ഒരിടത്തും ഇരിപ്പുറക്കാത്ത വസ്തുവാണ് ബിരിയാണി ചെമ്പ്. ഇന്നിവിടെയാണെങ്കിൽ നാളെ മറ്റൊരിടത്ത്. എവിടെ വേണമെങ്കിലും ആർക്കും കൊണ്ടു പോകാം. ആരു വിളിച്ചാലും കിട്ടും. കെ എം മാണിയുടെ കാര്യവും ഏതാണ്ട് ബിരിയാണി ചെമ്പിനു തുല്യമാണിപ്പോൾ. രാഷ്ട്രീയത്തിൽ പ്രത്യേക നിലപാടൊന്നും മാണിക്കില്ല. എൽ.ഡി.എഫിലേക്ക് സി.പി.എം വിളിക്കുന്നു. എൻ.ഡി.എയിലേക്ക് കുമ്മനം വിളിക്കുന്നു. യു.ഡി.എഫിലേക്ക് കോൺഗ്രസ് തിരിച്ചു വിളിക്കുന്നു. എവിടെ വേണമെങ്കിലും പോകാം. ഏതു വേണമെന്ന് മാണിക്ക് തീരുമാനിക്കാം. ആശയാദർശങ്ങളുടെ വിലക്കുകളൊന്നുമില്ല. വേറെ ഏതെങ്കിലും പാർട്ടിക്ക് ഇങ്ങിനെയൊരു സവിശേഷ ജാതകം ഉള്ളതായി അറിവില്ല. എല്ലാവർക്കും ഒരു പോലെ സ്വീകാര്യമായ, ആർക്കും ബിരിയാണി വെക്കാൻ പറ്റിയ ചെമ്പായി മാറിയിരിക്കുകയാണ് മാണിയുടെ കേരളാ കോൺഗ്രസ്.
ഇടത്തും വലത്തും ഇല്ലാതെ മാണി വെയിലത്തു നിൽക്കാൻ തുടങ്ങിയിട്ട് നാള് കുറേയായി. യു.ഡി.എഫ് പുറത്താക്കിയതല്ല, മാണി സ്വയം പോയതാണെന്ന് ഉമ്മൻചാണ്ടിയും ചെന്നിത്തലയും ആവർത്തിച്ചു പറയുന്നുണ്ട്. പക്ഷേ, അമ്പിനും വില്ലിനും അടുക്കാതെ മാറി നിൽക്കുകയാണ് മാണി. ബാറിൽ കോഴ വാങ്ങി എന്ന ആരോപണത്തിലാണ് യു.ഡി.എഫ് കാലത്ത് മാണി നാണം കെട്ടത്. അര നൂറ്റാണ്ടിന്റെ സംശുദ്ധ രാഷ്ട്രീയ പാരമ്പര്യവുമായി തിളങ്ങി നിന്ന മാണി പെട്ടെന്നാണ് കെട്ടു പോയത്. സാമ്പത്തിക ആരോപണങ്ങളുടെ പെരുമഴയാണ് നിർത്താതെ പെയ്തത്. മാണി ബജറ്റുകൾ വിറ്റിരുന്നുവെന്നും പാലായിലെ വീട്ടിൽ നോട്ടടിക്കുന്ന യന്ത്രം ഉണ്ടെന്നും ആക്ഷേപം ഉയർന്നു. ബാർ കോഴക്ക് പിന്നിൽ തനിക്കെതിരെ കോൺഗ്രസിൽ ഉന്നതതല ഗൂഢാലോചന നടന്നെന്നാണ് മാണി ഉറച്ചു വിശ്വസിക്കുന്നത്. അതിനാൽ കോൺഗ്രസുമായി പുനഃസമാഗമം മാണി ആഗ്രഹിക്കുന്നില്ല. ഏതു വിധേനയും എൽ.ഡി.എഫിൽ കടന്നു കൂടണമെന്ന ഉൽക്കട ആഗ്രഹമാണ് മാണിയുടെ ഉള്ളിൽ. അതിനു പക്ഷേ കടമ്പകൾ ഏറെയാണ്.
മാണിക്കെതിരെ നടത്തിയ അഴിമതി വിരുദ്ധ സമരമെല്ലാം സി.പി.എം മറന്നെങ്കിലും സി.പി.ഐ അതിനൊരുക്കമല്ല. മാണി അഴിമതിക്കാരനാണെന്നും കൂടെ കൂട്ടിയാൽ ഇടതു പക്ഷത്തിന്റെ പ്രതിഛായ തകരുമെന്നുമാണ് കാനം രാജേന്ദ്രന്റെ വാദം. കൊക്കിൽ ജീവനുള്ള കാലത്തോളം മാണിയെ എടുക്കാൻ കാനം സമ്മതിക്കില്ല. മാണി മുന്നണിയിൽ വന്നാൽ സി.പി.ഐയുടെ പ്രസക്തി കുറയുമെന്ന ആശങ്കയാണ് ഇതിന്റെ പിന്നിലെന്നാണ് സി.പി.എമ്മുകാർ അടക്കം പറയുന്നത്. കാനത്തെ മെരുക്കാൻ സി.പി.ഐയുടെ ദേശീയ നേതാക്കളെ ഇടപെടുവിച്ചിട്ടും ഫലമുണ്ടായില്ല. പാർട്ടിയുടെ കേരളാഘടകം തീരുമാനിക്കട്ടെ എന്നാണ് അവർ പറഞ്ഞത്.
മാണിയുടെ വോട്ടു കൂടി കിട്ടിയാൽ ചെങ്ങന്നൂരിൽ ജയിച്ചു കയറാമെന്ന ശുഭ പ്രതീക്ഷയിലാണ് സി.പി.എം. ശോഭനാ ജോർജിന്റെ വരവോടെ പാർട്ടി മുന്നോട്ടു കുതിച്ചു. ഇനി മാണി കൂടി വന്നാൽ മേൽകീഴ് നോക്കേണ്ടതില്ല. സജി ചെറിയാന് വോട്ടു കൊടുക്കാൻ മാണി ഒരുക്കമാണ്. പക്ഷേ, മുന്നണി പ്രവേശനത്തിൽ ഉറപ്പു കിട്ടണം. ചെങ്ങന്നൂരിൽ വോട്ടു തരൂ, ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞു മറ്റു കാര്യങ്ങൾ തീരുമാനിക്കാം എന്നാണ് സി.പി.എം നേതാക്കൾ പറയുന്നത്. അതു പോരാ, പാലം കടക്കും മുേമ്പ തീരുമാനം വേണമെന്നു മാണിക്ക് നിർബന്ധം. സി.പി.എമ്മിനെ അങ്ങനെ കണ്ണടച്ചു വിശ്വസിക്കാൻ മാണി ഒരുക്കമല്ല. കാരണം സി.പി.എമ്മിന്റെ ഉറപ്പിൽ കോൺഗ്രസ് പിളർത്തി ഡി.ഐ.സി ഉണ്ടാക്കിയ കെ. കരുണാകരന്റെയും കെ. മുരളീധരന്റെയും അനുഭവം മുന്നിലുണ്ട്. മുസ്‌ലിം ലീഗിനെ പിളർത്തി ഐ.എൻ.എൽ ഉണ്ടാക്കിയ ഇബ്രാഹിം സുലൈമാൻ സേട്ടിനു സംഭവിച്ചതും മാണി മറന്നിട്ടില്ല.
യു.ഡി.എഫിലേക്കു മടങ്ങാൻ മാണിക്ക് വലിയ തയ്യാറെടുപ്പുകളൊന്നും വേണ്ടതില്ല. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും പല തവണ ക്ഷണിച്ചതാണ്. എന്നാൽ തനിക്കെതിരെ ഗൂഢാലോചന നടത്തിയവരോട് ഇനിയെങ്ങിനെ കൂട്ട് കൂടും എന്ന ശങ്കയായിരുന്നു അപ്പോഴെല്ലാം. അന്നു കാണിച്ച താൽപര്യം കോൺഗ്രസ് നേതാക്കളിൽ ഇപ്പോൾ കാണാനുമില്ല. മാണി വേണമെങ്കിൽ തിരിച്ചു വന്നോട്ടെ, ഉപാധികളൊന്നും വേണ്ട എന്നാണ് അവരുടെ നിലപാട്. പ്രാദേശിക തലത്തിൽ കോൺഗ്രസും കേരളാ കോൺഗ്രസും വലിയ അകൽച്ചയിലാണ്താനും. കോട്ടയത്തു അതു പ്രകടമാണ്. ഇറങ്ങി പോന്നതു പോലെ തിരിച്ചു കേറുന്നതിൽ നാണക്കേടുമുണ്ട്.
മാണിയുടെ മുന്നിലെ പ്രശ്നം ചെങ്ങന്നൂരല്ല. അടുത്ത വർഷം നടക്കാൻ പോകുന്ന ലോക്സഭാ തെരഞ്ഞെടുപ്പാണ്. യു.ഡി.എഫ് ആയി മത്സരിച്ചാൽ കോട്ടയത്തു ജോസ്മോനു കോൺഗ്രസുകാർ പണി കൊടുക്കുമോയെന്നു പേടി. യു.ഡി.എഫിെൻറ ഒന്നാം നമ്പർ സീറ്റായ വയനാട്ടിൽ മാണി കണ്ണെറിഞ്ഞത് അതിനാലാണ്. ലീഗിനു ശക്തിയുള്ള മണ്ഡലമാണിത്. ലീഗ് നേതാക്കളെ ഇടപെടുവിക്കാൻ മാണി ശ്രമം നടത്തിയെങ്കിലും ലക്‌ഷ്യം കണ്ടിട്ടില്ല.
എൻ.ഡി.എയിൽ ചേരുന്ന കാര്യത്തിലും മാണി എതിരായി ഒന്നും പറഞ്ഞിട്ടില്ല. പക്ഷേ, എൽ.ഡി.എഫിൽ കാനമാണ് വില്ലനെങ്കിൽ എൻ.ഡി.എയിൽ ഈ റോൾ വി. മുരളീധരനാണ് നിർവഹിക്കുന്നത്. മാണിയുടെ കാര്യം ചോദിച്ചപ്പോൾ കൊള്ളക്കാരെ കുറിച്ചാണ് മുരളീധർജിയുടെ മറുപടി. എല്ലാവർക്കും വേണ്ടപ്പെട്ടവനായി നിന്നു ഒടുവിൽ ആർക്കും വേണ്ടാതെ, എടുക്കാത്ത നാണയമായി മാണി മാറുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.