കോട്ടയം: ഇടതുബന്ധത്തെച്ചൊല്ലി കേരള കോൺഗ്രസ്-എമ്മിൽ ഉടലെടുത്ത ഭിന്നത രൂക്ഷമായി തുടരുന്നു. പാർട്ടിയിൽ ഭിന്നതയില്ലെന്ന ചെയർമാൻ കെ.എം. മാണിയുടെ വാക്കുകൾ പരസ്യമായി തള്ളി വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് എത്തിയതോടെ വീണ്ടുമൊരു പിളർപ്പിലേക്കെന്ന സൂചനയും ശക്തമായി. മോൻസ് ജോസഫ് എം.എൽ.എയും പാർട്ടി തീരുമാനത്തിൽ ഭിന്നാഭിപ്രായമുണ്ടെന്ന് വ്യക്തമാക്കിയതോടെ തിങ്കളാഴ്ച നടക്കുന്ന പാർലമെൻററി പാർട്ടി യോഗം നിർണായകമാകും. ഇതിൽ ഇടതുബന്ധം ചർച്ചയാകുമെന്ന് ജോസഫ് വ്യക്തമാക്കിയിട്ടുമുണ്ട്.
ജോസഫ് നിലപാട് കടുപ്പിച്ചതോടെ കെ.എം. മാണി അനുനയനീക്കങ്ങളും ശക്തമാക്കി. ഇതിെൻറ ഭാഗമായി ജോസഫിനെ തണുപ്പിക്കാൻ സഭ നേതൃത്വത്തിെൻറ ഇടപെടലും മാണി തേടി. സീറോ മലബാർ സഭയിലെ ചില മെത്രാന്മാരെ ഉപയോഗിച്ച് ജോസഫിനെയും മോൻസിനെയും അനുനയിപ്പിക്കാനാണ് നീക്കം. പിളർന്ന പാർട്ടിയുമായി ഇടതുമുന്നണിയിലേക്ക് കടന്നുചെന്നാൽ വലിയ സ്വീകരണം കിട്ടിെല്ലന്ന തിരിച്ചറിവാണ് അനുനയനീക്കത്തിന് മാണിയെ പ്രേരിപ്പിക്കുന്നതെന്നാണ് വിവരം.
മാണിക്കൊപ്പം നിലകൊള്ളുന്ന രണ്ട് എം.എല്‍.എമാരും സി.പി.എം ചങ്ങാത്തത്തിന് എതിരാണ്. ഇൗ സാഹചര്യത്തിൽ തിടുക്കത്തിലൊരു തീരുമാനം കൈക്കൊള്ളാതെ കാത്തിരുന്നശേഷം എൽ.ഡി.എഫിലേക്ക് നീങ്ങാനാണ് മാണിയുടെ ആലോചന. മാണിയുടെ പാലായിലെ വസതിയില്‍ വെള്ളിയാഴ്ച ചേര്‍ന്ന എം.എല്‍.എമാരുടെ യോഗത്തില്‍നിന്ന് പി.ജെ. ജോസഫും മോന്‍സ് ജോസഫും വിട്ടുനിന്നതോടെയാണ് ഭിന്നത മറനീക്കിയത്. പലതവണ വിളിച്ചിട്ടാണ് സി.എഫ്. തോമസ് എം.എൽ.എ യോഗത്തിെനത്തിയത്.
കോട്ടയം കൂട്ടൂെകട്ടിൽ മാണി നിലപാട് മയെപ്പടുത്തിയതിനുപിന്നാലെ ജോസ് കെ. മാണി കോൺഗ്രസിനെതിരെ ആഞ്ഞടിച്ചതും പാർട്ടിയിൽ ചിലർ പ്രശ്നം ഉണ്ടാക്കാൻ ശ്രമിക്കുെന്നന്ന പരാമർശവും ജോസഫിനെ പ്രകോപിപ്പിച്ചതായാണ് വിവരം. ഇതോെടയാണ് യോഗം ബഹിഷ്കരിക്കാൻ ജോസഫും മോൻസ് ജോസഫും തീരുമാനിച്ചത്. ഇതോടെ പാർട്ടി എം.എൽ.എമാരെ മുഴുവൻ അണിനിരത്തി കോൺഗ്രസ് വിമർശനത്തെ പ്രതിരോധിക്കാമെന്ന മാണിയുടെയും ജോസ് കെ. മാണി എം.പിയുടെയും നീക്കം പാളി.
ജോസ് കെ. മാണിയുടെ നേതൃത്വത്തിൽ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിൽ ജോസഫ് അനുകൂലികൾ കടുത്ത അതൃപ്തിയിലുമാണ്. ജോസ് കെ. മാണിയുടെ അപ്രമാദിത്വത്തിൽ മാണിക്കൊപ്പം നിൽക്കുന്നവർക്കും പരിഭവമുണ്ട്. ഇതിനിടെ, മാണിെയയും മകനെയും ഒറ്റെപ്പടുത്താൻ ലക്ഷ്യമിട്ട് കോൺഗ്രസും കേരള കോൺഗ്രസ് എം.എൽ.എമാരെ ബന്ധപ്പെടുന്നു.
എല്ലാ പരിഗണനയും നല്കി ഘടകകക്ഷിയാക്കി നിലനിര്‍ത്താമെന്ന സന്ദേശമാണ് പി.ജെ. ജോസഫിന് കോണ്‍ഗ്രസ് നേതാക്കള്‍ നൽകിയത്. കെ.സി. ജോസഫാണ് ഇത്തരം ഇടപെടലുകൾക്ക് നേതൃത്വം നൽകുന്നത്. പരമാവധി പേരെ യു.ഡി.എഫ് പാളയത്തില്‍ നിലനിര്‍ത്തണമെന്നാണ് കോണ്‍ഗ്രസ് ജോസഫിനോട് ആവശ്യപ്പെട്ടത്. മാണി ഇടതിലേക്ക് നീങ്ങിയാൽ ഫ്രാന്‍സിസ് ജോര്‍ജിെൻറ ജനാധിപത്യ കേരള കോണ്‍ഗ്രസിനെ ജോസഫ് ഗ്രൂപ്പിനൊപ്പം ലയിപ്പിക്കാനും അണിയറയില്‍ ചര്‍ച്ച പുരോഗമിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.