കുഴപ്പങ്ങളും കര്‍ഫ്യൂവും പതിവായിരുന്ന പ്രദേശമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ച ബറൂച്ചിലെ നബിപുര് ഗ്രാമത്തില്‍ വാഗ്ര നിയമസഭ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥിയും സിറ്റിങ് എം.എല്‍.എയുമായ അരുണ്‍ സിങ് റാണയുടെ പ്രചാരണയോഗമാണ്. 100 ശതമാനവും മുസ്ലിംകളുള്ള ഗ്രാമത്തിലെ കവലയില്‍ മദ്റസയോട് ചേര്‍ന്ന മൈതാനത്ത് ഒരുക്കിയ പ്രചാരണയോഗത്തിന് അഞ്ഞൂറോളം പേരെങ്കിലുമുണ്ട്. മണ്ഡലത്തിലെ സജീവ ബി.ജെ.പി പ്രവര്‍ത്തകരെ കഴിച്ചാല്‍ ബഹൂഭൂരിഭാഗവും നാട്ടുകാരായ മുസ്ലിംകള് തന്നെ. അഹ്മദ് പട്ടേലിെൻറ തട്ടകത്തില്‍ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ അമിത് ഷാ പ്രത്യേകം ചുമതലപ്പെടുത്തിയ കിരിത് സോമയ്യ അരുണ്‍ സിങ് റാണക്കൊപ്പം വേദിയിലുണ്ട്. കഴിഞ്ഞ ഒരു മാസമായി മഹാരാഷ്ട്രയില്‍നിന്ന് ബറൂച്ചില്‍ വന്ന് താവളമടിച്ച ഈ എം.പി കോണ്‍ഗ്രസ് വോട്ടുബാങ്കില്‍ വിള്ളല്‍വീഴ്ത്താന്‍ ഗ്രാമങ്ങള്‍ തോറും കയറിയിറങ്ങുകയാണെന്ന് ആറു മാസം മുമ്പ് വരെ അഹ്മദ് പട്ടേലിെൻറ വിശ്വസ്തനായിരുന്ന ആബിദ് പറഞ്ഞു: ‘‘സ്വാതന്ത്ര്യം ലഭിച്ച ശേഷം നബിപുരില് ആദ്യമായി നടക്കുന്ന സംഘ്പരിവാര്‍ പരിപാടിയാണിത്. ജനസംഘിെൻറയോ ബി.ജെ.പിയുടെയോ ഒരു കൊടി ഇന്നു വരെ ഈ ഗ്രാമത്തിലുയര്ന്നിട്ടില്ല. താനല്ലാത്ത ഒരു മുസ്ലിം നേതാവിനെയും ഗുജറാത്തില്‍ വളരാന്‍ അനുവദിക്കില്ലെന്ന അഹ്മദ് പട്ടേലിെൻറ ധാര്‍ഷ്ട്യമാണ് പാര്‍ട്ടി വിടാനും ഇത്തരമൊരു യോഗം സംഘടിപ്പിക്കുന്നതിന് മുന്നിട്ടിറങ്ങാനും പ്രേരിപ്പിച്ചത്. ഗുജറാത്തില്‍നിന്ന് വളരുമെന്ന് കാണുന്ന ഏത് മുസ്ലിം നേതാവിെൻറയും രാഷ്ട്രീയ ഭാവി തകര്‍ത്തുകളയും. അതിന് അനുസൃതമായി സീറ്റ് വീതംവെക്കും. പലപ്പോഴും ബി.ജെ.പിയുമായി ഒത്തുകളിയാണോ എന്ന് തോന്നിപ്പിക്കുന്ന തരത്തിൽ ബറൂച്ചിലെ മുസ്ലിം ഭൂരിപക്ഷ മണ്ഡലത്തില്‍ പോലും ദുര്‍ബലരായ സ്ഥാനാര്‍ഥികളെ നിര്‍ത്തി തോറ്റുകൊടുക്കും.’’
2012ല്‍ ഗുജറാത്ത് ടുഡെ എഡിറ്ററെ കൊണ്ടുവന്ന് സ്ഥാനാര്‍ഥിയാക്കിയ ഉദാഹരണവും ആബിദ് പറഞ്ഞു. സീറ്റ് തനിക്ക് ലഭിക്കുമെന്നായിരുന്നു കരുതിയത്. അവസാന നിമിഷമായിരുന്നു പട്ടേലിെൻറ അട്ടിമറി- ഇപ്പോള്‍ ബറൂച്ച് ജില്ല ബി.ജെ.പി ന്യൂനപക്ഷ സെല്‍ വൈസ്പ്രസിഡൻറായ ആബിദ് പറഞ്ഞു. പാര്‍ട്ടിയോടുള്ള അമര്‍ഷത്തില്‍ ആബിദ് മാറിയെങ്കിലും നാട്ടുകാര്‍ എങ്ങനെ ബി.ജെ.പി പക്ഷത്തെത്തിയെന്ന ചോദ്യത്തിന് മറുപടി നല്‍കിയത് മുഹമ്മദ് നമാസിയാണ്. സിവിൽ എൻജിനീയറിങ് ഡിപ്ലോമ കഴിഞ്ഞ് തൊഴിലിനായി കോണ്‍ഗ്രസ് നേതാവ് സുലൈമാന്‍ പട്ടേലിനെ സമീപിച്ചപ്പോള്‍ 5000 രൂപയാണ് ചോദിച്ചത്. എന്നാല്‍, അരുണ്‍ സിങ് റാണ ജോലി തരപ്പെടുത്തി തന്നു. ആ സമയത്ത് ബി.ജെ.പി എം.എല്‍.എയെ കാണാന്‍ സഹായിച്ചത് നബിപുരിലെ ജാവേദ്ദസുവാണ്. ഗുജറാത്ത് കലാപത്തിനും രണ്ടു വര്‍ഷം മുമ്പ് ബി.ജെ.പിയിലെത്തിയ ജാവേദ് തന്നെയാണ് അഹ്മദ് പട്ടേലിെൻറ വിശ്വസ്തനായിരുന്ന ആബിദിനെയും പാർട്ടിയിലേക്ക് കൊണ്ടുവന്നത്. പൊലീസിെൻറ ഇന്‍ഫോര്‍മറായി പ്രവര്‍ത്തിക്കുന്നതിനാല്‍ എപ്പോഴും പൊലീസ് സ്റ്റേഷനില്‍ കയറിച്ചെല്ലാനും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി സംസാരിക്കാനും തനിക്ക് സ്വാതന്ത്ര്യമുണ്ട്. സ്വാഭാവികമായും ആര്‍ക്കെങ്കിലും പൊലീസ് മുഖേനയോ സര്‍ക്കാര്‍ ഓഫിസ് മുഖേനയോ വല്ലതും ചെയ്യാനുണ്ടെങ്കില്‍ തെൻറയടുത്തേക്കാണ് വരാറ്.
ഒരു ടിക്കറ്റ് പോലും മുസ്ലിമിന് നല്‍കാത്ത ബി.ജെ.പിക്കൊപ്പം അവർ നില്‍ക്കുമോ എന്ന് ചോദിച്ചപ്പോള്‍ ഒരു പൊലീസ് സ്റ്റേഷനിലെങ്കിലും കയറിയിറങ്ങേണ്ടി വന്നാല്‍ പിന്നെ ആരെ ആശ്രയിക്കുമെന്നായിരുന്നു ജാവേദിെൻറ മറുചോദ്യം. അതിലടങ്ങിയിട്ടുണ്ട് ഗുജറാത്തിലെ മുസ്ലിംകള്‍ക്കിടയിലെ ബി.ജെ.പി പ്രവര്‍ത്തനത്തിെൻറ തന്ത്രം. പഠിച്ച പണിയത്രയും നോക്കിയിട്ടും സോണിയ ഗാന്ധിയുടെ രാഷ്ട്രീയ കാര്യ സെക്രട്ടറി അഹ്മദ് പട്ടേലിനെ രാജ്യസഭ തെരഞ്ഞെടുപ്പില്‍ തോല്പിക്കാന് കഴിയാതിരുന്ന അമിത് ഷാ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏതു വിധേനയും അദ്ദേഹത്തിെൻറ കാലിനടിയിലെ മണ്ണിളക്കുമെന്ന ദൃഢപ്രതിജ്ഞയിലാണ്. ഇതിനായി രാജ്യസഭ തെരഞ്ഞെടുപ്പിൽ പേട്ടലിനെ സഹായിച്ചതിനാൽ ജനതാദള്‍-യു വിടേണ്ടി വന്ന സിറ്റിങ് എം.എല്‍.എ ഛോട്ടുഭായ് വാസവക്കെതിരെ ജഗരിയ മണ്ഡലത്തില്‍ ജനതാദള്‍-യുവിെൻറ അമ്പ് ചിഹ്നത്തില്‍ മറ്റൊരു ഛോട്ടുഭായ് വാസവയെ ഇറക്കി അമിത് ഷാ. ഗോത്ര നേതാവായ യഥാര്‍ഥ ഛോട്ടുഭായ് ആകട്ടെ ഇന്ത്യന്‍ ട്രൈബല്‍ പാര്‍ട്ടി എന്ന പേരില്‍ പുതിയ പാര്‍ട്ടിയുണ്ടാക്കി ഓട്ടോറിക്ഷ ചിഹ്നത്തിലാണ് മത്സരിക്കുന്നത്. ബറൂച്ച് ജില്ലയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തോറ്റ ഏക സീറ്റാണ് ജഗരിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.