പുതിയ മദ്യനയം നിയമസഭ സമ്മേളന ശേഷം മാത്രം

തിരുവനന്തപുരം: പുതിയ മദ്യനയം സംബന്ധിച്ച എല്‍.ഡി.എഫ് തീരുമാനം നിയമസഭ സമ്മേളനശേഷം മാത്രം. നിലവിലെ മദ്യനയം അഴിച്ചുപണിതുള്ളതാവും പുതിയത്. നിയമസഭ സമ്മേളനം അവസാനിക്കുന്ന മാര്‍ച്ച് 16ന് ശേഷം ഇതുസംബന്ധിച്ച ചര്‍ച്ച ആരംഭിക്കാനാണ് ധാരണ. എപ്രില്‍ ഒന്നിന് മുമ്പ് പുതിയനയം പ്രഖ്യാപിക്കേണ്ടതുമുണ്ട്. എന്നാല്‍ കക്ഷിനേതൃത്വങ്ങള്‍ തമ്മില്‍ പ്രകടനപത്രികയുടെ അടിസ്ഥാനത്തില്‍ ചര്‍ച്ചനടത്തി അന്തിമധാരണയില്‍ എത്തണമെന്നാണ് സി.പി.എം, സി.പി.ഐ നിലപാട്. ഇരുപാര്‍ട്ടി നേതൃത്വത്തിലും നിലവില്‍തന്നെ ഏകദേശ ധാരണ ഉരുത്തിരിഞ്ഞിട്ടുണ്ട്. മദ്യവര്‍ജനമെന്ന എല്‍.ഡി.എഫ് പ്രകടനപത്രികയിലെ നിലപാടാവും നയത്തിന്‍െറ ആധാരം.

ഫോര്‍ സ്റ്റാര്‍ വരെയുള്ള ബാറുകള്‍ പൂട്ടിയെന്ന യു.ഡി.എഫ് നിലപാടിനെ ആദ്യംമുതല്‍ തന്നെ സി.പി.എമ്മും സി.പി.ഐയും ചോദ്യംചെയ്തിരുന്നു. ബാര്‍ പൂട്ടിയിട്ടില്ളെന്നാണ് കാനം രാജേന്ദ്രന്‍ അടക്കമുള്ളവര്‍ പരസ്യമായി പ്രസ്താവിച്ചത്. മദ്യനിരോധനം പറഞ്ഞ യു.ഡി.എഫ് നിയമസഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതും എല്‍.ഡി.എഫിന് 91 സീറ്റ് ലഭിച്ചതും തങ്ങളുടെ നിലപാടിന്‍െറ അംഗീകാരമായും അവര്‍ കാണുന്നു.

നോട്ട് നിരോധനം ഉള്‍പ്പെടെയുള്ള സാമ്പത്തികമാന്ദ്യം കാരണം സംസ്ഥാനത്തിനുണ്ടായ നഷ്ടം നികത്താന്‍ ടൂറിസം മേഖലക്ക് ഇളവ് നല്‍കണമെന്ന വാദം ധനവകുപ്പിനുമുണ്ട്. മദ്യനിയന്ത്രണം ടൂറിസത്തെ ബാധിച്ചെന്ന് മന്ത്രി തോമസ് ഐസക് പ്രതികരിച്ചത് ഈ സാഹചര്യത്തിലാണ്. ടൂറിസം മേഖലക്ക് ഇളവ് നല്‍കുന്നതില്‍ സി.പി.ഐക്കും എതിരഭിപ്രായമില്ല. മാത്രമല്ല വര്‍ഷംതോറും പത്ത് ശതമാനം ബിവറേജസ് മദ്യവില്‍പനശാലകള്‍ പൂട്ടുമെന്ന യു.ഡി.എഫ് പ്രഖ്യാപനം നടപ്പാക്കാന്‍ എല്‍.ഡി.എഫിന് ബാധ്യതയില്ളെന്ന നിലപാടും അവര്‍ക്കുണ്ട്. സി.പി.എം നിലപാടും സമാനമാണ്.

എന്നാല്‍ തിരക്ക് പിടിച്ച് ഇപ്പോള്‍ ചര്‍ച്ചക്ക് ഇടനല്‍കിയാല്‍ സര്‍ക്കാറിനെതിരെ സാമുദായിക സംഘടനകളെ കൂട്ടുപിടിച്ച് പ്രതിപക്ഷം സമരമുഖം തുറക്കുമെന്ന് എല്‍.ഡി.എഫ് കണക്കുകൂട്ടുന്നു. സര്‍ക്കാറിന്‍െറ ബജറ്റും പുതിയ പ്രഖ്യാപനങ്ങളും പൊതുസമൂഹത്തില്‍ ചര്‍ച്ചയാവാതെ പോകുന്നതിനും ഇത് ഇടവരുത്തും. അതിനാല്‍ മാധ്യമചര്‍ച്ചകള്‍ക്കും മറ്റും കൂടുതല്‍ ഇടനല്‍കാതെ എല്‍.ഡി.എഫ് ചേര്‍ന്ന് ധാരണയിലത്തെി സര്‍ക്കാറിനെ ചുമതലപ്പെടുത്തുകയാവും ചെയ്യുക.

Tags:    
News Summary - kerala govt new liquor policy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.