ആറ്റിങ്ങൽ: മാസപ്പടി കേസിൽ എസ്.എഫ്.ഐ.ഒ അന്വേഷണം കഴിയുന്നതോടെ എൽ.ഡി.എഫ്- യു.ഡി.എഫ് നേതാക്കളുടെ അഴിമതികൾ പുറത്ത് വരുമെന്ന് എൻ.ഡി.എ സംസ്ഥാന ചെയർമാൻ കെ. സുരേന്ദ്രൻ. മുഖ്യമന്ത്രിയെയും സി.പി.എമ്മിനെയും പോലെ യു.ഡി.എഫും കേസ് തേച്ച് മായ്ച്ച് കളയാൻ ശ്രമിച്ചുവെന്നും കേരള പദയാത്രയോട് അനുബന്ധിച്ച് ആറ്റിങ്ങലിൽ നടത്തിയ വാർത്താസമ്മേള്ളനത്തിൽ അദ്ദേഹം പറഞ്ഞു.
ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും മാത്രമല്ല വി.ഡി. സതീശനും മാസപ്പടിയിൽ പങ്കാളിയാണോ എന്ന് സംശയമുണ്ട്. ലജ്ജയില്ലാതെ കുത്തക മുതലാളിമാരിൽ നിന്നും മാസപ്പടി വാങ്ങുന്നവരായി കേരളത്തിലെ ഭരണ-പ്രതിപക്ഷ നേതാക്കൾ അധപതിച്ചു. മുഖ്യമന്ത്രിയും കുടുംബവും മാസപ്പടി വാങ്ങുന്നത് കൊണ്ടാണ് സർക്കാർ നികുതി കൃത്യമായി പരിക്കാത്തത്. 25,000 കോടിയുടെ നികുതി കുടിശ്ശിക പിരിക്കാനുണ്ടെന്ന സി.എ.ജി റിപ്പോർട്ട് ഇതിന്റെ ഉദാഹരണമാണ്.
1.72 കോടിയുടെ അല്ല, 96 കോടിയുടെ കണക്കാണ് സി.എം.ആർ.എൽ ആദായനികുതി വകുപ്പിന് നൽകിയത്. രാഷ്ട്രീയ നേതാക്കൾക്കും പൊലീസ് ഉദ്യോഗസ്ഥർക്കും മാദ്ധ്യമങ്ങൾക്കും പണം ലഭിച്ചു. പരിസ്ഥിതി കൊള്ള നടത്താനാണ് ഇവർ കൂട്ടുനിന്നത്. കേരളത്തെ അഴിമതിയിൽ നിന്നും രക്ഷിക്കാൻ മോദിക്ക് മാത്രമേ കഴിയുകയുള്ളൂവെന്ന് ജനങ്ങൾക്ക് ഉറപ്പായി. മാസപ്പടി അഴിമതി ഒത്ത് തീർപ്പാകും എന്നാണ് കോൺഗ്രസ് ആവർത്തിച്ചത്. വിഷയം നിയമസഭയിൽ എത്താതിരിക്കാൻ പ്രതിപക്ഷ നേതാവ് ഒത്തുകളിച്ചു. എസ്.എഫ്.ഐ.ഒ അന്വേഷണം പുറത്തു വരുന്നവരെ കോൺഗ്രസ് മൗനം പാലിച്ചു. എൽ.ഡി.എഫും യു.ഡി.എഫും പരസ്പര ധാരണയിലാണ് പോകുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
എം.വി ഗോവിന്ദൻ പിണറായി വിജയന്റെ അടിമക്കണ്ണായി മാറി. ഇത്രയും ഗതികെട്ട അവസ്ഥ ഒരു സി.പി.എം സെക്രട്ടറിക്കും ഉണ്ടായിട്ടില്ല. പാർട്ടിക്കാരുടെ കുടുംബ സ്വത്ത് ഓഡിറ്റ് വിധേയമാക്കണമെന്ന് പാലക്കാട് പാർട്ടി പ്ലീനത്തിൽ തീരുമാനിച്ചതാണ്. കൊടിയേരിയുടെ വിഷയത്തിൽ ഇല്ലാത്ത തരത്തിൽ പിണറായി വിജയന് വേണ്ടി പിന്തുണ നൽകുന്നത് അഴിമതി പണം പാർട്ടിക്ക് ലഭിക്കുന്നതിനാലാണ്. കരിവന്നൂരിൽ അഴിമതിപ്പണം 32 പാർട്ടി അക്കൗണ്ടിലെക്കാണ് പോയത്.
വീണാ വിജയന്റെ കമ്പനി കള്ളപ്പണം വെളുപ്പിക്കാനുള്ള കള്ള ഷെൽ കമ്പനിയാണ്. കൈകൾ ശുദ്ധമെങ്കിൽ എന്തിന് മുഖ്യമന്ത്രി അന്വേഷണത്തെ ഭയക്കണം? കെ.എസ്.ഐ.ഡി.സി 27 ലക്ഷം വക്കീലിന് നൽകി എന്തിന് സുപ്രീം കോടതയിൽ പോകണം? കൈകൾ ശുദ്ധമാണെന്ന് പറയുന്ന മുഖ്യമന്ത്രിക്ക് മടിയിൽ കനം ഉണ്ട്. അതിനാലാണ് ഇത്രയും പണം നൽകി നിയമ യുദ്ധം നടത്തുന്നത്. ദില്ലിയിലെ കേന്ദ്ര വിരുദ്ധ സമരം നനഞ്ഞ പടക്കമായിരിക്കുമെന്നും എൻ.ഡി.എ ചെയർമാൻ പറഞ്ഞു.
സംസ്ഥാനത്തിൻ്റെ സാമ്പത്തിക ഞെരുക്കത്തിന് കേന്ദ്ര സർക്കാരിനെതിരെ സർക്കാർ നിയമസഭയിൽ പാസാക്കിയ പ്രമേയത്തോട് യു.ഡി.എഫ് ഒത്തുകളിച്ചു. കേന്ദ്രസർക്കാർ കഴിഞ്ഞ 10 വർഷം കൊണ്ട് സംസ്ഥാനത്തിന് നൽകിയ തുകയെ കുറിച്ച് ധവളപത്രം ഇറക്കാൻ ധനമന്ത്രിയോട് ബി.ജെ.പി നിരവധി തവണ ആവശ്യപ്പെട്ടതാണ്. എന്നാൽ അതിന് തയാറാകാതെ ജനങ്ങളെ വിഡ്ഢികളാക്കുകയാണ് സർക്കാരെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡൻറ് എസ്.ആർ.എം അജി, ബി. ജെ.പി നേതാക്കളായ അഡ്വ.എസ്. സുരേഷ്, തോട്ടക്കാട് ശശി, വക്കം അജിത്, മണ്ഡലം പ്രസിഡൻറ് ആറ്റിങ്ങൽ സന്തോഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.