നിലമ്പൂർ: മാവോവാദി ഉന്മൂലനത്തിനായുള്ള ഭരണകൂടത്തിെൻറ അവസാന പദ്ധതിയാണ് 'ഓപറേഷൻ പ്രഹാർ-3' എന്ന് പുരോഗമന യുവജന പ്രസ്ഥാനം പുറത്തിറക്കിയ ലഘുലേഖ. മാവോവാദി രക്തസാക്ഷി അനുസ്മരണ ദിനത്തോടനുബന്ധിച്ചാണ് ലഘുലേഖയിറക്കിയത്. മാവോവാദികളെ ഉന്മൂലനം ചെയ്യാൻ വിവിധ കാലങ്ങളിൽ നടപ്പാക്കിയ ഗ്രീൻ ഹണ്ട്, സമാധാൻ, ആനക്കൊണ്ട തുടങ്ങിയവക്ക് പിന്നാലെയാണ് ഓപറേഷൻ പ്രഹാർ -3 എന്ന് ഇതിൽ പറയുന്നു. 2016 നവംബർ 24ന് കരുളായി വരയൻമലയിൽ കൊല്ലപ്പെട്ട കുപ്പു ദേവരാജ്, അജിത, 2011 നവംബർ 24ന് ബംഗാളിൽ കൊല്ലപ്പെട്ട കിഷൻജി എന്നിവരുടെ രക്തസാക്ഷി അനുസ്മരണ ഭാഗമായുള്ള ലഘുലേഖയിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരെ ഏറെ വിമർശനമുണ്ട്.
വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ അവസാനിപ്പിക്കുക, ഓപറേഷൻ പ്രഹാർ-3 പിൻവലിക്കുക തുടങ്ങിയവയാണ് തലവാചകങ്ങൾ. സഖാവ് വർഗീസിന് ശേഷം നടന്ന നിലമ്പൂർ വ്യാജ ഏറ്റുമുട്ടൽ കൊലപാതകത്തെ കേരള പൊലീസ് പൊൻതൂവലായി കാണുന്നു. തണ്ടർബോൾട്ട് കൊലയാളി സേനയാണ്. അന്താരാഷ്ട്ര കരാറുകളോ സുപ്രീംകോടതി നിർദേശങ്ങളോ ഒന്നും പാലിക്കപ്പെടാതെയാണ് സേനയുടെ പ്രവർത്തനം. കുപ്പു ദേവരാജ്, അജിത എന്നിവർ മാവോവാദി പ്രസ്ഥാനത്തിലേക്ക് കടന്നുവന്നതിെൻറ വിശദാംശങ്ങളും ലഘുലേഖയിലുണ്ട്.
വരയൻ മലയിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിന് ശേഷവും നിലമ്പൂർ കാട്ടിൽ മാവോവാദി സായുധസംഘത്തിെൻറ സാന്നിധ്യം സജീവമായിരുന്നു. ഇടക്കാലത്ത് രണ്ട് വർഷത്തോളം സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല. എന്നാൽ, വീണ്ടും നിലമ്പൂർ കാടുകളിലെ വിവിധ ആദിവാസി കോളനികളിൽ സായുധസംഘത്തിെൻറ സാന്നിധ്യം ഏറിവരുന്നുണ്ട്. മാവോവാദി-പൊലീസ് ഏറ്റുമുട്ടലിന് അഞ്ചുവർഷം തികയുന്ന ബുധനാഴ്ച പുരോഗമന യുവജന പ്രസ്ഥാനത്തിെൻറ നേതൃത്വത്തിൽ രക്തസാക്ഷി അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. മാവോവാദി ഭീഷണി നിലനിൽക്കുന്ന പൊലീസ് സ്റ്റേഷനുകളിൽ കർശന സുരക്ഷ ഏർപ്പെടുത്തി. സംസ്ഥാനാതിർത്തിയിലും തണ്ടർബോൾട്ട്, നക്സൽ വിരുദ്ധസേന എന്നിവയുടെ നിരീക്ഷണമുണ്ട്.
മാവോവാദി നേതാവിനെ തെളിവെടുപ്പിനെത്തിച്ചു
തലപ്പുഴ (വയനാട്): ഭീകരവിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്ത മാവോവാദി സാവിത്രിയെ തലപ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കമ്പമല ശ്രീലങ്കൻ കോളനി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ തെളിവെടുപ്പിനെത്തിച്ചു.
വനത്തിനുള്ളിൽ ഏഴ് കിലോമീറ്ററോളം ഉൾപ്രദേശത്ത് തെളിവെടുപ്പിെൻറ ഭാഗമായി പരിശോധന നടത്തിയതായും മണ്ണിൽ കുഴിച്ചിട്ടനിലയിൽ വസ്ത്രവും മൊബൈൽ ഫോണും കണ്ടെത്തിയതായും സൂചനയുണ്ട്. ഇവരെ അരീക്കോട്ടേക്ക് കൊണ്ടുപോകുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.