കൊടുംതണുപ്പാണ്. താപനില 10 ഡിഗ്രിക്കും താഴെ. കനത്ത മൂടല്‍മഞ്ഞില്‍ രാവിലെയും വൈകീട്ടും കാഴ്ച ഏതാനും മീറ്ററുകള്‍ മാത്രം. നിയമസഭ തെരഞ്ഞെടുപ്പിനുള്ള അങ്കത്തട്ടിലും ചിത്രം വ്യക്തമല്ല. അതുകൊണ്ടാകാം കാലുമാറ്റക്കാരുടെ സ്വന്തം നാടായി മാറിയിരിക്കുന്നു പഞ്ചാബ്. കഴിഞ്ഞ 10 ദിവസത്തെ കണക്കെടുത്താല്‍ അറിയപ്പെടുന്ന നേതാക്കളില്‍ രണ്ട് ഡസനിലേറെ പേരാണ് പാര്‍ട്ടികള്‍ മാറിയത്.സംസ്ഥാനം ആദ്യമായി നേരിടുന്ന ത്രികോണ മത്സരത്തില്‍ ആരു പച്ചതൊടുമെന്ന പ്രവചനം അസാധ്യം.
10 വര്‍ഷമായി ഭരിക്കുന്ന അകാലിദള്‍ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിനെതിരെ ഭരണവിരുദ്ധ വികാരം ശക്തമാണ്. അത് കോണ്‍ഗ്രസിന് തുണയാകുമോ? മൂന്നാം ബദലായി ഉയര്‍ന്നുവരുന്ന ആം ആദ്മി പാര്‍ട്ടി തൂത്തുവാരുമോ? ഭരണവിരുദ്ധ വോട്ടുകള്‍ ഭിന്നിച്ച് അകാലിദള്‍- ബി.ജെ.പി സഖ്യം കടന്നുകൂടുമോ? ചണ്ഡിഗഢില്‍ കോണ്‍ഗ്രസ്, അകാലിദള്‍, ആം ആദ്മി പാര്‍ട്ടി ഓഫിസുകളില്‍ കണ്ട നേതാക്കള്‍ ഒരേ സ്വരത്തില്‍ സ്വകാര്യം പറഞ്ഞു. ഒന്നും ഉറപ്പിച്ചുപറയാനാകുന്നില്ല. കോണ്‍ഗ്രസില്‍നിന്ന് അകാലിദളിലേക്ക്, അവിടെനിന്ന് ബി.ജെ.പിയിലേക്ക്. ആം ആദ്മിയില്‍നിന്നും അകാലിദളില്‍നിന്നും കോണ്‍ഗ്രസിലേക്ക്. അങ്ങനെ ദിവസവും നേതാക്കള്‍ വരുന്നു, പോകുന്നു.
കോണ്‍ഗ്രസില്‍നിന്ന് എത്ര പ്രമുഖര്‍ പോയി, എത്ര പ്രമുഖര്‍ വന്നുവെന്ന് ചോദിച്ചപ്പോള്‍ ഉത്തരം എളുപ്പമല്ളെന്നാണ് കാമ്പയിന്‍ കമ്മിറ്റിയുടെ ചുമതല വഹിക്കുന്ന രാജ്പാല്‍ സിങ് പറഞ്ഞത്. മറ്റു പാര്‍ട്ടികളുടെ നില അതുതന്നെ.പേരും പെരുമയുമുള്ള നേതാക്കളാണ് ഇങ്ങനെ രായ്ക്കുരാമാനം കളം മാറുന്നത്. കാലുമാറിയവര്‍ അടുത്ത ദിവസം ‘ഘര്‍ വാപസി’ നടത്തുന്നതും കുറവല്ല. പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ബിയാന്ത് സിങ്ങിന്‍െറ മകള്‍ ഗുര്‍കന്‍വാള്‍ കൗര്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത് തിങ്കളാഴ്ചയാണ്.
ചൊവ്വാഴ്ച കോണ്‍ഗ്രസിലേക്ക് മടങ്ങി. ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലത്തെിയ മുന്‍ ക്രിക്കറ്റ് താരം നവജ്യോത് സിങ് സിദ്ദുവാണ് കാലുമാറ്റക്കാരിലെ താരം. ആദ്യം ആം ആദ്മിയുമായും കോണ്‍ഗ്രസുമായും മാസങ്ങള്‍ നീണ്ട വിലപേശലിനൊടുവിലാണ് സിദ്ദു ഭാര്യ നവജ്യോത് കൗറുമൊത്ത് കോണ്‍ഗ്രസിലത്തെിയത്. ഭരണം കിട്ടിയാല്‍ ഉപമുഖ്യമന്ത്രിയാക്കുമെന്ന ഉറപ്പിലാണിതെന്നാണ് അണിയറയില്‍ കേള്‍ക്കുന്ന സംസാരം.
മുന്‍ ഹോക്കി ക്യാപ്റ്റന്‍ പര്‍ഗത് സിങ് അകാലിദള്‍ വിട്ട് കോണ്‍ഗ്രസിലത്തെിയപ്പോള്‍ ആം ആദ്മിയുടെ സീനിയര്‍ നേതാവ് ജ്യോതിമന്‍ അകാലിദളിലേക്കാണ് ചാടിയത്. ആം ആദ്മി നേതാവ് ദല്‍ജിത് സിങ് കോണ്‍ഗ്രസിലേക്കാണ് ചേക്കേറിയത്.
അതേസമയം, മുന്‍ മുഖ്യമന്ത്രി സുര്‍ജിത് സിങ് ബര്‍ണാലയുടെ മകന്‍ ജസ്ജിത് സിങ് അകാലിദള്‍ വിട്ട് ആം ആദ്മിയില്‍ ചേര്‍ന്നു. ത്രികോണ മത്സരത്തില്‍ അല്‍പം മുന്‍തൂക്കം കല്‍പിക്കപ്പെടുന്ന കോണ്‍ഗ്രസിലേക്കാണ് ഒഴുക്ക് കൂടുതല്‍.
നാമനിര്‍ദേശ പത്രിക സമര്‍പ്പണം വ്യാഴാഴ്ച സമാപിക്കും. അമൃത്സര്‍ ഈസ്റ്റ് മണ്ഡലത്തില്‍നിന്ന് മത്സരിക്കുന്ന സിദ്ദു പത്രിക സമര്‍പ്പിച്ചു. മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിനെതിരെ കോണ്‍ഗ്രസിന്‍െറ മുഖ്യമന്ത്രി സ്ഥാനാര്‍ഥി അമരീന്ദര്‍ ചൊവ്വാഴ്ച പത്രിക നല്‍കി. ഇതോടെ ബാദലിന്‍െറ തട്ടകമായ ലംബി മണ്ഡലത്തില്‍ ‘ഹൈ വോള്‍ട്ടേജ്’ മത്സരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.