കോഴിക്കോട്: എൽ.ഡി.എഫിൽ കയറാമെന്ന പ്രതീക്ഷ അസ്തമിച്ചതോടെ കെ.എം. മാണി യു.ഡി.എഫിലേക്ക് തിരിച്ചുപോക്കിനു വഴിതേടുന്നു. ലോക്സഭ തെരഞ്ഞെടുപ്പിനു തയാറെടുപ്പുകൾ ആരംഭിക്കാൻ ഇനി അധികസമയം ഇല്ലാത്തതിനാൽ കാലവിളംബമില്ലാതെ മുന്നണി പുനഃപ്രവേശം സാധ്യമാക്കാനുള്ള നീക്കത്തിലാണ് മാണി. മുസ്ലിം ലീഗിനെയാണ് ഇതിനു മാണി ആശ്രയിക്കുന്നത്. ലീഗ് മുൻകൈയെടുത്തു കോൺഗ്രസ് നേതാക്കളുമായി ചർച്ച വൈകാതെ നടക്കും. ഇതിൽ പുതിയ ചില ഡിമാൻഡുകൾ മാണി മുന്നോട്ടുവെക്കാനിടയുണ്ട്.
യു.ഡി.എഫിൽ തിരിച്ചെത്തിയാലും കോട്ടയം ലോക്സഭ സീറ്റ് ജോസ് കെ. മാണിക്ക് സുരക്ഷിതമല്ല എന്നാണ് കേരള കോൺഗ്രസ് ഉന്നത നേതൃത്വത്തിെൻറ വിലയിരുത്തൽ. കോൺഗ്രസ് വോട്ടുകളിൽ ഗണ്യമായ ഭാഗം നഷ്ടപ്പെടുമെന്ന് അവർ കണക്കു കൂട്ടുന്നു. കോട്ടയത്ത് അത്രയേറെ അകന്നുപോയിട്ടുണ്ട് ഇരുപാർട്ടികളുടെയും അണികൾ. അതിനാൽ, മുസ്ലിം ലീഗിന് സ്വാധീനമുള്ള സംസ്ഥാനത്തെ യു.ഡി.എഫിെൻറ ഒന്നാം നമ്പർ സീറ്റായ വയനാട് വിട്ടുകിട്ടണമെന്നാണ് മാണിയുടെ ആവശ്യം. ഇതു ലീഗ് നേതൃത്വത്തെ മാണി അറിയിച്ചിട്ടുണ്ട്. എന്നാൽ, സംസ്ഥാന കോൺഗ്രസ് അത്ര എളുപ്പത്തിൽ സീറ്റ് വിട്ടുകൊടുക്കാൻ സാധ്യതയില്ല. അങ്ങനെ വരുമ്പോൾ ഹൈകമാൻഡിനെ ഇടപെടുവിച്ച് സീറ്റ് വാങ്ങാമെന്നാണ് മാണിയും ലീഗും കരുതുന്നത്.
മാണിക്ക് വലിയ പ്രതീക്ഷ നൽകിയ സി.പി.എം ഇപ്പോൾ പിന്മാറ്റത്തിെൻറ പാതയിലാണ്. സി.പി.ഐയുടെ പിന്തുണയോടെ കേരള കോൺഗ്രസിനെ ഇടതു മുന്നണിയിലെടുക്കാൻ കഴിയില്ല. ഇടതു മുന്നണി വിട്ട ജെ.ഡി.യു, ആർ.എസ്.പി എന്നിവരല്ലാതെ മറ്റൊരു പാർട്ടിയും മുന്നണിയിൽ വരുന്നതിനോട് സി.പി.ഐ അനുകൂലമല്ല. സി.പി.ഐയെ പിണക്കി അങ്ങനെയൊരു തീരുമാനമെടുക്കാൻ സി.പി.എമ്മിനും കഴിയില്ല. സി.പി.എം അണികളും അനുഭാവികളുമാകട്ടെ, മാണിയെ ഉൾക്കൊള്ളാൻ തയാറുമല്ല. സംസ്ഥാനത്തെ ഏറ്റവും വലിയ അഴിമതിക്കാരനായി മാണിയെ ചിത്രീകരിച്ച് പാർട്ടി നടത്തിയ പ്രചാരണം മറക്കാൻ സമയമായിട്ടില്ല എന്നതു തന്നെ കാരണം. ചുരുക്കത്തിൽ മാണിയെ ചുറ്റിപ്പറ്റി കെട്ടിയുയർത്തിയ പ്രതീക്ഷകൾ കൈവിടാൻ സി.പി.എം നേതൃത്വം നിർബന്ധിതമായിരിക്കുകയാണ്.
മുന്നണി വിപുലീകരിക്കാതെ ഭരണത്തുടർച്ച ഉണ്ടാകില്ലെന്നതാണ് സി.പി.എം നേതാക്കളുടെ കെ.എം. മാണി പ്രേമത്തിനു പിന്നിൽ. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പും അടുത്തവർഷം നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പും സി.പി.എമ്മിനു വലിയ വെല്ലുവിളികളാണ്. ഭരണം രണ്ടാം വർഷത്തേക്ക് അടുക്കുമ്പോൾ സർക്കാറും പാർട്ടിയും ഒരുപോലെ പ്രതിസന്ധിയിലാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും മന്ത്രിമാരുടെ കാര്യക്ഷമതയില്ലായ്മയും സർക്കാറിനെ പിറകോട്ടടിപ്പിക്കുന്നു. ബി.ജെ.പിയും കോൺഗ്രസും ഒരുപോലെ അക്രമ പാർട്ടിയെന്നും കൊലയാളി പാർട്ടിയെന്നും സി.പി.എമ്മിനെ വിളിക്കുന്നു.
ഇതു പ്രതിരോധിക്കാൻ പാർട്ടിക്ക് കഴിയുന്നില്ല. ഷുഹൈബ് വധത്തോടെ മുസ്ലിം ന്യൂനപക്ഷം വലിയതോതിൽ സി.പി.എമ്മിന് എതിരായി. കാര്യമായ രീതിയിൽ തെറ്റുതിരുത്തൽ ഉണ്ടായില്ലെങ്കിൽ സി.പി.എം വൻവില കൊടുക്കേണ്ടിവരുമെന്നതാണ് അവസ്ഥ. എൽ.ഡി.എഫ് ബന്ധത്തിനു പോയതിെൻറ പേരിൽ കെ.എം. മാണിയും പ്രതിരോധത്തിലാണ്. പാർട്ടിയിൽ ആശയക്കുഴപ്പം ഉണ്ടായി എന്നതുമാത്രമാണ് ഇതിെൻറ ഏക ഫലം. ക്രൈസ്തവ വിഭാഗത്തിെൻറ പിന്തുണ പഴയ കാലങ്ങളിലെപ്പോലെ ഇന്നു കേരള കോൺഗ്രസിനില്ല. തെക്കൻ ജില്ലകളിൽ മിക്കയിടങ്ങളിലും ക്രിസ്ത്യൻ മേഖലകളിൽ കോൺഗ്രസാണ് വലിയ പാർട്ടി. മുന്നണി പുനഃപ്രവേശനം നടന്നാലും അകൽച്ച ഇല്ലാതാകാൻ ഏറെ സമയമെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.