ആറാംഘട്ട വോട്ടെടുപ്പ് ശനിയാഴ്ച നടക്കുന്നതിനൊപ്പം, ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ പ്രചാരണം അവസാന പാദത്തില്‍. ഒടുവിലത്തെ പോര്‍മുഖമായ വാരാണസിയിലേക്ക് നേതാക്കള്‍ പ്രവഹിക്കുകയാണ്. ആകെയുള്ള മൂന്നു പ്രചാരണ ദിവസങ്ങളില്‍ സ്വന്തം ലോക്സഭാ മണ്ഡലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തമ്പടിക്കുകയാണ്. ബി.ജെ.പിയുടെ മുന്‍നിര നേതാക്കളെല്ലാം വാരാണസിയിലുണ്ട്.
ശനിയാഴ്ച നരേന്ദ്ര മോദിയുടെ പ്രചാരണ യോഗങ്ങള്‍ക്കുപുറമെ, സമാജ്വാദി പാര്‍ട്ടി-കോണ്‍ഗ്രസ് സഖ്യത്തിനുവേണ്ടി മുഖ്യമന്ത്രി അഖിലേഷും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും റോഡ്ഷോ നടത്തും. ബി.എസ്.പി നേതാവ് മായാവതിയും ശനിയാഴ്ച വാരാണസിയിലുണ്ട്. ബി.ജെ.പി പ്രസിഡന്‍റ് അമിത് ഷായും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന കേന്ദ്രമന്ത്രിമാരുടെ സംഘവും ഇതിനകം വാരാണസിയിലുണ്ട്.
കാശി വിശ്വനാഥ, കാലഭൈരവ ക്ഷേത്രദര്‍ശനങ്ങള്‍, കാശി വിദ്യാപീഠ് സര്‍വകലാശാല പരിസരത്ത് പ്രചാരണപ്രസംഗം എന്നിവയാണ് മോദിയുടെ ശനിയാഴ്ചത്തെ പരിപാടികള്‍. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലും മോദി വാരാണസിയിലുണ്ട്. മുന്‍ പ്രധാനമന്ത്രി ലാല്‍ബഹാദൂര്‍ ശാസ്ത്രി കുട്ടിക്കാലം ചെലവിട്ട രാംനഗറും ഇക്കൂട്ടത്തില്‍ സന്ദര്‍ശിക്കും. തിങ്കളാഴ്ചയാണ് പ്രചാരണം അവസാനിക്കുന്നത്.
പ്രധാനമന്ത്രിയുടെ ലോക്സഭാ മണ്ഡലത്തിലെ അഞ്ചു നിയമസഭാ സീറ്റിലും കാറ്റ് ബി.ജെ.പിക്കെതിരാണ്. 2012ലെ തെരഞ്ഞെടുപ്പില്‍ അഞ്ചില്‍ മൂന്നും പിടിച്ചത് ബി.ജെ.പിയാണെങ്കിലും മൂന്നിടത്ത് എതിരാളിയെ പരാജയപ്പെടുത്താമെന്നാണ് എസ്.പി-കോണ്‍ഗ്രസ് സഖ്യത്തിന്‍െറ പ്രതീക്ഷ. ബി.ജെ.പിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കിട്ടിയതിലേറെ വോട്ടുകള്‍ എസ്.പി, കോണ്‍ഗ്രസ് വോട്ട് ചേര്‍ത്തുവെച്ചാല്‍ കിട്ടും. നോട്ട് അസാധുവാക്കിയതുവഴി സില്‍ക്ക് വ്യവസായം പ്രതിസന്ധി നേരിടുന്നതും ബി.ജെ.പിക്ക് തിരിച്ചടിയാവുമെന്നാണ് കണക്കു കൂട്ടുന്നത്.
വാരാണസിയില്‍ മോദിയുടെ സന്ദര്‍ശനപരിപാടി കണക്കിലെടുത്ത് രാഹുല്‍-അഖിലേഷ് റോഡ്ഷോ രണ്ടുവട്ടം മാറ്റിവെക്കേണ്ടി വന്നിരുന്നു. ഇക്കുറി ആരുടെയും പരിപാടികളില്‍ മാറ്റമില്ലാത്തത് ഗതാഗതക്കുരുക്കേറിയ നഗരത്തെ ശ്വാസംമുട്ടിക്കും. വര്‍ഗീയ ധ്രുവീകരണത്തിനുവേണ്ടി അവസാനഘട്ടങ്ങളില്‍ പ്രധാനമന്ത്രി അടക്കമുള്ളവരുടെ നേതൃത്വത്തില്‍ ബി.ജെ.പി തീവ്രശ്രമം നടത്തിയിരുന്നു.
വാരാണസിയിലെ പ്രചാരണത്തിലും ഹിന്ദുത്വം മുതലാക്കാനുള്ള ശ്രമങ്ങളിലാണ് ബി.ജെ.പി. ക്ഷേത്രസന്ദര്‍ശനം അടക്കമുള്ള മോദിയുടെ പരിപാടികളില്‍ ഇത് വ്യക്തമാണ്. ബി.എസ്.പിക്ക് അനുകൂലമായി നില്‍ക്കുന്ന പരമാവധി വോട്ടുകള്‍ ബി.ജെ.പിയിലേക്ക് വലിച്ചടുപ്പിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. ശനിയാഴ്ച 49 സീറ്റിലും ബുധനാഴ്ച 40 സീറ്റിലുമാണ് വോട്ടെടുപ്പ്. ഗോരഖ്പുര്‍, അഅ്സംഗഢ്, നിസാമാബാദ്, മാവു, മഹാരാജ്ഗഞ്ച്, റാംപുര്‍, ഘോസി, കുശിനഗര്‍ തുടങ്ങിയ മണ്ഡലങ്ങളില്‍ ശനിയാഴ്ചയാണ് വോട്ടെടുപ്പ്. അവസാനഘട്ട വോട്ടെടുപ്പു നടക്കുന്ന മണ്ഡലങ്ങളില്‍ വാരാണസി, മിര്‍സാപുര്‍, മുഗള്‍സരായ്, ഗാസിപ്പുര്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു. വോട്ടെണ്ണല്‍ 11ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.