ന്യൂഡല്‍ഹി: സമാജ്വാദി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ യു.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ രൂപംകൊള്ളുന്ന മഹാസഖ്യം സീറ്റു പങ്കിടല്‍ ചര്‍ച്ചകളില്‍. കോണ്‍ഗ്രസിനു പുറമെ അജിത് സിങ്ങിന്‍െറ രാഷ്ട്രീയ ലോക്ദള്‍, ജനതാദള്‍-യു, ആര്‍.ജെ.ഡി എന്നിവയും സഖ്യത്തിന്‍െറ ഭാഗമാകും. ഇതോടെ, നേരത്തേ മത്സരിക്കാന്‍ ഉറപ്പിച്ച സീറ്റെണ്ണത്തിലും ജയസാധ്യതയുള്ള ചില മണ്ഡലങ്ങളുടെ കാര്യത്തിലും വിട്ടുവീഴ്ചകള്‍ വേണ്ടിവരും.
കോണ്‍ഗ്രസുമായുള്ള സഖ്യം മിക്കവാറും നടന്നുകഴിഞ്ഞ ബന്ധമാണെന്ന് മുഖ്യമന്ത്രി അഖിലേഷ് യാദവ് പറഞ്ഞു. ബി.ജെ.പിക്കെതിരെ 403ല്‍ 300 സീറ്റിന്‍െറ ജയം നേടാന്‍ സഖ്യത്തിനു സാധിക്കുമെന്നും അദ്ദേഹം ലഖ്നോവില്‍ പറഞ്ഞു. അതേസമയം, ഡല്‍ഹിയില്‍ യു.പി ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഗുലാംനബി ആസാദിന്‍െറ വസതിയില്‍ ചൊവ്വാഴ്ച സീറ്റ് നിര്‍ണയ ചര്‍ച്ച നടന്നു. കോണ്‍ഗ്രസിനും മറ്റു കക്ഷികള്‍ക്കുമായി 100 സീറ്റാണ് അഖിലേഷ് വാഗ്ദാനം ചെയ്തത്.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍നിന്ന് വ്യത്യസ്തമായി പടിഞ്ഞാറന്‍ യു.പിയില്‍ ബി.ജെ.പിക്കെതിരെ രൂപംകൊണ്ട ജാട്ട് വികാരം മുന്‍നിര്‍ത്തി എസ്.പി-കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം നില്‍ക്കാന്‍ അജിത് സിങ്ങിന്‍െറ ആര്‍.എല്‍.ഡി നിര്‍ബന്ധിതമായിട്ടുണ്ട്. ഈ മേഖലയില്‍ ജനസംഖ്യയില്‍ 17 ശതമാനം ജാട്ട് വിഭാഗമാണ്. കലാപം നടന്ന മുസഫര്‍നഗര്‍ ഉള്‍പ്പെടുന്ന ഇവിടം കാര്‍ഷിക മേഖലകൂടിയാണ്. നോട്ട് അസാധുവാക്കലും തൊഴില്‍സംവരണ പ്രശ്നവുമാണ് ജാട്ട് വിഭാഗക്കാരെ ബി.ജെ.പിക്കെതിരെ തിരിച്ചത്.
മുസഫര്‍നഗറില്‍ കഴിഞ്ഞ ദിവസം 35 ഖാപ് പഞ്ചായത്തുകള്‍ ബി.ജെ.പിക്ക് വോട്ടില്ളെന്ന് പ്രഖ്യാപിച്ചു. പശ്ചിമ യു.പിയില്‍ അജിത് സിങ്ങുമായി ധാരണയുണ്ടാക്കാമെന്ന് പ്രതീക്ഷിച്ച ബി.ജെ.പിക്ക് തിരിച്ചടിയാണ് ഈ സംഭവവികാസങ്ങള്‍. ആര്‍.എല്‍.ഡി നേതാക്കളുമായി ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും മറ്റും നടത്തിയ ചര്‍ച്ചകള്‍ ഫലം കാണാതെ പോയി. ജനതാദള്‍-യുവിനോ ആര്‍.ജെ.ഡിക്കോ യു.പിയില്‍ വേരോട്ടമില്ല. എങ്കിലും ബി.ജെ.പി വിരുദ്ധ മഹാസഖ്യത്തിന്‍െറ ഭാഗമായി നില്‍ക്കാനുള്ള താല്‍പര്യം അവര്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഏതാനും സീറ്റ് അവര്‍ക്ക് നല്‍കിയേക്കും.
ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട ശേഷം ചിതറിപ്പോയ മുസ്ലിംവോട്ടുകളുടെ ഏകീകരണത്തിന് സമാജ്വാദി പാര്‍ട്ടി-കോണ്‍ഗ്രസ് സഖ്യത്തിലൂടെ ഇതാദ്യമായി വഴിയൊരുങ്ങുന്നത് ബി.ജെ.പി വിരുദ്ധപക്ഷത്തിന് ഊര്‍ജം പകരുന്നുണ്ട്. വിവിധ മുസ്ലിം ഗ്രൂപ്പുകള്‍ ഇതിനകം ഈ സഖ്യത്തെ പരസ്യമായി പിന്തുണച്ചു കഴിഞ്ഞിട്ടുണ്ട്. ബി.ജെ.പിയുമായി മുന്‍കാല ബന്ധമുള്ള മായാവതിക്ക് ഈ സാഹചര്യത്തില്‍ സാധ്യത കുറഞ്ഞു.
സമാജ്വാദി പാര്‍ട്ടിയിലെ കുടുംബവഴക്ക് തീര്‍ക്കുന്ന ചര്‍ച്ച എവിടെയും എത്തിയിട്ടില്ല. 38 പേരുടെ പട്ടിക മുലായം മകനെ ഏല്‍പിച്ചിട്ടുണ്ട്. മുലായത്തെ ഇളക്കി വിട്ടുകൊണ്ടിരിക്കുന്ന മുന്‍പ്രസിഡന്‍റ് ശിവ്പാല്‍ യാദവിന് ടിക്കറ്റ് കിട്ടാത്ത സ്ഥിതി പ്രശ്നങ്ങള്‍ ബാക്കിയാക്കുന്നു. താന്‍ മത്സര രംഗത്തുണ്ടാകുമെന്ന് അഖിലേഷിന്‍െറ ഇളയച്ഛന്‍ കൂടിയായ ശിവ്പാല്‍ ആവര്‍ത്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.