ബംഗളൂരു: കർണാടകയിൽ തൊഴിലാളി നേതാക്കളെ മത്സരരംഗത്തിറക്കി സി.പി.എമ്മും സി.പി.െഎ യും. ഇരു പാർട്ടികളും പരസ്പര പിന്തുണയോടെ ഒാരോ സീറ്റിൽ മത്സരിക്കാനാണ് തീരുമാനം. സി.പി.എമ്മിനുവേണ്ടി ചിക്കബല്ലാപുര മണ്ഡലത്തിൽ സി.െഎ.ടി.യു സംസ്ഥാന പ്രസിഡൻറും വനി ത നേതാവുമായ എസ്. വരലക്ഷ്മിയും സി.പി.െഎക്കുവേണ്ടി തുമകുരു മണ്ഡലത്തിൽ എ.െഎ.ടി.യു. സി സംസ്ഥാന സെക്രട്ടറി എൻ. ശിവണ്ണയും ജനവിധിതേടും.
ഇരുവരും തിങ്കളാഴ്ച നാമനിർദേശപത്രിക സമർപ്പിച്ചു. ബി.ജെ.പിയെ തോൽപിക്കാൻ മറ്റു മണ്ഡലങ്ങളിൽ ജെ.ഡി-എസ് സ്ഥാനാർഥികൾക്ക് നേരിട്ടും കോൺഗ്രസിന് പരോക്ഷമായും സി.പി.എമ്മും സി.പി.െഎയും പിന്തുണ നൽകും. ബംഗളൂരു സെൻട്രൽ മണ്ഡലത്തിൽ കോൺഗ്രസിനു പകരം സ്വതന്ത്ര സ്ഥാനാർഥി പ്രകാശ് രാജിനാണ് സി.പി.എമ്മിെൻറ വോട്ട്. എന്നാൽ, പ്രകാശ് രാജിെൻറ കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും പിന്തുണതേടി സമീപിച്ചാൽ നിലപാട് വ്യക്തമാക്കുമെന്നും സി.പി.െഎ നേതാക്കൾ അറിയിച്ചു.
ബി.ജെ.പിക്കെതിരെ കോൺഗ്രസും ജെ.ഡി-എസും സഖ്യമായി മത്സരിക്കുന്ന കർണാടകയിൽ കോൺഗ്രസിെൻറ സിറ്റിങ് മണ്ഡലങ്ങളിൽ സി.പി.എമ്മും സി.പി.െഎയും ജനവിധി തേടുന്നുവെന്ന പ്രത്യേകതയുമുണ്ട്. അതും മുതിർന്ന രണ്ടു നേതാക്കൾക്കെതിരെ. ചിക്കബല്ലാപുരയിൽ എം. വീരപ്പ മൊയ്ലിയും തുമകുരുവിൽ എച്ച്.ഡി. ദേവഗൗഡയുമാണ് സഖ്യസ്ഥാനാർഥികൾ. കഴിഞ്ഞ തവണ മത്സരിച്ചുതോറ്റ ബച്ചഗൗഡയും ബസവരാജുവും ബി.ജെ.പി സ്ഥാനാർഥികളായി ഇത്തവണയും മത്സരിക്കുന്നുണ്ട്.
2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ സി.പി.എം സംസ്ഥാന സെക്രട്ടറിയും മുൻ എം.എൽ.എയുമായിരുന്ന ജി.വി. ശ്രീരാമ റെഡ്ഡി ചിക്കബല്ലാപുരയിൽനിന്ന് 26,071 വോട്ട് നേടി നാലാമതായിരുന്നു.
സി.പി.എമ്മിെൻറ കർണാടകയിലെ സ്ഥിരം തെരഞ്ഞെടുപ്പ് മുഖമായിരുന്ന ജി.വി. ശ്രീരാമ റെഡ്ഡി ലൈംഗികാരോപണത്തിൽപെട്ട് പാർട്ടിയുടെ തരംതാഴ്ത്തൽ നടപടി നേരിട്ടതോടെയാണ് വരലക്ഷ്മിക്ക് നറുക്കുവീണത്. വിജയസാധ്യതയില്ലെങ്കിലും വനിതാപ്രതിനിധിയെന്ന നിലയിൽ വരലക്ഷ്മിക്ക് വോട്ടുയർത്താനാവുമെന്ന പ്രതീക്ഷയിലാണ് സി.പി.എം. മുതിർന്ന തൊഴിലാളി നേതാവാണ് സി.പി.െഎ സ്ഥാനാർഥിയായ ശിവണ്ണ. കാർഷിക-വ്യവസായ മേഖലകളിലെ തൊഴിലാളി വോട്ടുകളിലാണ് ഇരുപാർട്ടികളുടെയും കണ്ണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.