ബി.ജെ.പി കടുത്ത പരീക്ഷണം നേരിടുന്ന കിഴക്കൻ യു.പിയിലെ മത്സര ഘട്ടങ്ങളിലേക്ക് ലോക്സഭ തെരഞ്ഞെടുപ്പ് കടന്നപ്പോൾ പ്രതിപക്ഷ പാർട്ടികൾ പ്രധാന എതിരാളിയെ നേരിടുന്നതിനെക്കാൾ വാശിയിൽ പരസ്പര വാക്പോരിൽ. ബി.എസ്.പിയും സമാജ്വാദി പാർട്ടിയും രാഷ്ട്രീയ ലോക്ദളും ഉൾപ്പെട്ട മഹാസഖ്യത്തിെൻറ സ്ഥാനാർഥികളുടെ വോട്ടു ഭിന്നിപ്പിച്ച് ബി.ജെ.പിയെ സഹായിക്കുകയാണ് കോൺഗ്രസെന്ന് മഹാസഖ്യ നേതാക്കളായ മായാവതിയും അഖിലേഷും ആരോപണം ഉന്നയിച്ചു. ബി.ജെ.പിയെ സഹായിക്കുന്നതിനെക്കാൾ ഭേദം മരണമാണെന്ന കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ മറുപടി അവരെ സമാധാനിപ്പിക്കുന്നില്ല.
മായാവതിയുടെ വോട്ടു ബാങ്ക് ബി.ജെ.പിയുടെ ശക്തമായ പണസ്വാധീന സമ്മർദ വലയത്തിലാണെന്ന സൂചനകൾക്കിടയിലാണ് പ്രതിപക്ഷ പാർട്ടികൾ പരസ്പരം പോരടിക്കുന്നത്. 80 സീറ്റുള്ള യു.പിയിൽ കഴിഞ്ഞ തവണ 71 സീറ്റു പിടിച്ച ബി.ജെപിയെ ഏറ്റവും വലിയ തിരിച്ചടിയാണ് ഇവിടെ കാത്തിരിക്കുന്നതെന്നാണ് പൊതുവെ വിലയിരുത്തൽ. അതിനിടെയാണ് പണസ്വാധീനത്തിെൻറയും പരസ്പര ഏറ്റുമുട്ടലിെൻറയും കാഴ്ചകൾ.
മഹാസഖ്യം സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മുന്നോട്ടുപോയ ശേഷം, ബി.ജെ.പിയെ പരാജയപ്പെടുത്തുന്നതിനെക്കാൾ വ്യഗ്രതയോടെ സഖ്യത്തിെൻറ വോട്ടു ചോർത്താൻ പറ്റിയ സ്ഥാനാർഥികളെയാണ് കോൺഗ്രസ് കളത്തിലിറക്കിയതെന്നാണ് മായാവതിയും അഖിലേഷും കുറ്റപ്പെടുത്തുന്നത്. കോൺഗ്രസ് സ്ഥാനാർഥികൾക്ക് വോട്ടു കൊടുക്കരുതെന്നും ഇരുവരും അഭ്യർഥിക്കുന്നു. സ്വന്തംനിലക്ക് മത്സരിക്കാൻ കോൺഗ്രസ് നിർബന്ധിതമായ സാഹചര്യമാണ് ഇതിനു മറുപടിയായി പ്രിയങ്ക ഗാന്ധി അടക്കമുള്ളവർ ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞ ദിവസത്തെ തെരഞ്ഞെടുപ്പു പ്രചാരണ യോഗത്തിൽ രാഹുൽ ഗാന്ധി ഇതിനെക്കാൾ മൂർച്ചയുള്ള വാക്കുകളാണ് ബി.എസ്.പിക്കും എസ്.പിക്കുമെതിരെ പ്രയോഗിച്ചത്. അഞ്ചു വർഷത്തിനിടയിൽ ഇൗ രണ്ടു പാർട്ടികളും പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ടു കുറ്റപ്പെടുത്താൻ തയാറായിട്ടുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. തനിക്ക് മോദിയെ പേടിയില്ല. എന്നാൽ, ബി.ജെ.പിയോടുള്ള ബന്ധത്തിെൻറ കാര്യത്തിൽ സമാജ്വാദി പാർട്ടിക്കും ബി.എസ്.പിക്കും ഒരു ചരിത്രമുണ്ട്. രണ്ടു പാർട്ടികളുടെയും റിമോട്ട് കൺട്രോൾ മോദിയുടെ പക്കലാണെന്നും രാഹുൽ കുറ്റപ്പെടുത്തി. യു.പിയിലെ ഏറ്റുമുട്ടലിെൻറ പ്രകോപിത പ്രതിഫലനങ്ങൾ മധ്യപ്രദേശിലും തെളിയുന്നു.
മധ്യപ്രദേശിലെ ഗുണയിൽ കോൺഗ്രസിെൻറ ജ്യോതിരാദിത്യ സിന്ധ്യക്കെതിരെ ബി.എസ്.പി നിർത്തിയ സ്ഥാനാർഥി ലോകേന്ദ്ര സിങ് രാജ്പുത് കഴിഞ്ഞ ദിവസം പത്രിക പിൻവലിച്ച് കോൺഗ്രസിൽ ചേർന്നു. കൂറുമാറ്റ ചരിത്രം കോൺഗ്രസിൽ നിന്നാണ് ബി.ജെ.പി പഠിച്ചതെന്ന് ഇതിനോടു പ്രതികരിച്ച മായാവതി, ഏറെ കളിച്ചാൽ മധ്യപ്രദേശിലെ കമൽനാഥ് മന്ത്രിസഭക്കുള്ള പിന്തുണ പിൻവലിക്കുമെന്ന് ഭീഷണി മുഴക്കിയിരിക്കുകയാണ്.
കേവല ഭൂരിപക്ഷത്തിെൻറ വക്കു തൊട്ടു നിൽക്കാൻ മാത്രം അംഗബലമുള്ള കമൽനാഥ് സർക്കാറിനെ താങ്ങി നിർത്തുന്നവരിൽ രണ്ട് ബി.എസ്.പി എം.പിമാരുണ്ട്. ഒരു എസ്.പി എം.എൽ.എയും നാലു സ്വതന്ത്രരുമുണ്ട്. യു.പിയിലെ സഖ്യസാഹചര്യങ്ങൾക്കിടയിൽ, മായാവതി കോൺഗ്രസ് മന്ത്രിസഭക്കുള്ള പിന്തുണ പിൻവലിച്ചാൽ സമാജ്വാദി പാർട്ടിയും അതു തന്നെ ചെയ്യും.
മഹാസഖ്യവും കോൺഗ്രസുമായി തെരഞ്ഞെടുപ്പു തുടങ്ങിയതു മുതൽ അകൽച്ചയുണ്ട്. അത് തുറന്ന യുദ്ധമായി മാറുന്നത് കിഴക്കൻ യു.പിയിൽ വിയർപ്പൊഴുക്കുന്ന ബി.ജെ.പിയെ സന്തോഷിപ്പിക്കുന്നു. ബി.ജെ.പിയിലെ പടലപ്പിണക്കങ്ങളും സവർണ രോഷവും വേണ്ടത്ര മുതലാക്കാൻ പ്രതിപക്ഷത്തിന് സാധിക്കുന്നില്ല.
മോദിക്കെതിരെ വാരാണസിയിൽ പൊതു സ്ഥാനാർഥിയെ നിർത്തുന്നതിലും പ്രതിപക്ഷത്തിന് യോജിപ്പിെൻറ സാധ്യത കണ്ടെത്താൻ കഴിയാതെ പോയിരുന്നു. ബി.എസ്.എഫിൽ നിന്ന് പുറത്താക്കപ്പെട്ട തേജ്ബഹാദൂറിന് സമാജ്വാദി പാർട്ടി ടിക്കറ്റ് നൽകിയെങ്കിലും, ആ സ്ഥാനാർഥിത്വം തള്ളിപ്പോയതോടെ പ്രതിപക്ഷം വാരാണസിയിൽ വീണ്ടും ദുർബലമായി മാറുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.