തിരുവനന്തപുരം: ലൈംഗിക ആരോപണം നേരിടുന്ന പി.കെ. ശശി എം.എൽ.എക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാകവെ രക്ഷാകവചം ഒരുക്കി സി.പി.എം മന്ത്രി മുതൽ വനിത കമീഷൻ അധ്യക്ഷവരെ രംഗത്ത്. പരാതി സ്ഥിരീകരിച്ച സി.പി.എം നേതൃത്വം അത് പൊലീസിന് കൈമാറണമെന്നും വനിത കമീഷൻ സ്വമേധയാ കേസ് എടുക്കണമെന്നുമാണ് പൊതുവെ ഉയർന്ന ആവശ്യം. പ്രതിപക്ഷ കക്ഷികളും പൊതുസമൂഹവും ഇൗ ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു.
എന്നാൽ, ഇതിനോട് വിചിത്രമായാണ് മന്ത്രിസഭയിലെ രണ്ടാമനായ ഇ.പി. ജയരാജനും വനിത കമീഷൻ അധ്യക്ഷ എം.സി. ജോസഫൈനും പ്രതികരിച്ചത്. ‘പരാതിയെ കുറിച്ച് പരാതിക്കാരിയായ കുട്ടിയോട് ചോദിക്കണ’മെന്നായിരുന്നു മന്ത്രി പ്രതികരിച്ചത്. ഒരുപടി കടന്ന്, ‘മനുഷ്യരാണല്ലോ; പല തെറ്റുകളും പറ്റുന്നുണ്ട്’ എന്നായിരുന്നു േജാസഫൈൻ പറഞ്ഞത്.
‘‘വനിത കമീഷന് ആരോപണ പരാതി കിട്ടിയിട്ടില്ല. മാർക്സിസ്റ്റ് പാർട്ടിക്ക് പരാതി കിട്ടിയിട്ടുണ്ടെങ്കിൽ ആ രീതിയിൽ തീരുമാനം ഉണ്ടാവും. പാർട്ടിയും വനിത കമീഷനും രണ്ടാണ്. ഇൗ കാര്യത്തിൽ വനിത കമീഷന് സ്വമേധയാ കേസെടുക്കാൻ പറ്റില്ല. ഇര പൊതുജനങ്ങളോട് വന്ന് ഞാൻ ഇന്ന വിധത്തിൽ ആക്രമിക്കപ്പെട്ടു എന്ന് പറയുേമ്പാഴാണ് സാധാരണ കേസ് എടുക്കുന്നത്.
മറ്റ് വിധത്തിൽ അത് പുറത്തുകൊണ്ടുവരാൻ അവർ ശ്രമിച്ചാലും കമീഷൻ സ്വമേധയാ കേസെടുക്കും. ഇനിയും യുവതി പരാതി തന്നാൽ ഉള്ളടക്കം പരിശോധിച്ച് നടപടി സ്വീകരിക്കും. പരാതി സി.പി.എം നേതൃത്വം പൊലീസിന് കൈമാറാത്തത് പാർട്ടിയുടെ കാര്യം. മാർക്സിസ്റ്റ് പാർട്ടിക്ക് അവരുടേതായ നടപടിക്രമം ഉണ്ട്’’ -ജോസഫൈൻ ന്യായീകരിച്ചു.
ഇതിന് അപവാദം വി.എസ്. അച്യുതാനന്ദൻ മാത്രമായിരുന്നു. ‘തെറ്റുകാരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കാൻ വേണ്ടതെല്ലാം ചെയ്യും’ എന്ന് അദ്ദേഹം പറഞ്ഞു.
പാലക്കാെട്ട ശക്തനായ എം.എൽ.എയെ സംരക്ഷിക്കാൻ നേതാക്കൾ അരയും തലയും മുറുക്കി രംഗത്ത് വന്നതിനിടെ; മറ്റൊരു ലൈംഗിക അതിക്രമ ആരോപണത്തിന് വിധേയനായ തൃശൂരിലെ ഡി.വൈ.എഫ്.െഎ പ്രാദേശിക നേതാവിനെതിരെ അച്ചടക്ക നടപടി എടുത്ത് രംഗം തണുപ്പിക്കാനും ശ്രമം നടത്തി.
‘പല തെറ്റും പറ്റും’-എം.സി. ജോസഫൈൻ
ഇതൊരു പുതുമയുള്ള കാര്യമല്ല. പാർട്ടിയുണ്ടായ കാലം മുതൽ ഇതുപോലുള്ള പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. മനുഷ്യരാണല്ലോ, പല തെറ്റുകളും പറ്റുന്നുണ്ട്. ആ തെറ്റുകൾ ചിലപ്പോൾ പാർട്ടിക്ക് അകത്തുള്ളവർക്കും പറ്റുന്നു. അത്തരം സന്ദർഭത്തിൽ പാർട്ടിയുടേതായ നടപടിക്രമം ഉണ്ട്. യുവതിക്ക് പൊലീസിന് പരാതി കൊടുക്കാമല്ലോ. എനിക്ക് പരാതി കിട്ടിയാൽ എന്താണോ നടപടിക്രമം, അതനുസരിച്ച് നടപടി സ്വീകരിച്ചിരിക്കും.’
‘ഞാനെന്ത് പറയാൻ’-ഇ.പി. ജയരാജൻ
‘പെൺകുട്ടി എം.എൽ.എക്കെതിരെ കത്തിൽ പറഞ്ഞത് എന്താണെന്ന് ആ കുട്ടിയോട് പോയി ചോദിക്കണം. ആ കുട്ടി എഴുതിയ കത്തിനെ കുറിച്ച് ഞാൻ എന്ത് പറയാൻ. പാർട്ടി അന്വേഷിക്കുന്നത് പാർട്ടിയുടെ കാര്യം. ഞാൻ സർക്കാറിെൻറ കാര്യമാണ് പറയുന്നത്. പാർട്ടിക്കാര്യം നിങ്ങൾ പോയി പാർട്ടി സെക്രട്ടറിയോട് ചോദിക്കൂ. എം.എൽ.എ, മന്ത്രിയെന്ന നിലയിൽ എെൻറ മുന്നിൽ അത്തരമൊരു പ്രശ്നം ഇപ്പോഴില്ല.’
‘വേണ്ടതെല്ലാം ചെയ്യും’-വി.എസ്. അച്യുതാനന്ദൻ
‘പി.കെ. ശശിക്കെതിരായ പരാതിയിൽ യുക്തമായ നിലയിൽ തെറ്റുകാരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കാൻ വേണ്ടതെല്ലാം ചെയ്യും. സ്ത്രീകളുടെ വിഷയം ആയതിനാൽ ശരിയായി പഠിച്ചശേഷം മാത്രമേ കാര്യങ്ങൾ കൈകാര്യം ചെയ്യാനാവൂ. പരാതി കിട്ടിയ തീയതിയും മാധ്യമങ്ങൾ പറയുന്ന കാര്യങ്ങളും തമ്മിൽ പൊരുത്തക്കേടുണ്ടോയെന്ന് പരിശോധിച്ച് ശരിയായ നിലയിൽ തന്നെ കൈകാര്യം ചെയ്യും.’
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.