കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി ഉൾപ്പെടെയുള്ള ഇൻഡ്യ സഖ്യത്തിലെ ഏത് മുതിർന്ന നേതാവും സഖ്യത്തെ നയിക്കുന്നതിൽ തനിക്ക് എതിർപ്പില്ലെന്ന് ആർ.ജെ.ഡി നേതാവും ബിഹാർ മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. എന്നാൽ സമവായത്തിലൂടെ തീരുമാനത്തിലെത്തണമെന്നും ബിഹാറിന്‍റെ പ്രതിപക്ഷ നേതാവ് കൂടിയായ അദ്ദേഹം പറഞ്ഞു.
"ഇൻഡ്യ സഖ്യം ഈ വിഷയത്തിൽ ചർച്ച നടത്തിയിട്ടില്ല. എല്ലാ പങ്കാളികളെയും ഉൾപ്പെടുത്തി ചർച്ച നടത്തേണ്ടതുണ്ട്. മമത ബാനർജി സഖ്യത്തെ നയിക്കുന്നതിൽ ഞങ്ങൾക്ക് പ്രശ്‌നമൊന്നുമില്ല. എന്നാൽ ബി.ജെ.പി വിരുദ്ധ ഇൻഡ്യ സഖ്യത്തിൽ നിരവധി മുതിർന്ന രാഷ്ട്രീയക്കാർ ഉണ്ടെന്നത് കണക്കിലെടുത്ത് ഒരു നേതാവിനെ തെരഞ്ഞെടുക്കുന്നതിൽ ഒരുമിച്ച് ഇരുന്ന് കൂട്ടായ തീരുമാനം എടുക്കേണ്ടതുണ്ട്” -അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇൻഡ്യ സഖ്യത്തിന്‍റെ നേതൃസ്ഥാനം ഏറ്റെടുക്കുമോ എന്ന മാധ്യപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു തേജസ്വി യാദവ്.
അവസരം ലഭിച്ചാൽ സഖ്യത്തിന്‍റെ ചുമതല ഏറ്റെടുക്കാനുള്ള തന്റെ താൽപര്യം മമത സൂചിച്ചിരുന്നു. ബംഗാൾ മുഖ്യമന്ത്രിയായി തുടരുമ്പോൾ തന്നെ പ്രതിപക്ഷ മുന്നണിയുടെ ഉത്തരവാദിത്തം തനിക്ക് കൈകാര്യം ചെയ്യാൻ കഴിയുമെന്ന് മമത കഴിഞ്ഞ ദിവസം പറഞ്ഞു. സഖ്യത്തിന്‍റെ പ്രവർത്തനത്തിൽ അതൃപ്തി പ്രകടിപ്പിച്ചായിരുന്നു മമതയുടെ പരാമർശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.