എ.കെ.ജി സെന്ററിൽ നിന്നുള്ള ഭരണം സർവകലാശാലകളിൽ അവസാനിപ്പിച്ചതാണ് ഗവർണറോട് സി.പി.എമ്മിന് അസഹിഷ്ണുതയെന്ന് കെ. സുരേന്ദ്രൻ

കൊച്ചി: എ.കെ.ജി സെന്ററിൽ നിന്നുള്ള ഭരണം കേരളത്തിലെ സർവകലാശാലകളിൽ നിന്നും അവസാനിപ്പിച്ചതാണ് ഗവർണറോട് സി.പി.എം അസഹിഷ്ണുത കാണിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സർവകലാശാലകളുടെ നിയന്ത്രണം നഷ്ടമാവുമെന്ന ഭയമാണ് സി.പി.എമ്മിനുള്ളതെന്നും ആലുവയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് ഭരിക്കുമ്പോൾ പോലും സർവകലാശാലകളിൽ സി.പി.എം മേധാവിത്വമായിരുന്നു. ചീഫ് സെക്രട്ടറിമാരെയായിരുന്നു പണ്ട് ഗവർണർമാർ സർവകലാശാലകളിലേക്ക് അയച്ചത്. എന്നാൽ ഇന്ന് മാർകിസ്റ്റ് പാർട്ടിക്ക് സർവകലാശാലകളുടെ ഭരണം കൈപിടിയിൽ ഒതുക്കാനാവുന്നില്ല. സി.പി.എം നേതാക്കളുടെ ഭാര്യമാരുടെ അനധികൃത നിയമനങ്ങൾ, പാർട്ടി ഓഫീസിൽ നിന്നുള്ള നിയമനങ്ങൾ, യോഗ്യതയില്ലാത്ത വൈസ്ചാൻസിലർമാരെ നിയമിക്കുന്നത് എല്ലാം നിർത്തിയത് ആരിഫ് മുഹമ്മദ് ഖാനാണ്.

സർവകലാശാലകളുടെ അധികാരം ചാൻസിലർക്ക് തന്നെയാണെന്ന് സുപ്രീംകോടതി പറഞ്ഞു. ഗവർണറെ ഭീഷണിപ്പെടുത്താനാണ് സി.പി.എം തെരുവ് യുദ്ധം നടത്തുന്നത്. എന്നാൽ സി.പി.എമ്മിന് ആള് മാറി പോയി. സെനറ്റിലേക്ക് ആളുകളെ ശുപാർശ ചെയ്യാൻ സി.പി.എം മന്ത്രിയെ നിശ്ചയിച്ചത് തെറ്റാണ്. കേരളത്തിലെ സർവകലാശാലകൾക്ക് സ്വയംഭരണാവകാശം കൊടുക്കുകയാണ് ഗവർണർ ചെയ്യുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

മുഖ്യമന്ത്രിയും മന്ത്രിമാരും പരസ്യമായി ഗവർണറെ അധിക്ഷേപിക്കുകയാണ്. ഗവർണർ എന്തോ മഹാപരാധം ചെയ്യുന്നുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എല്ലാ സർവകലാശാലകളുടേയും ചാൻസിലറായ ഗവർണറെ എവിടെയും കാല് കുത്തിക്കില്ലെന്നാണ് എസ്.എഫ്.ഐ പറയുന്നത്. ഗവർണറെ കാല് കുത്തിക്കില്ലെന്ന് എസ്.എഫ്.ഐ നേതാവ് പറഞ്ഞതാണ് തെറ്റ്. അതിനെയാണ് മുഖ്യമന്ത്രി ചോദ്യം ചെയ്യേണ്ടത്.

ഗവർണർക്കെതിരെ തെമ്മാടിത്തരമാണ് എസ്.എഫ്.ഐ നടത്തുന്നത്. ഗവർണർക്കെതിരെ വെച്ച പോലത്തെ ബാനർ മുഖ്യമന്ത്രിക്കെതിരെ വെക്കാൻ പറ്റുമോയെന്നും സുരേന്ദ്രൻ ചോദിച്ചു. മാർർജി ഭവനിൽ നിന്നും ഒരു ലിസ്റ്റും ആർക്കും കൊടുക്കുന്ന രീതി ബി.ജെ.പിക്കില്ല. ജെ.എൻ.യുവിനെ സ്വാതന്ത്ര്യത്തിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ കേരളത്തിലെ സർവകലാശാലകളിലും സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു കൊണ്ടുവരുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Tags:    
News Summary - K Surendran said that the CPM's intolerance towards the governor is that the administration from the AKG Center has ended in the universities.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.