ന്യൂഡൽഹി: 2019ലെ പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി ബി.ജെ.പിക്കെതിരെ പ്രതിപക്ഷ പാർട്ടികളുടെ െഎക്യനിര കെട്ടിപ്പടുക്കാൻ തൃണമൂൽ കോൺഗ്രസ് മുൻകൈയെടുക്കുമെന്ന അഭ്യൂഹങ്ങൾക്ക് ശക്തിപകർന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രതിപക്ഷ നേതാക്കളുമായി ചർച്ച നടത്തി. ഇതിെൻറ തുടർച്ചയായി വിമത ബി.ജെ.പി നേതാക്കളെ കാണുമെന്നും അവർ അറിയിച്ചു. മായാവതിയെയും അഖിലേഷ് യാദവിനെയും കാണാനുള്ള സന്നദ്ധതയും അവർ പ്രകടിപ്പിച്ചു. മമതയുടെ നീക്കങ്ങളെ സശ്രദ്ധം വീക്ഷിക്കുന്ന ബി.ജെ.പി ഡൽഹി സന്ദർശനത്തെ പരിഹസിച്ചു.
ചൊവ്വാഴ്ച മമത എൻ.സി.പി നേതാവ് ശരദ് പവാറിനെയും ബി.ജെ.പിയുമായി പിണങ്ങിനിൽക്കുന്ന ശിവസേനയുടെ സഞ്ജയ് റാവത്തിനെയും കണ്ടു. പാർലമെൻറ് മന്ദിരത്തിലെത്തി 14 പ്രതിപക്ഷ നേതാക്കളെയും അവർ കണ്ടു. ബി.ജെ.പിയുടെ തുടർ വിജയങ്ങൾ അവസാനിപ്പിക്കാൻ പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ചുനിൽക്കണമെന്ന്പവാറുമായുള്ള ചർച്ചക്കുശേഷം മമത ആവശ്യപ്പെട്ടു.
‘ഞാൻ എല്ലാ സംസ്ഥാനങ്ങളും സന്ദർശിച്ചതാണ്. എനിക്ക് ജനങ്ങളുടെ മനസ്സിലിരിപ്പ് അറിയാം. ജനങ്ങൾ ബി.ജെ.പിക്ക് എതിരാണ്. ബി.ജെ.പി കെട്ടുംകെട്ടി പോകേണ്ട സമയമായി. ബി.ജെ.പിക്കെതിരെ ഒാരോ സംസ്ഥാനങ്ങളിലും ഏറ്റവും ശക്തമായ പ്രതിപക്ഷ പാർട്ടിയെ നിർത്തണം. അങ്ങനെ നേർക്കുനേരെയുള്ള മത്സരമായിരിക്കണം നടക്കേണ്ടത്’ -അവർ പറഞ്ഞു. തങ്ങളുടെ എം.പിമാർ വോട്ട് ചെയ്യില്ലെന്ന് ഭയന്നായിരിക്കും അവിശ്വാസ പ്രമേയം പരിഗണിക്കാൻ സർക്കാർ തയാറാവാത്തതെന്നും മമത കൂട്ടിച്ചേർത്തു. പവാറിെൻറ ക്ഷണമനുസരിച്ചാണ് മമത എത്തിയത്. ടി.ആർ.എസ് എം.പിയും തെലങ്കാന മുഖ്യമന്ത്രിയുടെ മകളുമായ കെ. കവിതയുമായി മമത ചർച്ച നടത്തി.
വിമത ബി.ജെ.പി നേതാക്കളായ ശത്രുഘ്നൻ സിൻഹ, അരുൺ ഷൂരി, യശ്വന്ത് സിൻഹ എന്നിവരുമായി ബുധനാഴ്ച ചർച്ച നടത്തുമെന്നും മമത ബാനർജി വ്യക്തമാക്കി. രോഗമുക്തമായാലുടൻ സോണിയ ഗാന്ധിയെയും കാണും. കാണാൻ തയാറാണെന്ന് അറിയിച്ചാൽ ബഹുജൻ സമാജ്വാദി പാർട്ടി നേതാവ് മായാവതിയെയും സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെയും കാണാൻ ലഖ്നോവിൽ പോകുമെന്നും മമത പറഞ്ഞു. എന്നാൽ, അടുത്ത പ്രധാനമന്ത്രിയാകാനുള്ള ആഗ്രഹം പൂർത്തീകരിക്കാനാണ് മമത ഡൽഹിക്ക് പോയതെന്ന് ബി.ജെ.പി ബംഗാൾ സംസ്ഥാന അധ്യക്ഷൻ ദിലീപ് േഘാഷ് പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.