മേജർ രവി, സി. രഘുനാഥ് 

മേജർ രവി ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ; സി. രഘുനാഥ് ദേശീയ കൗൺസിലിൽ

തിരുവനന്തപുരം: സംവിധായകനും നടനുമായ മേജർ രവിയെ ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷനായി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നാമനിർദേശം ചെയ്തു. കോൺഗ്രസിൽ നിന്ന് രാജിവെച്ച് ബി.ജെ.പിയിൽ ചേർന്ന സി. രഘുനാഥിനെ ദേശീയ കൗൺസിലിലേക്കും നാമനിർദേശം ചെയ്തു.

സി. രഘുനാഥും മേജർ രവിയും കഴിഞ്ഞ ദിവസം ന്യൂഡൽഹിൽ വച്ചാണ് ബി.ജെ.പിയിൽ ചേർന്നത്. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയാണ് ഇരുവർക്കും അംഗത്വം നൽകിയത്.

കണ്ണൂർ ഡി.സി.സി മുൻ സെക്രട്ടറിയായിരുന്നു സി. രഘുനാഥ്. ധർമടം മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിച്ച രഘുനാഥ് കോൺഗ്രസ് നേതൃത്വത്തിന്‍റെ ഭാഗത്തുനിന്ന് അവഗണന നേരിടേണ്ടിവന്നുവെന്ന് ചൂണ്ടിക്കാട്ടി ഈ മാസം ആദ്യം പാർട്ടി വിട്ടിരുന്നു. തുടർന്നാണ് ബി.ജെ.പിയിൽ ചേർന്നത്.

ഈ മാസം ആദ്യം നടന്‍ ദേവനെ ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിനിമ രംഗത്തുനിന്നെത്തിയ മേജർ രവിയെയും ഉപാധ്യക്ഷനാക്കുന്നത്. നേരത്തെ, കേരള പീപ്പിള്‍സ് പാര്‍ട്ടി എന്ന പേരില്‍ പാര്‍ട്ടി രൂപീകരിച്ച ദേവന്‍ പിന്നീട് ഇതിനെ ബി.ജെ.പിയില്‍ ലയിപ്പിക്കുകയായിരുന്നു.

Tags:    
News Summary - Major Ravi appointed as Kerala BJP vice president

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.