കോഴിക്കോട്: ഇന്ത്യ-ചൈന അതിർത്തിയിയിൽ ജവാന്മാർ കൊല്ലപ്പെട്ട വിഷയത്തിൽ സി.പി.എം പൊളിറ്റ്ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനക്കെതിരെ കെ.എസ്. ശബരീനാഥൻ എം.എൽ.എ.
'പ്രസ്താവനയിൽ ചൈന എന്ന വാക്ക് പരാമർശിക്കാതിരിക്കാൻ വല്ലാതെ കഷ്ടപെട്ടിരിക്കുന്നു. ചൈന എന്ന് പറയാൻ പാർട്ടി വിലക്കുണ്ടോ?' എന്ന് ശബരീനാഥൻ ഫേസ്ബുക് പോസ്റ്റിൽ ചോദിച്ചു.
കെ.എസ്. ശബരീനാഥൻ എം.എൽ.എയുടെ ഫേസ്ബുക്ക് പോസ്റ്റ്...
ഇപ്പോഴാണ് ശ്രദ്ധിച്ചത്. ഇന്ത്യ-ചൈന അതിർത്തിയിയിൽ ജവാന്മാർ മരണപ്പെട്ട വിഷയത്തിൽ സിപിഎമ്മിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ വന്ന പ്രസ്താവനയിൽ ചൈന എന്ന് വാക്ക് പരാമർശിക്കാതിരിക്കാൻ വല്ലാതെ കഷ്ടപെട്ടിരിക്കുന്നു. ചൈന എന്ന് പറയാൻ പാർട്ടി വിലക്കുണ്ടോ??
സി.പി.എം പുറത്തിറക്കിയ പ്രസ്താവനയിൽ ചൈനയുടെ പേര് എവിടെയും പരാമർശിക്കുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് ശബരീനാഥന്‍റെ വിമർശനം.
സി.പി.എം പൊളിറ്റ്ബ്യൂറോയുടെ പ്രസ്താവന...
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) പൊളിറ്റ് ബ്യൂറോ പുറത്തിറക്കിയ പ്രസ്താവന:
സംഘർഷം ലഘൂകരിക്കാനുള്ള പ്രക്രിയ പുരോഗമിക്കുന്നതിനിടെ ഗാൽവാൻ താഴ്‌വരയിൽ ഏറ്റുമുട്ടൽ നടന്നത് നിർഭാഗ്യകരമാണ്. ഇരുപക്ഷത്തെയും ഉന്നത കമാൻഡർമാർ ജൂൺ ആറിനു തമ്മിൽ കാണുകയും സേനാപിന്മാറ്റ ചർച്ചകൾക്ക് തുടക്കംകുറിക്കുകയും ചെയ്തശേഷമാണ് ഇതു സംഭവിച്ചത്.
ഇന്ത്യയുടെ സൈന്യത്തിലെ കേണലിന്റെയും രണ്ട് സൈനികരുടെയും മരണത്തിൽ സിപിഐ (എം) പൊളിറ്റ് ബ്യൂറോ അനുശോചനം രേഖപ്പെടുത്തുന്നു.
സംഘർഷത്തിനു അയവുവരുത്താൻ സംഭവസ്ഥലത്ത് ഇരുപക്ഷത്തെയും സൈനിക അധികൃതർ ചർച്ചകൾ നടത്തിവരികയാണെന്ന് കരസേന പ്രസ്താവിച്ചിട്ടുണ്ട്. ഇതുവഴി സമാധാനം ഉറപ്പാക്കണം. യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് ഇന്ത്യൻ സർക്കാർ ആധികാരികമായ പ്രസ്താവന ഇറക്കണം. അതിർത്തിയിൽ സമാധാനവും സ്വസ്ഥതയും നിലനിർത്താനായി അംഗീകരിക്കപ്പെട്ട ധാരണകളുടെ അടിസ്ഥാനത്തിൽ ഇരുസർക്കാരുകളും ഉന്നതതലത്തിൽ ചർച്ചകൾക്ക് തുടക്കമിടുകയും സേനപിന്മാറ്റം മുന്നോട്ടുകൊണ്ടുപോകുകയും ചെയ്യേണ്ടത് അനിവാര്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.