കണ്ണൂർ: സി.പി.എം കണ്ണൂർ ജില്ല സമ്മേളനത്തിൽ പൊലീസിനും സി.പി.െഎക്കും രൂക്ഷവിമർശനം. ആഭ്യന്തരവകുപ്പ് ൈകകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയെൻറ സാന്നിധ്യത്തിലാണ് സമ്മേളനപ്രതിനിധികൾ പൊലീസ് നയത്തെ തള്ളിപ്പറഞ്ഞത്. പാർട്ടി ഭരിക്കുന്ന പൊലീസിൽനിന്ന് പാർട്ടിക്ക് നീതികിട്ടുന്നില്ല. ഭരണം മാറിയിട്ടും ഭരണകൂടം മാറിയിട്ടില്ല. അതുകൊണ്ടാണ് പയ്യന്നൂരിൽ ജില്ല സെക്രട്ടറിക്ക് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നയിക്കേണ്ടിവന്നത്. എന്നാൽ, സ്റ്റേഷൻ വരാന്തയിൽ മൈക്ക് കെട്ടി പ്രസംഗിച്ചുവെന്ന് കുറ്റപ്പെടുത്തുകയാണ് സംസ്ഥാനനേതൃത്വം ചെയ്തത്.
ഏതാനും ദിവസം മുമ്പ് ജില്ല സമ്മേളന സ്വാഗതസംഘം ഒാഫിസിലെത്തിയാണ് ജില്ല കമ്മിറ്റി അംഗമായ എം. ഷാജറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂരിൽ സംഘർഷം നിയന്ത്രിക്കുന്നതിെൻറ പേരിലുള്ള കടുത്തനടപടികൾക്ക് സംഘർഷമേഖലക്ക് പുറത്തുള്ള പാർട്ടിക്കാരും ഇരയാകേണ്ടിവന്നു. പൂർണ സ്വാതന്ത്ര്യമെന്നപേരിൽ പൊലീസിനെ കയറൂരിവിടുന്നത് ശരിയല്ല. പൊലീസിെൻറ ചെയ്തികളെ നിയന്ത്രിക്കാൻ ബന്ധപ്പെട്ടവർ ഇടപെടണം. ഒറ്റക്കുനിന്നാൽ 10 വോട്ടുപോലും കിട്ടാത്ത പാർട്ടിയാണ് സി.പി.െഎയെന്നും കാനം പലപ്പോഴും സൂപ്പർ മുഖ്യമന്ത്രി ചമയുന്നുവെന്നുമാണ് സി.പി.െഎക്കെതിരായ വിമർശനം. കീഴാറ്റൂരിൽ ദേശീയപാത ബൈപാസ് നിർമാണത്തിനെതിരായ സമരത്തെ പിന്തുണച്ച സി.പി.െഎ നിലപാടാണ് സമ്മേളനചർച്ച സി.പി.െഎക്കെതിരെ തിരിയാനുള്ള പ്രകോപനം.
കീഴാറ്റൂരിൽ പാർട്ടി ഗ്രാമത്തിലെ സമരത്തെ പിന്തുണച്ച സി.പി.െഎ വെടക്കാക്കി തനിക്കാക്കാനുള്ള തന്ത്രമാണ് പയറ്റാൻശ്രമിക്കുന്നതെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി. ഇ.പി. ജയരാജൻ, പി.കെ. ശ്രീമതി എന്നിവർ ഉൾപ്പെട്ട ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് സമ്മേളനത്തിൽ കാര്യമായ ചർച്ച നടന്നില്ല. കുറ്റമുക്തനായ ഇ.പി. ജയരാജനെ പിന്തുണച്ച് മട്ടന്നൂർ, പയ്യന്നൂർ മേഖലയിൽനിന്നുള്ള ചില പ്രതിനിധികൾ രംഗത്തെത്തുകയും ചെയ്തു. അതേസമയം, ആരോഗ്യമന്ത്രി െക.കെ. ശൈലജക്കെതിരായ കണ്ണടവിവാദം രൂക്ഷ വിമർശനത്തിനിടയാക്കി. കണ്ണട വാങ്ങാൻ 28,000 രൂപ എഴുതിയെടുത്തതിന് ന്യായീകരണമില്ലെന്നും പ്രതിനിധികൾ തുറന്നടിച്ചു.
സ്വയം മഹത്ത്വവത്കരണ വിവാദത്തിൽ ജയരാജന് അനുകൂലമായ വികാരമാണ് പൊതുചർച്ചയിൽ രണ്ടാം ദിനവും ഉയർന്നത്. സമ്മേളനകാലത്ത് ജില്ല സെക്രട്ടറിയെ പ്രതിക്കൂട്ടിലാക്കിയ സംസ്ഥാനനേതൃത്വത്തിെൻറ നടപടി തെറ്റാണെന്ന് ഭൂരിപക്ഷം പ്രതിനിധികളും വ്യക്തമാക്കി. അതേസമയം, പാർട്ടിക്കതീതനായി നേതാക്കൾ വാഴ്ത്തപ്പെടുന്നത് ശ്രദ്ധിക്കേണ്ട വിഷയമാണെന്നും ചിലർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.