ബി.എസ്.പി സ്വാധീനം ക്ഷയിച്ച ചമ്പൽ മേഖലയിൽനിന്ന് ബുന്ദേൽഖണ്ഡിലെത്തുമ്പോൾ മധ്യപ് രദേശ് നിയമസഭയിൽ തിരിച്ചെത്താൻ ശക്തമായ മത്സരം കാഴ്ചവെക്കുന്ന സമാജ് വാദി പാർട്ടിയെയാണ് കാണുന്നത്. 2008ൽ എസ്.പി ജയിച്ച ഝാൻസിയോട് ചേർന്നുകിടക്കുന്ന നിവാഡി മണ്ഡലത്തിൽ കഴിഞ്ഞ തവണ തോറ്റ മീര യാദവ്, സിറ്റിങ് എം.പി അനിൽ ജെയിനുമായി കടുത്ത മത്സരമാണ് നേരിടുന്നത്. ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടിയുടെ മുതിർന്ന നേതാവായ ദീപ് നാരായൺ യാദവ് അയൽസംസ്ഥാനമായ മധ്യപ്രദേശിൽ ഇറങ്ങിക്കളിച്ച രാഷ്ട്രീയം 2008ൽ വിജയത്തിലെത്തിയെങ്കിലും തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ അനിൽ ജെയിനിനോട് പരാജയപ്പെടുകയായിരുന്നു.
ആ പരാജയത്തിന് പ്രതികാരംചെയ്യാൻ സർവ സന്നാഹങ്ങളുമൊരുക്കി ഭാര്യ മീര യാദവുമായി ഇക്കുറി ഇറങ്ങിയ ദീപ് നാരായണനെ പിടിച്ചുകെട്ടാൻ ഏതറ്റംവരെയും പോകാൻ ബി.ജെ.പിയും ഉറച്ചു. പൊടിപാറിയ മത്സരത്തിൽ നവാഡിയിൽ ഫലത്തിൽ കോൺഗ്രസ് ചിത്രത്തിലില്ലാതായിരിക്കുന്നു. ജയിക്കുമെന്ന തോന്നൽ തുടക്കത്തിലേ ഉണ്ടാക്കിയതോടെ കർക്കശമായ പൊലീസ് നിരീക്ഷണത്തിന് വിധേയയാണ് മീര യാദവ്. അവരുടെ പ്രചാരണ റാലിക്കു വന്ന 300ഒാളം എസ്.യു.വികൾ അനുമതി വാങ്ങിയില്ലെന്ന കാരണം പറഞ്ഞ് പൊലീസ് പിടിച്ചിട്ടിരിക്കുകയാണ്. 3000 രൂപ ദിവസവാടകക്കെടുത്ത മുന്നൂറോളം വാഹനങ്ങൾ തെരഞ്ഞെടുപ്പ് കഴിഞ്ഞേ ഇനി വിട്ടുകൊടുക്കൂ എന്നാണ് പൊലീസ് അറിയിച്ചത്.മോദിയുടെയും രാഹുലിെൻറയും എല്ലാ റാലികൾക്കും നൂറു കണക്കിന് വാഹനങ്ങൾ ഇതേ തരത്തിൽ വരുന്നത് പതിവു കാഴ്ചയായ മധ്യപ്രദേശിൽ എസ്.പി റാലിക്കു വന്ന വാഹനങ്ങൾ ഒന്നടങ്കം പിടിച്ചിട്ടത് കൗതുകക്കാഴ്ചയായി. പുതുതായുണ്ടാക്കിയ നിവാഡി ജില്ലയിലെ പൃഥ്വിപൂരിലും ശക്തമായ മത്സരമാണ് സമാജ് വാദി പാർട്ടി കാഴ്ചവെക്കുന്നത്.
തങ്ങൾ പാടുപെട്ട് ജയിപ്പിച്ച് എം.എൽ.എയാക്കിയ നേതാവ് ബി.ജെ.പിയിൽ പോകുകയും പകരംവെക്കാൻ ഒരു നേതാവില്ലാതാകുകയും ചെയ്തപ്പോൾ സ്വന്തം സിറ്റിങ് സീറ്റ് ശരദ് യാദവിെൻറ ലോക് താന്ത്രിക് ജനതാദളിന് കോൺഗ്രസ് വെച്ചുനീട്ടിയതുമാണ് ബുന്ദേൽഖണ്ഡിലെ ഏറ്റവും കൗതുകകരമായ കാഴ്ച. വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ ഉണ്ടാക്കാനുള്ള വിശാല മതേതരസഖ്യത്തിെൻറ മധ്യപ്രദേശിലെ പരീക്ഷണശാലയെന്നൊക്കെ വിശേഷിപ്പിച്ച് കോൺഗ്രസ് മധ്യപ്രദേശിലെ ഏക സഖ്യകക്ഷിക്ക് നൽകിയ ഏക സീറ്റായ ജതാറയിൽ ചെന്നപ്പോഴാണ് അതിനു പിന്നിലെ തമാശ അറിയുന്നത്. ബി.ജെ.പിയിൽനിന്ന് തെറ്റി ഉമാഭാരതിയുണ്ടാക്കിയ പാർട്ടിയിൽ പ്രവർത്തിച്ച ദിനേശ് അഹിർവാർ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കോൺഗ്രസിലേക്ക് വന്നത്. കോൺഗ്രസുകാർ ജയിപ്പിച്ച് ആറു മാസം കഴിഞ്ഞില്ല.
അഹിർവാർ ബി.ജെ.പിയിലേക്കു പോയി. ലോക്സഭ സീറ്റ് കിട്ടുമെന്നായിരുന്നു കരുതിയത്. അത് കിട്ടിയില്ലെങ്കിലും ബി.ജെ.പി എം.എൽ.എയായി തുടരാമെന്ന പ്രതീക്ഷയിൽ അവിടെതന്നെ നിന്നു. എന്നാൽ, നിയമസഭ തെരഞ്ഞെടുപ്പ് വന്നപ്പോൾ ബി.ജെ.പി കഴിഞ്ഞ തവണ കോൺഗ്രസായിരുന്ന അഹിർവാറിനോട് തോറ്റ ബി.ജെ.പി സ്ഥാനാർഥിയെ ഇപ്രാവശ്യവും നിലനിർത്തി. നാണമില്ലാതെ വീണ്ടും കോൺഗ്രസിലേക്ക് തിരിച്ചുവന്ന് സീറ്റ് ചോദിക്കാനും അഹിർവാർ മടിച്ചില്ല. ഈ സംവരണ മണ്ഡലത്തിൽ സ്ഥാനാർഥിയായി നിർത്താൻ നേതാവില്ലാതായ കോൺഗ്രസ് അപ്പോഴേക്കും ആ സീറ്റ് ലോക് താന്ത്രിക് ജനതാദളിന് കൊടുത്ത് ഒരു സീറ്റും ഒരു പാർട്ടിയുംകൊണ്ടൊരു മുന്നണിയുണ്ടാക്കിയിരുന്നു. അതാണ് സിറ്റിങ് സീറ്റ് ലോക് താന്ത്രിക് ജനതാദളിന് കൊടുത്ത കോൺഗ്രസ് വിശാലതക്കു പിന്നിലെ യാഥാർഥ്യം. സാഗർ, ചത്തർപുർ, ടികംഗഢ്, പന്ന എന്നീ ജില്ലകൾകൂടി അടങ്ങുന്ന മധ്യപ്രദേശിലെ ബുന്ദേൽഖണ്ഡ് മേഖലയിലെ രണ്ടു ഡസനോളം സീറ്റുകളിൽ പേരിന് ബി.എസ്.പിയും ഇറങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.