പാലാ: നിയോജകമണ്ഡലത്തിലെ കരൂർ ഗ്രാമപഞ്ചായത്തിൽ സി.പി.എം പിന്തുണയോടെ കേരള കോൺഗ്രസ് -എമ്മിന് പ്രസിഡൻറ് സ്ഥാനം. കോൺഗ്രസിലെ വി.എം. ഓമനയെ പരാജയപ്പെടുത്തിയാണ് കേരള കോൺഗ്രസിലെ റാണി ജോസ് പ്രസിഡൻറായത്. റാണി ജോസിന് ഒമ്പത് വോട്ടും വി.എം. ഓമനക്ക് നാലുവോട്ടും ലഭിച്ചു. സി.പി.എമ്മിലെ മൂന്ന് അംഗങ്ങൾ കേരള കോൺഗ്രസ് -എമ്മിന് അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ ഒരു സി.പി.െഎ അംഗവും ഒരു ഇടത് സ്വതന്ത്ര അംഗവും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. എൽ.ഡി.എഫ് സ്ഥാനാർഥിയെ മത്സരിപ്പിച്ചിരുന്നില്ല. 15 അംഗം പഞ്ചായത്ത് കമ്മിറ്റിയിൽ കേരള കോൺഗ്രസ് -എം -ആറ്, കോൺഗ്രസ് -ഐ -നാല്, സി.പി.എം -മൂന്ന്, സി.പി.െഎ -ഒന്ന്, ഇടത് സ്വതന്ത്ര -ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.
പഞ്ചായത്ത് തെരഞ്ഞെടുപ്പിനു ശേഷം നടന്ന യു.ഡി.എഫ് ധാരണപ്രകാരം ആദ്യ ഒന്നര വർഷം കേരള കോൺഗ്രസ്, പിന്നീട് കോൺഗ്രസ് എന്നിങ്ങനെയാണ് പ്രസിഡൻറ്സ്ഥാനം നിശ്ചയിച്ചിരുന്നത്. ഇതുപ്രകാരം കേരള കോൺഗ്രസിലെ ആനിയമ്മ ജോസ് ആദ്യം പ്രസിഡൻറാവുകയും ധാരണ കാലാവധിക്കുശേഷം കഴിഞ്ഞദിവസം രാജിവെക്കുകയും ചെയ്തിരുന്നു. ഈ ഒഴിവിലേക്കാണ് ചൊവ്വാഴ്ച മത്സരം നടന്നത്. കോൺഗ്രസിലെ എൻ. സുരേഷാണ് നിലവിൽ വൈസ് പ്രസിഡൻറ്.
നേരേത്ത കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ സി.പി.എം പിന്തുണയോടെ കേരള കോൺഗ്രസ് -എം പ്രതിനിധി പ്രസിഡൻറായിരുന്നു. എന്നാൽ, കോൺഗ്രസും കേരള കോൺഗ്രസ് -എം തമ്മിലുണ്ടാക്കിയ കരാർ അനുസരിച്ച് പ്രസിഡൻറ് -വൈസ് പ്രസിഡൻറ് സ്ഥാനങ്ങൾ പരസ്പരം െവച്ചുമാറണമെന്നതായിരുന്നു. അതനുസരിച്ച് കേരള കോൺഗ്രസ് -എമ്മിലെ പ്രസിഡൻറ് സ്ഥാനം രാജിവെെച്ചങ്കിലും പ്രസിഡൻറ് ഇലക്ഷൻ പ്രഖ്യാപിച്ചിട്ടും കോൺഗ്രസ് പ്രതിനിധിയായ വൈസ് പ്രസിഡൻറ് രാജിക്ക് തയാറായില്ല. ഇതോടെയാണ് ഒറ്റക്ക് മത്സരിക്കാൻ തീരുമാനിച്ചതെന്നും കേരള കോൺഗ്രസ് -എം പറയുന്നു.
വൈസ് പ്രസിഡൻറിനെതിരെ അവിശ്വാസപ്രമേയത്തിന് കേരള കോൺഗ്രസ് -എം നോട്ടീസ് നൽകുമെന്ന് റാണി ജോസ് പറഞ്ഞു. ളാലം ബ്ലോക്ക് പഞ്ചായത്തിെൻറയും കരൂർ ഗ്രാമപഞ്ചായത്തിെൻറയും മുൻ പ്രസിഡൻറുകൂടിയാണ് കുടക്കച്ചിറ വാർഡിൽനിന്നുള്ള അംഗമായ റാണി ജോസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.