നവകേരളയാത്രക്കിടയിലും സർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നുവെന്ന് കെ. സുരേന്ദ്രൻ

കോഴിക്കോട്: നവകേരളയാത്ര കാരണം സംസ്ഥാനത്ത് ഭരണസ്തംഭനമാണെങ്കിലും സർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നത് തുടരുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. 1986 ന് മുമ്പേ സ്ഥലം രജിസ്റ്റർ ചെയ്ത രണ്ട് ലക്ഷം പേർക്ക് സർക്കാർ ജപ്തി നോട്ടീസ് അയച്ചിരിക്കുന്നത്. പച്ചയായ കൊള്ളയാണ് ഇതെന്ന് വ്യക്തമാണ്.

രജിസ്ട്രേഷൻ സമയത്ത് വില കുറച്ച് കാണിച്ചെന്നാണ് കൊള്ളക്ക് സർക്കാരിന്റെ ന്യായീകരണം. വലിയ ഫൈൻ അടച്ചില്ലെങ്കിൽ സ്ഥലം ജപ്തി ചെയ്യുമെന്നാണ് ഭീഷണി. 1986 ൽ സർക്കാർ ഭൂമിക്ക് ന്യായവില കണക്കാക്കിയിരുന്നില്ല. പിന്നെ എങ്ങനെയാണ് വില കുറച്ച് കാണിക്കുകയെന്ന് റവന്യൂ മന്ത്രി വ്യക്തമാക്കണം. ഇപ്പോൾ പോലും 30ശതമാനം ഭൂമിക്ക് മാത്രമാണ് ന്യായവില കണക്കാക്കിയിട്ടുള്ളതെന്നിരിക്കെ 37 വർഷം മുമ്പത്തെ കാര്യത്തിന് ഫൈൻ ഈടാക്കുന്നത് നിയമവിരുദ്ധമാണ്. സർക്കാരിന്റെ ഈ കൊള്ളക്കെതിരെ ബി.ജെ.പി നിയമപരമായും രാഷ്ട്രീയമായും പോരാടുമെന്നും സുരേന്ദ്രൻ പറഞ്ഞു.

വിധവ പെൻഷൻ വിതരണം ചെയ്യാതെ പിണറായി സർക്കാർ പാവങ്ങളെ സർക്കാർ വഞ്ചിക്കുകയാണ്. പുനർവിവാഹം നടന്നിട്ടില്ലെന്നു കാണിക്കുന്ന സർട്ടിഫിക്കറ്റും വരുമാന സർട്ടിഫിക്കറ്റും ഹാജരാക്കണമെന്ന് വിധവ പെൻഷൻ വാങ്ങുന്നവരോട് സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇത് അനുസരിച്ച് സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയവർക്ക് പോലും സർക്കാർ വിധവാ പെൻഷൻ നിഷേധിച്ചിരിക്കുകയാണ്.

ക്ഷേമ പെൻഷനുകളുടെ കുടിശ്ശിക നൽകില്ലെന്നാണ് മന്ത്രി പറയുന്നത്. സംസ്ഥാനത്ത് 30,000ൽ അധികം പേർക്കാണ് വിധവ പെൻഷൻ നിഷേധിക്കപ്പെട്ടത്. പിണറായി സർക്കാരിന്റെ തലതിരിഞ്ഞ സാമ്പത്തിക നയമാണ് കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് ആക്കം കൂട്ടിയത്. ഇതിന് ഇരയാവുന്നതാവട്ടെ പാവപ്പെട്ട ജനങ്ങളാണ്. സർക്കാരിന്റെ ജനവഞ്ചനക്ക് കൂട്ടുനിൽക്കുന്ന പണിയാണ് പ്രതിപക്ഷം ചെയ്യുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Tags:    
News Summary - K Surendran said that the government is robbing the people even during the Navakerala yatra.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.