അമ്പലപ്പുഴ: ഉമ്മൻ ചാണ്ടി സർക്കാർ തോട്ടപ്പള്ളിയിൽ കരിമണൽ ഖനനം നടത്തുന്നതിന് അനുമതി നൽകിയപ്പോൾ അമ്പലപ്പുഴ എം.എൽ.എ ആയിരുന്ന ജി. സുധാകരൻ എടുത്ത നിലപാട് വിവാദമാകുന്നു. സ്പിൽവേ പ്രദേശങ്ങളിൽനിന്ന് ധാതുമണൽ ഖനനം ചെയ്യുന്നതിന് ചവറ ഐ.ആർ.ഇ ക്ക് ഉമ്മൻ ചാണ്ടി സർക്കാർ നൽകിയ ഉത്തരവ് റദ്ദാക്കണമെന്ന് 2012 ജൂൺ 15ന് സുധാകരൻ ആവശ്യപ്പെട്ടിരുന്നു.
ഇടതു സർക്കാർ പൊഴിമുഖത്ത് കരിമണൽ ഖനനം ആരംഭിച്ചപ്പോൾ സുധാകരൻ മൗനം പാലിക്കുന്നതാണ് ഘടകകക്ഷികൾതന്നെ വിവാദമാക്കാനൊരുങ്ങുന്നത്. പ്രതിഷേധം മറികടന്ന് ഖനനവുമായി മുന്നോട്ടു പോകുകയാണെങ്കിൽ ജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭമാരംഭിക്കുമെന്നാണ് സുധാകരൻ 2012ൽ പറഞ്ഞിരുന്നത്. ജനപ്രതിനിധികളോട് ചർച്ച ചെയ്യാതെ ഉദ്യോഗസ്ഥർ ഉത്തരവിറക്കിയത് സംബന്ധിച്ച് അന്വേഷിക്കണമെന്നും അന്ന് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, ഇത്തവണയും ഒരു കൂടിയാലോചന പോലുമില്ലാതെയാണ് സർക്കാർ കാറ്റാടിമരം മുറിച്ചതും പൊഴിയിൽ ഖനനം ആരംഭിച്ചതും. തോട്ടപ്പള്ളി സ്പിൽവേ പൊഴി മുഖത്ത് വീതി കൂട്ടുന്നതിെൻറ ഭാഗമായി ഖനനം നടത്താൻ മന്ത്രിസഭ അനുമതിയുണ്ടെന്ന വാദമാണ് ഇടതുകേന്ദ്രങ്ങൾ ഉയർത്തുന്നത്. എന്നാൽ, 2012ൽ പ്രതിഷേധം ഉന്നയിച്ച സുധാകരൻ മന്ത്രിസഭ ഇതിന് അംഗീകാരം നൽകിയപ്പോൾ മൗനം പാലിച്ചെന്ന ആക്ഷേപം ശക്തമായിരിക്കുകയാണ്.
ഒരു പഠനവും നടത്താതെയാണ് ഇത്തവണയും ഖനനാനുമതി നൽകിയിരിക്കുന്നത്. 2012നേക്കാൾ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നമാണ് തോട്ടപ്പള്ളിയിൽ ഇന്നുള്ളത്. എന്നാൽ, ഇത് കണ്ടില്ലെന്ന് നടിച്ച് മുൻ നിലപാട് മാറ്റിയ സുധാകരെൻറ നിലപാട് ജനം തിരിച്ചറിഞ്ഞുവെന്നാണ് സമരസമിതി ആരോപിച്ചിരിക്കുന്നത്.
ഖനനത്തിനെതിരെ ഇടതുമുന്നണിയിലെ ഘടകകക്ഷികളായ സി.പി.ഐ, ജലവിഭവ വകുപ്പ് കൈകാര്യം ചെയ്യുന്ന ജനതാദൾ എന്നിവരടക്കം രംഗത്തെത്തിയിട്ടും മന്ത്രി സുധാകരൻ ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കാത്തത് ദുരൂഹതയുയർത്തിയിരിക്കുകയാണ്.
മന്ത്രി തീരദേശവാസികളെ വഞ്ചിച്ചെന്ന്
പുന്നപ്ര: തോട്ടപ്പള്ളിയിലെ കരിമണൽ ഖനനത്തിനെതിരായ തീരദേശ വാസികളുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് പുന്നപ്ര കിഴക്ക് മണ്ഡലം കമ്മിറ്റി സമര സായാഹ്നം സംഘടിപ്പിച്ചു. തീരദേശവാസികളെ വഞ്ചിക്കുന്ന നിലപാടാണ് മന്ത്രി ജി. സുധാകരേൻറതെന്ന് സമരം അഭിപ്രായപ്പെട്ടു.
അമ്പലപ്പുഴ എം.എൽ.എ. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് എസ്. പ്രഭുകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഹസൻ എം. പൈങ്ങാമഠം അധ്യക്ഷത വഹിച്ചു. ആർ. ശെൽവരാജൻ, കെ.എച്ച് അഹമ്മദ്, മൈക്കിൾ പി. ജോൺ, സലിം പുന്നപ്ര, സമീർ പാലമൂട്, സുലൈമാൻ കുഞ്ഞ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.