കൂട്ടിലടച്ച ലാലു പുറത്തുള്ള ലാലുവിനേക്കാളും കരുത്തനാണെന്ന് ബിഹ ാറിൽ ഏറ്റവും ഒടുവിൽ ബോധ്യമായത് കോൺഗ്രസുകാർക്കാണ്. ‘ലാലു മാജി ക്’ അപ്രസക്തമായി എന്ന മിഥ്യാധാരണയിൽ മുന്നിലിറങ്ങി കളിക്കാൻ ക ച്ചമുറുക്കിയ സാക്ഷാൽ രാഹുൽഗാന്ധിക്കും അനുയായികൾക്കും ഒടുവിൽ ഗേ ാകുലപാലകനായ ഇൗ യാദവനു മുന്നിൽ കുറ്റം ഏറ്റുപറഞ്ഞ് സാഷ്ടാംഗം പ്രണമിക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. ഇനിയുമൊരങ്കത്തിന് ബാല്യമുണ്ടെന്ന് അസാമാന്യ മെയ്വഴക്കത്തോടെ തെളിയിച്ച് കളി പഠിപ് പിക്കുകയാണ് ഇൗ മുൻ ബിഹാർ മുഖ്യൻ ചെയ്തത്.
കഴിഞ്ഞ ഫെബ്രുവരിയിൽ പട്നയിലെ ജൻ ആകാൻഷ റാലിക്കെത്തിയ ജനതതിയെ കണ്ട് ആവേശം മൂത്താണ് ബിഹാർ രാഷ്ട്രീയത്തിൽ കോൺഗ്രസ് ഇനി മുന്നിൽ കളിക്കുമെന്ന് രാഹുലിെൻറ പ്രഖ്യാപനം വന്നത്. ലാലുവിന് പഴയപോലെ ശൗര്യമില്ലെന്ന കണക്കുകൂട്ടലും, ബിഹാറിൽ കോൺഗ്രസിെൻറ നില നാൾക്കുനാൾ മെച്ചപ്പെട്ടുവരുന്നതും കണ്ടാണ് എ.െഎ.സി.സി അധ്യക്ഷൻ ഇൗ തുറുപ്പുശീട്ട് ഇറക്കിയത്.
ജയിലഴിക്കുള്ളിൽ വിഷാദപർവത്തിലായിരുന്നെങ്കിലും കോൺഗ്രസിെൻറ ഇൗ അവകാശവാദം ആസ്വദിച്ചും വെറ്റിലയിൽ പൊതിഞ്ഞ മുറുക്കാൻ വായിലിട്ട് ചവച്ചും ഉൗറി ചിരിക്കുകയായിരുന്നു കർഷകനായ ജനനേതാവ്. ചെറുകക്ഷികളെ കൂട്ടിന് വിളിച്ച് സീറ്റ് വിഭജന ചർച്ചയിലേക്ക് കടക്കുകയായിരുന്നു ഒരുകാലത്ത് ദേശീയ രാഷ്ട്രീയം പോലും അടക്കിഭരിച്ച രാഷ്ട്രീയ ചാണക്യൻ ആദ്യം ചെയ്തത്. അപകടം മണത്ത കോൺഗ്രസുകാർക്ക് ലാലുവിെൻറ മഹാസഖ്യത്തിൽ അണിചേരാനായി വിളിക്കാത്തിടത്തേക്ക് കടന്നുചെല്ലേണ്ടിവന്നു.
റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിലെ ‘കൽപിത ജയിൽ’ മുറിക്കു മുന്നിൽ സീറ്റ് മോഹികളും, നിഷേധിക്കപ്പെട്ടവരും മുതൽ ഘടകകക്ഷി നേതാക്കൾ വരെയുള്ളവരുടെ സീറ്റ് ചർച്ചയുടെ പതിവില്ലാത്ത കാഴ്ചയാണ്.
പതിറ്റാണ്ടുകൾ താണ്ടിയ രാഷ്ട്രീയ ഗ്രാഫിൽ ഉയരങ്ങൾ കീഴടക്കിയേ പരിചയമുണ്ടായിരുന്നുള്ളൂ. രണ്ടുതവണ ബിഹാർ മുഖ്യൻ, ഒരുതവണ കേന്ദ്ര കാബിനറ്റ് മന്ത്രി, അഞ്ചുതവണ ലോക്സഭാംഗം- ഇവിടെ അവസാനിക്കുന്നില്ല പട്ടിക. ഗോക്കളെ മേച്ചും പാലുകുടിച്ചുമാണ് കുടുംബം പുലർത്തിപോന്നതെന്ന് അഭിമാനപുരസ്സരം പറയുന്ന സാധാരണക്കാരിൽ സാധാരണക്കാരനാണ് കലിയുഗത്തിലെ ഇൗ യാദവൻ.
എതിരാളികളില്ലാതെ വിരാജിക്കുന്നതിനിടെ നിതീഷ്കുമാറിെൻറ യശസ്സിന് മുന്നിലാണ് ആദ്യം തലകുനിക്കേണ്ടിവന്നത്. തൊട്ടുപിന്നാലെ ജയിൽവാസത്തിന് വഴിയൊരുക്കിയ കോടതിവിധിയും. 77ാം വയസ്സുവരെ മത്സരിക്കാനാവില്ലെന്ന കോടതി ശാസനത്തിന് മുന്നിലും ആദ്യം ഭാര്യ റാബ്റി ദേവിയും പിന്നാലെ മക്കളായ തേജസ്വി യാദവിനെയും മിസഭാരതിയെയുമെല്ലാം ഇറക്കിക്കളിക്കാനുള്ള മറുതന്ത്രം ലാലു പയറ്റുന്നത്.
കൂസലില്ലാത്ത പ്രകൃതം. 29 വർഷങ്ങൾക്ക് മുമ്പ് സർവപ്രതാപിയായിരുന്ന എൽ.െക. അദ്വാനിയുടെ രഥയാത്ര തടഞ്ഞാണ് മതേതര മനസ്സുകളിൽ സ്ഥിരപ്രതിഷ്ഠ നേടുന്നത്. അവിടുന്നിങ്ങോട്ട് നെട്ടല്ലുള്ള നിലപാടാണ് മുറുക്കിപ്പിടിച്ചത്. യാദവ-മുസ്ലിം-ദലിത് വോട്ടുബാങ്കുകളുടെ പിൻബലത്തിൽ ലാലുവിെൻറ റാന്തൽ വിളക്ക് കത്തിജ്വലിപ്പിക്കാനുള്ള അണിയറ ഒരുക്കങ്ങളാണ് ബിഹാറിൽ നടക്കുന്നത്.
40 ലോക്സഭാ സീറ്റുകളിൽ പരമാവധി നേടിയെടുക്കുക, മോദി-ഷാ പ്രഭൃതികളുടെ മേൽക്കോയ്മ അവസാനിപ്പിക്കുക എന്നിവയാണ് മഹാസഖ്യത്തിലൂടെ ഇൗ രാഷ്ട്രീയ ചാണക്യൻ ലക്ഷ്യമിടുന്നത്. കാത്തിരുന്ന് കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.