കോട്ടയം: യു.ഡി.എഫിലേക്ക് തിരിച്ചുപോകുന്നതിനെക്കുറിച്ച് ഇനി ചർച്ച വേണ്ടെന്ന് കേരള കോൺഗ്രസ് എം ജോസ് വിഭാഗം സ്റ്റിയറിങ് കമ്മിറ്റിയിൽ തീരുമാനം. ഇത്തരം ചിന്ത ആർക്കും വേണ്ടെന്ന് പ്രമുഖ നേതാക്കൾ വ്യക്തമാക്കി. യു.ഡി.എഫിൽനിന്ന് പുറത്താക്കപ്പെട്ട സാഹചര്യത്തിൽ ചേർന്ന സ്റ്റിയറിങ് കമ്മിറ്റിയിൽ കോൺഗ്രസിനും യു.ഡി.എഫിനും എതിരെ രൂക്ഷവിമർശനം ഉയർന്നു.
കെ.എം. മാണിയുടെ ഹൃദയം മുറിച്ചുമാറ്റിയ യു.ഡി.എഫുമായി ഇനി ചര്‍ച്ചയില്ലെന്ന് ജോസ് കെ. മാണി തുറന്നടിച്ചു. ഇടതു മുന്നണി പ്രവേശനത്തോടാണ് ബഹുഭൂരിപക്ഷത്തിനും താൽപര്യം. അവർ നിലപാട് വ്യക്തമാക്കിയ ശേഷം തീരുമാനമെടുക്കും.
ഇതിനായി ജോസ് കെ. മാണിയുടെ നേതൃത്വത്തിൽ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തി. അതുവരെ സ്വതന്ത്ര നിലപാടുമായി മുന്നോട്ടുപോകും. തദ്ദേശ തെരഞ്ഞെടുപ്പിനു മുമ്പ് തീരുമാനം ഉണ്ടാകും. എന്നാൽ, ഏതെങ്കിലും മുന്നണിയിൽ തിടുക്കത്തിൽ ചേരുന്നതിൽ ചിലർ അതൃപ്തി പ്രകടിപ്പിച്ചു. ബി.ജെ.പിയുമായി ഒരുകൂട്ടുകെട്ടും പാടില്ലെന്നും തീരുമാനം ഉണ്ടായി. യു.ഡി.എഫിെൻറ ശക്തികേന്ദ്രങ്ങളായ കാഞ്ഞിരപ്പള്ളി, ഇടുക്കി നിയമസഭ സീറ്റുകളിൽ തിരിച്ചടി ഉണ്ടാകുമോയെന്ന ആശങ്കയും ഉയർന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുമായി സഹകരിച്ച് ശക്തി തെളിയിച്ചശേഷം മതി ഇടതു മുന്നണി പ്രവേശനമെന്നും അഭിപ്രായം ഉയർന്നു.
സി.പി.ഐയുടെയും പാലായിൽ മാണി സി. കാപ്പെൻറയും എതിർപ്പും ചർച്ച ചെയ്തു. മാണി സി. കാപ്പൻ മുഖ്യമന്ത്രിയെ കണ്ട് ആശങ്ക പങ്കുവെച്ചതും കാനം രാജേന്ദ്രെൻറ പരസ്യപ്രസ്താവനയും വിശദ ചർച്ചയായി. എങ്കിലും ഇടതു നേതൃത്വവുമായി വൈകാതെ ചർച്ച ഉണ്ടാകും. അതിനിടെ ജോസ് പക്ഷത്തെ പുറത്താക്കിയ നടപടിയിൽ യു.ഡി.എഫിലും ഭിന്നസ്വരം ഉയർന്നിട്ടുണ്ട്. ചർച്ചക്ക് വാതിൽ അടച്ചിട്ടിെല്ലന്ന കോൺഗ്രസ് നേതാക്കളുടെ അഭിപ്രായം ഇതേതുടർന്നാണ്.ജോസ് കെ. മാണിയെ യു.ഡി.എഫില്‍നിന്ന് പുറത്താക്കിയ നടപടി അന്തിമമല്ലെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിരുന്നു.
കോട്ടയം ജില്ല പഞ്ചായത്തിൽ ഉടൻ അവിശ്വാസപ്രമേയമില്ല
കോട്ടയം: യു.ഡി.എഫിൽനിന്ന് കേരള കോൺഗ്രസ് -ജോസ് വിഭാഗത്തെ പുറത്താക്കിയെങ്കിലും കോട്ടയം ജില്ല പഞ്ചായത്തിൽ ഉടൻ അവിശ്വാസം കൊണ്ടുവരേണ്ടതില്ലെന്ന് കോൺഗ്രസ്.
22 അംഗ ഭരണസമിതിയിൽ കോൺഗ്രസ് എട്ട്, കേരള കോൺഗ്രസ് -ജോസ് വിഭാഗം നാല്, കേരള കോൺഗ്രസ് -ജോസഫ് വിഭാഗം രണ്ട്, സി.പി.എം-ആറ്, സി.പി.ഐ-ഒന്ന്, ജനപക്ഷം-ഒന്ന് എന്നതാണ് കക്ഷിനില. കോൺഗ്രസും ജോസഫും ചേർന്നാൽ അവിശ്വാസത്തിന് 10 പേരുടെ പിന്‍തുണയാണുണ്ടാവുക. ജനപക്ഷത്തിെൻറ പിന്തുണയും ഇവർ പ്രതീക്ഷിക്കുന്നു. ഇങ്ങനെ വന്നാൽ 11 പേരാകും ഒപ്പമുണ്ടാകുക. അതേസമയം, മറുഭാഗത്ത് ജോസ് പക്ഷത്തെ എൽ.ഡി.എഫ് പിന്തുണച്ചാൽ 11 പേരാകും. ഈ സാഹചര്യത്തിൽ ഭാഗ്യപരീക്ഷണത്തിന് നിൽക്കേണ്ടതില്ലെന്നാണ് കോൺഗ്രസ് നിലപാട്. ചർച്ചകൾക്കുള്ള വാതിലുകൾ യു.ഡി.എഫ് തുറന്നിട്ട സാഹചര്യത്തിൽ ജോസ് വിഭാഗത്തെ വീണ്ടും പ്രകോപിപ്പിക്കേണ്ടതില്ലെന്നാണ് ഉമ്മൻ ചാണ്ടി അടക്കമുള്ള നേതാക്കൾ ജില്ല കോൺഗ്രസ് നേതൃത്വത്തിന് നൽകിയ സന്ദേശം. ഇതുകൂടി കണക്കിലെടുത്താണ് വേഗം അവിശ്വാസം വേണ്ടെന്ന ധാരണ.
നേരേത്ത, കേരള കോൺഗ്രസ് സി.പി.എമ്മുമായി േചർന്ന് ഭരണം നടത്തിയിരുന്നു. അന്ന് പക്ഷേ, തെരഞ്ഞെടുപ്പിൽനിന്ന് സി.പി.ഐ അംഗം വിട്ടുനിന്നു. ഇത്തരമൊരു എതിർ നിലപാടിലേക്ക് സി.പി.ഐ നീങ്ങുമോയെന്നും കോൺഗ്രസ് നോക്കുന്നുണ്ട്. സി.പി.ഐ വിട്ടുനിൽക്കുമെങ്കിൽ അടുത്തഘട്ടത്തിൽ അവിശ്വസം കൊണ്ടുവരുന്ന കാര്യം തീരുമാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.