കോഴിക്കോട്: ഡി.സി.സി പ്രസിഡന്‍റ് പദത്തില്‍നിന്ന് ഒഴിയുന്ന തന്നെ കൈവിടരുതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനോട് മുന്‍ ഡി.സി.സി അധ്യക്ഷന്‍ കെ.സി. അബുവിന്‍െറ അഭ്യര്‍ഥന. പാര്‍ട്ടിയില്‍ ഒരിക്കലും നേരിട്ട് നിയമനം തനിക്ക് ലഭിച്ചിട്ടില്ല. ബൂത്ത് തലത്തില്‍നിന്ന് പടിപടിയായി കയറിവന്നതാണ്. ഡി.സി.സി പ്രസിഡന്‍റ് പദവി ഒഴിഞ്ഞ ശേഷം മരിച്ച ശരീരത്തില്‍നിന്ന് പേന്‍ ഇറങ്ങിപ്പോവുന്ന പോലെയാണ് നിഴല്‍പോലെ കൂടെ നടന്നവര്‍ ഒഴിഞ്ഞുപോകുന്നത്.
കോഴിക്കോട് ഡി.സി.സി പ്രസിഡന്‍റ് ആയിട്ടുള്ളവര്‍ക്കെല്ലാം കൊടിവെച്ച കാറില്‍ പോകാന്‍ അവസരമുണ്ടായിട്ടുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. പാര്‍ട്ടി നിശ്ചയിക്കുന്ന ഏത് ചുമതലയും ഏറ്റെടുക്കാന്‍ താന്‍ സന്നദ്ധനാണ്. അറക്കല്‍ ബീവിയെ കെട്ടാന്‍ അര സമ്മതം എന്നുപറഞ്ഞപോലെ കെ.പി.സി.സി ഭാരവാഹിയാകാനും താന്‍ തയാറാണ്. ബാക്കി കെ. പി.സി.സി നേതൃത്വം തീരുമാനിക്കട്ടെയെന്നും അബു പറഞ്ഞു.
കെ.സി. അബു മുതല്‍ക്കൂട്ടാണെന്നും തമാശകള്‍ നിയമസഭ വരെ എത്തേണ്ടതാണെന്നും അദ്ദേഹത്തെ പാര്‍ട്ടി പ്രയോജനപ്പെടുത്തുമെന്നും തുടര്‍ന്ന് സംസാരിച്ച കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ പറഞ്ഞു. ജില്ലയില്‍ കോണ്‍ഗ്രസിന് എം.എല്‍.എമാരെ ജയിപ്പിക്കാന്‍ കഴിയാത്തത് പുറത്തുനിന്നുള്ളവരെ അടിച്ചേല്‍പിച്ചത് കൊണ്ടുകൂടിയാണെന്ന് അഡ്വ. എം. വീരാന്‍കുട്ടി പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ 13 മണ്ഡലം കമ്മിറ്റികളും നല്‍കിയ റിപ്പോര്‍ട്ടില്‍ കെ.സി. അബുവിന്‍െറ പേരായിരുന്നു ആദ്യത്തേതെന്ന് ജില്ലയുടെ ചുമതലയുള്ള കെ.പി.സി.സി അംഗം സുമ ബാലകൃഷ്ണന്‍ പറഞ്ഞു. അബുവിന്‍െറ തമാശ കൂടിയതുകൊണ്ടാണ് ചില സ്ഥാനങ്ങള്‍ അബുവിന് കിട്ടാതെ പോകുന്നതെന്ന് എം.ഐ. ഷാനവാസ് എം.പിയും ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.