ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റിനെതിരായ ആർ.എസ്.എസ് അക്രമം ക്രൂരവും നിന്ദ്യവുമെന്ന് കെ. സുധാകരന്‍

കണ്ണൂർ : പാനൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് നഗരസഭ കൗണ്‍സിലറുമായ കെ.പി. ഹാഷിമിന് നേരെ ഒരു പ്രകോപനവുമില്ലാതെയുണ്ടായ ആര്‍.എസ്.എസിന്റെ വധശ്രമം ക്രൂരവും നിന്ദ്യവുമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. രാഷ്ട്രീയ എതിരാളികളെ കൊലക്കത്തിക്ക് ഇരയാക്കുന്നത് വിനോദമായി കാണുന്ന സംഘപരിവാറിന്റെ അജണ്ട കേരളത്തില്‍ വിലപോകില്ല.

പ്രത്യയശാസ്ത്രപരമായും ആശയപരമായും പൊതുസമൂഹത്തില്‍ ഇടം തേടാനുള്ള ഭഗീരഥ പ്രയത്നം അമ്പേ പാളിയപ്പോള്‍ ഫാസിസ്റ്റ് പ്രവണതയിലൂടെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള സംഘപരിവാറിന്റെ ശ്രമം ഉപേക്ഷിക്കുന്നതാണ് നല്ലത്. സ്വതന്ത്രമായ സംഘടന പ്രവര്‍ത്തനം തടസപ്പെടുത്താനാണ് ആർ.എസ്.എസ് ശ്രമമെങ്കില്‍ അതിനെ കോണ്‍ഗ്രസ് ശക്തമായി നേരിടും. അക്രമരാഷ്ട്രീയം കോണ്‍ഗ്രസ് ശൈലിയല്ല. രാജ്യത്തിന്റെ ഐക്യവും സമാധാനവും ബഹുസ്വരതയും തകര്‍ക്കുക എന്ന പ്രത്യയശാസ്ത്രത്തിലാണ് ആർ.എസ്.എസ് പ്രവര്‍ത്തിക്കുന്നത്.

ആർ.എസ്.എസിന്റെ പ്രഖ്യാപിത ലക്ഷ്യം നിറവേറ്റാന്‍ എന്നും തടസം നില്‍ക്കുന്നതും അവരുടെ വര്‍ഗീയ അജണ്ടകളെ പ്രതിരോധിച്ച് പരാജയപ്പെടുത്തുന്നതും കോണ്‍ഗ്രസാണ്. രാജ്യത്ത് ദ്വിരാഷ്ട്രാവാദം ആദ്യം ഉയര്‍ത്തിയത് ആർ.എസ്.എസാണ്. അതിനുപിന്നിലുള്ള അവരുടെ അജണ്ട ഇന്ത്യയെ ഒരു മതാധിഷ്ഠിത രാജ്യമാക്കുക എന്നതായിരുന്നു.

സംഘപരിവാരിന്റെ ആ സ്വപ്നം പൂവണിയാതെ പോയത് മഹാത്മാ ഗാന്ധിയും ജവഹര്‍ലാല്‍ നെഹ്‌റും ഉയര്‍ത്തിപിടിച്ചതും കോണ്‍ഗ്രസ് തലമുറകളായി സംരക്ഷിച്ച് പോന്നിരുന്നതുമായ മതേതര കാഴ്ചപാട് ഒന്നുകൊണ്ട് മാത്രമാണ്. അതിന്റെ പക ഇന്നും സംഘപരിവാറുകാര്‍ കൊണ്ടു നടക്കുന്നു. അതിനാലാണ് ഗാന്ധിജിയെ വധിച്ചിട്ടും ജനഹലാല്‍ നെഹ്റു മരിച്ച് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും അവരുടെ ഓര്‍മ്മകളെപ്പോലും സംഘപരിവാര്‍ ഭയക്കുകയും വെറുക്കുകയും ചെയ്യുന്നത്.

മഹാത്മഗാന്ധിയും നെഹ്‌റുവും വഴിതെളിച്ച സത്യത്തിന്റെ പാതിയിലൂടെ നാടിന്റെ മതേതരത്വവും ബഹുസ്വരതയും സംരക്ഷിക്കാന്‍ കോണ്‍ഗ്രസും എന്നും പ്രതിജ്ഞാബദ്ധമാണ്.എല്ലാ ജനവിഭാഗങ്ങളെയും സ്വീകരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുക എന്നതാണ് കോണ്‍ഗ്രസ് സംസ്‌കാരം. കോണ്‍ഗ്രസുകാരന്റെ അവസാന ശ്വാസം വരെയും ബഹുസ്വരത സംരക്ഷിക്കുന്നതിനും വര്‍ഗീയതയെ തുരത്തുന്നതിനും ശക്തമായ പോരാട്ടം തുടരുക തന്നെ ചെയ്യും.

പന്ന്യന്നൂര്‍ കുറുമ്പക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് ആർ.എസ്.എസ് പ്രവര്‍ത്തകര്‍ അഴിച്ചുവിട്ട ആക്രമത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സന്ദീപിനും പരിക്കേറ്റിരുന്നു. സന്ദീപിനെതിരെ അതിക്രമം ഉണ്ടായപ്പോള്‍ പ്രതികളെ പിടികൂടുന്നതില്‍ പോലീസ് ജാഗ്രത കാട്ടിയിരുന്നെങ്കില്‍ ഹാഷിമിനെതിരായ വധശ്രമം തടയാമായിരുന്നു. അക്രമം തടയുന്നതില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച ഉണ്ടായിട്ടുണ്ട്.

ക്രിമിനലുകള്‍ക്കും ഗുണ്ടകള്‍ക്കും സംരക്ഷണം ഒരുക്കുകയാണ് മുഖ്യമന്ത്രിയുടെ പോലീസ്. മുന്‍ പാര്‍ട്ടി സെക്രട്ടിയായിരുന്ന കോടിയേരി ബാലകൃഷ്ണനെ വധിക്കാന്‍ ശ്രമിച്ച ആർ.എസ്.എസുകാരെ രക്ഷിച്ച പിണറായി വിജയന്‍ ഇന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച ആർ.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് സംരക്ഷണം ഒരുക്കാനാണ് തുനിയുന്നതെങ്കില്‍ പ്രത്യാഘാതം വലുതായിരിക്കുമെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.

Tags:    
News Summary - K. Sudhakaran said that the RSS violence against the Bloc Congress president is cruel and despicable

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.