കോട്ടയം: ഒത്തുകളി രാഷ്ട്രീയക്കാരുടെ വ്യാജ ഏറ്റുമുട്ടലാണ് പുതുപ്പള്ളിയിൽ നടക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. പുതുപ്പള്ളിയുടെ ചുറ്റുമുള്ള പഞ്ചായത്തുകളിൽ ഒരുമിച്ച് ഭരിക്കുന്ന യു.ഡി.എഫും എൽ.ഡി.എഫും പുതുപ്പള്ളിയിൽ ജനങ്ങളെ പറ്റിക്കാനാണ് പരസ്പരം മത്സരിക്കുന്നതെന്നും മണർക്കാട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
കൊല്ലം ജില്ലയിലെ കല്ലുവാതുക്കലിൽ ഐ.എൻ.ഡി.ഐ മുന്നണി ബി.ജെ.പിക്കെതിരെ അവിശ്വാസം കൊണ്ടുവന്നത് ദേശീയതലത്തിലെ സഖ്യം കേരളത്തിലും വരുന്നതിന്റെ ഉദാഹരണമാണ്. എന്നാൽ, മുഖ്യമന്ത്രി പറയുന്നത് സംഘപരിവാറും യുഡിഎഫുമായി കൂട്ടുകെട്ടാണെന്നാണ്. ആലപ്പുഴ ജില്ലയിലെ കോണംതുരുത്ത്, പാണ്ടനാട്, തിരുവൻവണ്ടൂർ, ചെന്നിത്തല പഞ്ചായത്തുകളിൽ എൽ.ഡി.എഫും യു.ഡി.എഫുമാണ് ഭരിക്കുന്നത്.
തൃശ്ശൂർ തിരുവില്വാമലയിൽ ഇരുമുന്നണികളും ഒരുമിച്ച് ബി.ജെ.പിയെ താഴെയിറക്കി. മലമ്പുഴയിൽ ബി.ജെ.പിയുടെ അവിശ്വാസം പരാജയപ്പെടുത്താനും ഇടത്-വലത് ശക്തികൾ ഒന്നിച്ചു. പത്തനംതിട്ട നഗരസഭയിലും കോട്ടാങ്ങൽ പഞ്ചായത്തിലും എസ്.ഡി.പിഐ പിന്തുണയോടെയാണ് ഇടതുപക്ഷം ഭരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
പുതുപ്പള്ളിയിൽ തനിക്കും കുടുംബത്തിനും പാർട്ടിക്കും സർക്കാരിനുമെതിരെ വന്ന ആരോപണങ്ങൾക്ക് മറുപടി പറയാതെ ഗാന്ധിവധവും സംഘപരിവാറുമൊക്കെയാണ് മുഖ്യമന്ത്രി പറയുന്നത്. അടിസ്ഥാന പ്രശ്നങ്ങളിൽ നിന്നും ചർച്ച തിരിച്ചുവിടാനാണ് ശ്രമം. അഴിമതി ചൂണ്ടിക്കാണിക്കുമ്പോൾ സംഘപരിവാറെന്ന് പറയുകയാണ് പിണറായി വിജയൻ. മാസപ്പടി, കരുവന്നൂർ സംഭവങ്ങളിൽ മുഖ്യമന്ത്രിക്ക് ഒരു മറുപടിയുമില്ല. കേരളത്തിലെ വൻകിട മുതലാളിമാരിൽ നിന്നും എന്തിനാണ് നിങ്ങളും കുടുംബവും പണം വാങ്ങുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു.
2021 ൽ തുടർ ഭരണം കിട്ടിയത് കേരളം കൊള്ളയടിക്കാനുള്ള ലൈസൻസാണോ? കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ ഇഡി അന്വേഷണത്തിന് മുഖ്യമന്ത്രി മറുപടി പറയണം. എ.സി മൊയ്തീൻ മാത്രമല്ല രണ്ട് ജില്ലാസെക്രട്ടറിമാർക്കും ബാങ്ക് തട്ടിപ്പിൽ പങ്കുണ്ട്. ഇതിലെ കണ്ണൂർ ബന്ധം പുറത്തുവന്നു കഴിഞ്ഞു. കണ്ണൂർ സ്വദേശിയായ സി.പി.എം നേതാക്കളുടെ അടുപ്പക്കാരൻ സതീശന് എന്താണ് ഇതിൽ കാര്യം. ഇ.പി ജയരാജൻ ഇതിൽ മറുപടി പറയണം. ഇ.പിയുടെ അടുപ്പക്കാരനാണ് സതീശൻ. അംബാനിയുടേയും അദാനിയുടേയും പണമല്ല സാധാരണക്കാരുടെ പണമാണ് കരുവന്നൂരിൽ മുഖ്യമന്ത്രിയുടെ പാർട്ടിക്കാർ കൊള്ളയടിച്ചത്. മന്ത്രി ബിന്ദുവിന്റെ പ്രചരണത്തിന് ഈ തട്ടിപ്പുകാർ ഇറങ്ങിയിരുന്നു.
പുതുപ്പളളിയിൽ യു.ഡി.എഫിനെ വിമർശിക്കാൻ മുഖ്യമന്ത്രി തയാറായില്ല. പിണറായി വിജയന്റെ സ്വാഭാവിക സഖ്യകക്ഷിയാണ് കോൺഗ്രസ്. മാസപ്പടിയിലെ പോലെ എല്ലാ കാര്യത്തിലും ഇവർ ഒറ്റക്കെട്ടാണ്. 53 വർഷം യു.ഡി.എഫിലെ പ്രധാന നേതാവ് പ്രതിനിധീകരിച്ച മണ്ഡലത്തിൽ എത്തിയ മുഖ്യമന്ത്രി യു.ഡി.എഫിനെതിരെ മിണ്ടുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.