി), സോറോണ്‍ (ജവഹര്‍ലാല്‍ ദിവാകര്‍), പായഗ്പൂര്‍ (ഭഗത് റാം മിശ്ര), ഛാന്‍ബെ (ഭഗോതി ചൗധരി) എന്നിവിടങ്ങളില്‍ സ്ഥാനാര്‍ഥികളെ പിന്‍വലിച്ചതായി കോണ്‍ഗ്രസും പ്രഖ്യാപിച്ചു. എന്നാല്‍, കോണ്‍ഗ്രസിന്‍െറ ഒൗദ്യോഗിക പ്രഖ്യാപനത്തിന ്പിറകെ പ്രസ്താവനയിറക്കിയ ലഖ്നോ സെന്‍ട്രലിലെ മഅ്റൂഫ് ഖാന്‍ താന്‍ കൈപ്പത്തി ചിഹ്നത്തില്‍തന്നെ മത്സരിക്കുമെന്ന് വ്യക്തമാക്കി.

നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞ് നടത്തിയ പ്രഖ്യാപനത്തിനുശേഷവും വോട്ടിങ് മെഷീനില്‍ സ്ഥാനാര്‍ഥികളും ചിഹ്നങ്ങളുമുണ്ടാകുമെന്നതിനാല്‍ വോട്ടര്‍മാര്‍ക്കുണ്ടാകാവുന്ന ആശയക്കുഴപ്പം പൂര്‍ണമായും മാറില്ല.

പിന്‍വലിച്ചതറിയാതെ പലരും ഈ സ്ഥാനാര്‍ഥികള്‍ക്ക് വോട്ടുചെയ്യും. ഈ സാഹചര്യം മുതലെടുക്കാനാണ് മഅ്റൂഫ് ഖാന്‍െറ ശ്രമം. ലഖ്നോ ജില്ലയില്‍ പാര്‍ട്ടി ഒരു മണ്ഡലത്തില്‍പോലും മത്സരിക്കുന്നില്ളെന്ന ആക്ഷേപമൊഴിവാക്കാന്‍ തന്‍െറ മത്സരം സഹായിക്കുമെന്നാണ് മഅ്റൂഫിന്‍െറ വാദം.

 

Tags:    
News Summary - up election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.