കൊച്ചി: കായൽ കൈയേറ്റവുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന തോമസ് ചാണ്ടി മന്ത്രിസ്ഥാനം ഒഴിഞ്ഞ് കോടതിയിലെത്തണമെന്ന് ഡിവിഷൻ ബെഞ്ച് പരാമർശിച്ചത് നാലുതവണ.
ദന്തഗോപുരത്തില്നിന്നിറങ്ങി നടപടി നേരിടണമെന്ന നിർദേശവും ഒരു ഘട്ടത്തിൽ ഉണ്ടായി. ഒരു മന്ത്രിതന്നെ സർക്കാറിനെതിരെ ഹരജി നൽകിയതിലെ അപാകത ചൂണ്ടിക്കാട്ടിയപ്പോൾ വ്യക്തിയെന്ന നിലയിലാണ് ഇത് നൽകിയതെന്ന മറുപടി ആവർത്തിച്ചപ്പോഴാണ് ഇതേ സ്വഭാവത്തിലുള്ള ഹരജി പരിഗണിക്കാൻ മന്ത്രിസ്ഥാനത്തുനിന്ന് ഇറങ്ങി വരാൻ കോടതി പറഞ്ഞത്. രാവിലെ പത്തേകാലിന് ഹരജി പരിഗണക്കെടുത്ത ശേഷം ഉച്ചക്ക് പിരിയുന്നതുവരെയും പിന്നീട് ഉച്ചക്കുശേഷവും മന്ത്രിക്കുനേരെ നിരന്തര വിമർശനമാണ് ഉണ്ടായത്.
മാര്‍ത്താണ്ഡം കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ല കലക്ടര്‍ തയാറാക്കിയ റിപ്പോർട്ട് റദ്ദാക്കണമെന്നായിരുന്നു തോമസ് ചാണ്ടിയുടെ ആവശ്യം. എന്നാൽ, സർക്കാറിനെ എതിർകക്ഷിയാക്കി ഇത്തരമൊരു ഹരജി നിലനിൽക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത് മന്ത്രിക്കുവേണ്ടി ഹാജരായ സുപ്രീം കോടതി അഭിഭാഷകൻ വിവേക് തൻഖ അംഗീകരിച്ചില്ല.
വ്യക്തിപരമായാണ് ഹരജിയെന്ന നിലപാടിൽ ഉറച്ചുനിന്നു. വ്യക്തിയെന്ന നിലയിലാവണമെങ്കിൽ മുൻ മന്ത്രി എന്ന നിലയിൽ കോടതിയെ സമീപിക്കാമെന്ന് ഇൗ സാഹചര്യത്തിൽ ഡിവിഷൻ ബെഞ്ചിലെ ഒരു അംഗം പറഞ്ഞു. തോമസ് ചാണ്ടിക്ക് മുന്നില്‍ നിരവധി പരിഹാരമാര്‍ഗങ്ങളുണ്ട്. ദന്തഗോപുരത്തില്‍ ഇരുന്ന് എല്ലാ പരിഹാരമാര്‍ഗങ്ങളും ഉപയോഗിക്കാനാവില്ല. താഴെയിറങ്ങി സാധാരണക്കാരനായി നിയമത്തെ നേരിടുകയാണ് വേണ്ടത്. ഉയർന്ന തട്ടിലിരുന്ന് ഇത്തരത്തിൽ പ്രവര്‍ത്തിക്കരുത്. നിയമപരമായി നീങ്ങുേമ്പാൾ ഒരേസമയം തന്നെ മന്ത്രിയുെടയും സാധാരണക്കാരെൻറയും അവകാശങ്ങളുണ്ടെന്ന് കരുതരുത് തുടങ്ങിയ പരാമർശങ്ങളും നടത്തി. ‘താഴേക്കിറങ്ങൂ’ എന്ന പദം മൂന്ന് തവണയാണ് കോടതി ആവർത്തിച്ചത്.
സർക്കാറിനെതിരെ ഹരജി നൽകിയ മന്ത്രി ഇപ്പോഴും അതേ സ്ഥാനത്ത് തുടരുന്നുണ്ടല്ലോ എന്ന പരാമർശം കോടതി ഉത്തരവിൽതന്നെ ചേർത്തു. കലക്ടറുടെ റിപ്പോർട്ടില്‍ എവിടെയോ പേരുപറഞ്ഞതിന് കോടതിയെ സമീപിച്ചത് രാഷ്ട്രീയക്കാരനായതുകൊണ്ട് മാത്രമാണ്.
ചീഫ് സെക്രട്ടറി, റവന്യൂവകുപ്പ്, ജില്ല കലക്ടര്‍ തുടങ്ങി സർക്കാറിനെയും ഭരണസംവിധാനങ്ങളെയും എതിര് കക്ഷിയാക്കി ഹരജി നൽകുന്ന നടപടി ഇന്ത്യയിൽ മാത്രമല്ല, ലോകത്തെവിടെയെങ്കിലുമുണ്ടെങ്കിൽ ചൂണ്ടിക്കാട്ടാൻ ഹരജിക്കാരേനാട് കോടതി ആവശ്യപ്പെട്ടു.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കേന്ദ്രസര്‍ക്കാറിനെതിരെ ഹൈകോടതിയെ സമീപിച്ചിരുന്നതായി തോമസ് ചാണ്ടിയുടെ അഭിഭാഷകന് ചൂണ്ടിക്കാട്ടി. എന്നാൽ, മമത സംസ്ഥാന സർക്കാറിനെതിരെയല്ല, വ്യക്തിയെന്ന നിലയിൽ കേന്ദ്രസര്‍ക്കാറിനെതിരെയാണ് ഹരജി നല്‍കിയതെന്ന് കോടതി വ്യക്തമാക്കി.
സര്‍ക്കാറിനെതിരെ ഹരജി നല്‍കിയതോടെ മന്ത്രിസഭയിലും മുഖ്യമന്ത്രിയിലും തോമസ് ചാണ്ടിക്ക് അവിശ്വാസമുണ്ടെന്നാണ് വ്യക്തമാക്കുന്നത്. ഇൗ സാഹചര്യത്തിൽ മന്ത്രിയെന്ന നിലയിൽ അയോഗ്യത കല്പിക്കാവുന്ന അംഗീകൃത കേസാണിതെന്നും കോടതി പറഞ്ഞു. വസ്തുതകളുടെ അടിസ്ഥാനത്തിലുള്ളതല്ല, കലക്ടറുടെ റിപ്പോര്‍ട്ടിലെ ഒന്നു രണ്ട് പരാമർശങ്ങളെക്കുറിച്ചുള്ള ഉൗഹങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ് ഹരജി. കളങ്കരഹിതനാകാൻ കാര്യങ്ങൾ കോടതിയുടെ തലയില്‍ കെട്ടിവെക്കലാണ് ഹരജിക്കാരെൻറ ലക്ഷ്യമെന്നും കോടതി വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.