ചെന്നൈ: ലോക്സഭ തെരഞ്ഞെടുപ്പിൽ, നടൻ കമൽഹാസൻ നയിക്കുന്ന 'മക്കൾ നീതിമയ്യം' ഡി.എം.കെ മുന്നണിയിൽ ചേർന്നേക്കുമെന്ന് അഭ്യൂഹം. ചെന്നൈയിലെ സ്വകാര്യ ഹോട്ടലിൽ പാർട്ടിയുടെ സംസ്ഥാന -ജില്ല ഭാരവാഹികളുടെ യോഗത്തിലാണ് കമൽഹാസൻ ഇതുസംബന്ധിച്ച സൂചന നൽകിയത്.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലും 2021ലെ നിയമസഭ തെരഞ്ഞെടുപ്പിലും പാർട്ടി തനിച്ച് മത്സരിച്ച് വൻ പരാജയം ഏറ്റുവാങ്ങിയ സാഹചര്യത്തിൽ 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഏതെങ്കിലും പ്രധാന മുന്നണിയോടൊപ്പം ചേരണമെന്ന് പ്രതിനിധികൾ അഭിപ്രായപ്പെട്ടു. ഇതിന് മറുപടിയായി, സഖ്യത്തെക്കുറിച്ച് ആലോചിച്ച് ആരും വിഷമിക്കേണ്ടതില്ലെന്നും അത് താൻ നോക്കിക്കൊള്ളാമെന്നും കമൽഹാസൻ മറുപടി നൽകി.
പാർട്ടി ഭാരവാഹികളും പ്രവർത്തകരും ജനങ്ങളുടെ അംഗീകാരം പിടിച്ചുപറ്റുന്ന നിലയിലുള്ള പ്രവർത്തനം നടത്തണം. പ്രാദേശിക പ്രശ്നങ്ങളേറ്റെടുത്ത് അവ പരിഹരിക്കാനുള്ള ശ്രമങ്ങളിലേർപ്പെടണം. ഗ്രാമങ്ങൾ മുതൽ നഗരങ്ങൾ വരെ പാർട്ടിയെ ശക്തിപ്പെടുത്തിയാൽ മാത്രമേ നമുക്ക് വിജയിക്കാനാകൂ. പാർട്ടി പ്രവർത്തനങ്ങളുമായി മുന്നോട്ടുപോവുക. സഖ്യമുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ തനിക്ക് വിടുക- കമൽഹാസൻ വ്യക്തമാക്കി.
2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മിക്ക മണ്ഡലങ്ങളിലും മക്കൾ നീതിമയ്യം ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചത്. കോയമ്പത്തൂർ സൗത്ത് നിയമസഭ മണ്ഡലത്തിൽ കുറഞ്ഞ വോട്ടുകളുടെ വ്യത്യാസത്തിനാണ് ബി.ജെ.പിയിലെ വാനതി ശ്രീനിവാസനോട് കമൽഹാസൻ പരാജയപ്പെട്ടത്.
ഈയിടെയായി സ്റ്റാലിൻ കുടുംബവുമായി കമൽഹാസൻ ഏറെ അടുപ്പത്തിലാണ്. സിനിമ മേഖലയിൽ ഉദയ്നിധി സ്റ്റാലിനുമായി കമൽഹാസൻ സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. ഡി.എം.കെ സഖ്യത്തിൽ ചേരാൻ അണിയറ ചർച്ചകൾ പുരോഗമിക്കുന്നതായും റിപ്പോർട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂർ മണ്ഡലത്തിൽ കമൽഹാസൻ സ്ഥാനാർഥിയാവുമെന്നും സൂചനയുണ്ട്. കമൽഹാസന്‍റെ സാന്നിധ്യം ഡി.എം.കെ സഖ്യത്തിന് ഗുണകരമാവുമെന്നും വിലയിരുത്തലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.