തിരുവനന്തപുരം: സംസ്ഥാന സർക്കാർ തീവ്രവാദ പ്രവർത്തനങ്ങളോട് സ്വീകരിക്കുന്ന മൃദുസമീപനമാണ് എലത്തൂർ ട്രെയിൻ ആക്രമണത്തിന് കാരണമായതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംഭവത്തിൽ രണ്ടാഴ്ചയ്ക്ക് ശേഷം തീവ്രവാദ ബന്ധം സ്ഥിരീകരിച്ച എ.ഡി.ജി.പി അക്രമിയെ കേരളത്തിൽ സഹായിച്ചവർക്കെതിരെ എന്ത് നടപടിയാണ് ഇതുവരെ പൊലീസ് എടുത്തതെന്ന വ്യക്തമാക്കണം.
കസ്റ്റഡി കാലാവധി തീരുന്നതിൻ്റെ ഒരു ദിവസം മുമ്പ് യു.എ.പി.എ ചുമത്തിയത് ജനങ്ങളുടെ കണ്ണിൽപൊടിയിടാനാണ്. ആദ്യമായി കേരളത്തിൽ എത്തിയ പ്രതിയെ ആരാണ് സഹായിച്ചതെന്ന ചോദ്യത്തിന് ആഭ്യന്തരവകുപ്പ് മറുപടി പറയണം. എലത്തൂർ ട്രാക്കിൽ പ്രതിയുടെ ടിഫിൻ ബോക്സിൽ നിന്നും ലഭിച്ച ചപ്പാത്തിയും കറിയും ആരോ ഉണ്ടാക്കി കൊടുത്തതാണെന്ന് അന്നേ ആരോപണമുണ്ടായിരുന്നു.
വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യം വെച്ച് സർക്കാർ മതഭീകരവാദത്തോട് വിട്ടുവീഴ്ച ചെയ്യുന്നതിൻ്റെ ഭവിഷ്യത്താണ് കേരളം ഇപ്പോൾ അനുഭവിക്കുന്നത്. ആക്രമണത്തിന് ശേഷം പ്രതിക്ക് രക്ഷപ്പെടാൻ അവസരമുണ്ടായത് പൊലീസിൻ്റെ വീഴ്ചയാണോ സഹായമാണോയെന്ന് പരിശോധിക്കണം.
പ്രതിയെ കൊണ്ടുവരാൻ കേടായ വാഹനം നൽകിയതും മതിയായ സുരക്ഷ നൽകാതിരുന്നതും അന്വേഷിക്കണം. ഷോർണ്ണൂരിലും കോഴിക്കോടും പ്രതിക്ക് സഹായം ലഭിച്ചിട്ടുണ്ടെന്നത് വ്യക്തമാണ്. സംഭവത്തിന് പിന്നിലുള്ളവരെ കണ്ടെത്താനും ആവർത്തിക്കാതിരിക്കാനും കേസ് എൻഐക്ക് വിടണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.