ന്യൂഡല്‍ഹി: കൊടകര കുഴല്‍പ്പണ കേസ്: പൊലീസ് ഇ.ഡിക്ക് രേഖകള്‍ കൈമാറാത്തത് എന്തുകൊണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് (പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കൊടകര കുഴല്‍പ്പണ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കേരള പോലീസ് രേഖകള്‍ നല്‍കുന്നില്ലെന്നാണ് പാര്‍ലമെന്റില്‍ ഹൈബി ഈഡന്‍ എം.പിക്ക് കേന്ദ്ര മന്ത്രി മറുപടി നല്‍കിയത്. കൊടകര കുഴല്‍പ്പണക്കേസും സ്വര്‍ണക്കടത്ത് കേസും ഒത്തുതീര്‍പ്പാക്കിയെന്ന പ്രതിപക്ഷ ആരോപണം ശരി വയ്ക്കുന്ന മറുപടിയാണിത്.
എല്ലാ കാര്യങ്ങളിലും ഗവര്‍ണര്‍ക്കൊപ്പം നിന്ന മുഖ്യമന്ത്രി ഗവര്‍ണര്‍ വിരോധത്തിന്റെ പേരില്‍ ചാമ്പ്യനാകാനാണ് ശ്രമിക്കുന്നത്. ചാന്‍സലര്‍ സ്ഥാനത്ത് തുടരണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് മൂന്ന് കത്തുകളെഴുതി. ഗവര്‍ണര്‍ക്ക് പകരം ഏര്‍പ്പെടുത്തിയിരിക്കുന്ന സംവിധാനം സര്‍വകലാശാലകളെ മാര്‍ക്‌സിസ്റ്റ് വത്ക്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഗവര്‍ണറും സര്‍ക്കാരും ചേര്‍ന്നാണ് ക്രമരഹിതമായ എല്ലാ നിയമനങ്ങളും നടത്തിയത്. സുപ്രീം കോടതിയിലും സര്‍ക്കാരിനൊപ്പമായിരന്നു ഗവര്‍ണര്‍.
പുതിയ നിയമ ഭേദഗതി അനുസരിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സ്പീക്കറും ചേര്‍ന്നാണ് ചാന്‍സലറെ തെരഞ്ഞെടുക്കുന്നത്. അവിടെ പ്രതിപക്ഷ നേതാവിന് എന്ത് റോളാണുള്ളതെന്ന് വ്യക്തമാക്കണം. സര്‍ക്കാരിനെതിരെ ഏതെങ്കിലും സ്പീക്കര്‍ക്ക് നിലാപാടെടുക്കാന്‍ സാധിക്കുമോയെന്നും അദ്ദേഹം ചേദിച്ചു.
ഇഷ്ടക്കാരെ തിരുകിക്കയറ്റാന്‍ വേണ്ടിയാണ് നിയമ ഭേദഗതി. ഗവര്‍ണര്‍ക്ക് പകരം റിട്ടയേഡ് സുപ്രീം കോടതി ജസ്റ്റിസ്റ്റിസോ വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസോ ചാന്‍സലര്‍ ആകണം. സര്‍വകലാശാലകളില്‍ നടക്കുന്ന കാര്യങ്ങള്‍ നിയമപരമായി പുനപരിശോധിക്കാനുള്ള സംവിധാനം രാജ് ഭവനിലുണ്ട്. ഗവര്‍ണറെ മാറ്റി പുതിയ ചാന്‍സലറെ വയ്ക്കുമ്പോള്‍ ഇത്തരം പരിശോധനകളൊക്കെ ഒഴിവാക്കി ഇഷ്ടക്കാരെ നിയമിക്കാനുള്ള പകരം സംവിധാനമാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പ്രതിപക്ഷത്ത് ഒരു അസ്വാരസ്യവുമില്ല. എല്ലാവരും ഒരു പാര്‍ട്ടിയായാണ് നിയമസഭയില്‍ പ്രവര്‍ത്തിക്കുന്നത്. അതില്‍ കുഴപ്പമുണ്ടാക്കാനാണ് ഗോവന്ദന്‍ മാഷും സി.പി.എമ്മും ശ്രമിച്ചത്. കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ചവര്‍ക്ക് തിരിച്ചടി കിട്ടിയിരിക്കുകയാണ്. ഇപ്പോള്‍ സി.പി.എമ്മിലാണ് പ്രശ്‌നം. കാനം രാജേന്ദ്രന്‍ പറഞ്ഞതു പോലെ യു.ഡി.എഫില്‍ ഐക്യം ശക്തമായി. ഉത്തരത്തില്‍ ഇരിക്കുന്നത് എടുക്കാന്‍ ശ്രമിച്ചപ്പോള്‍ കക്ഷത്തില്‍ ഇരിക്കുന്നത് പോയെന്ന അവസ്ഥയിലാണ് സി.പി.എം എന്നും വി.ഡി സതീശൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.